Connect with us

International

ഉത്തര കൊറിയക്കെതിരെ ജപ്പാന്‍ പുതിയ ഉപരോധം ഏര്‍പ്പെടുത്തും

Published

|

Last Updated

ജപ്പാനീസ് ചീഫ് കാബിനറ്റ് സെക്രട്ടറി യോഷിദെ സുഗ

ടോക്കിയോ: ഉത്തര കൊറിയക്ക് എതിരെ പുതിയ ഉപരോധം ഏര്‍പ്പെടുത്തുമെന്ന് ജപ്പാന്‍ പ്രഖ്യാപിച്ചു. അടുത്തിടെ ഉത്തര കൊറിയ നടത്തിയ റോക്കറ്റ് പരീക്ഷണത്തെ തുടര്‍ന്നാണ് പുതിയ ഉപരോധം ഏര്‍പ്പെടുത്തുക. വടക്കന്‍ കൊറിയയുടെ കപ്പലുകള്‍ ജപ്പാന്‍ തീരത്ത് എത്തുന്നത് വിലക്കുക, ഇരു രാജ്യങ്ങള്‍ക്കുമിടയിലെ യാത്രാ നിയന്ത്രണങ്ങള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പുതിയ ഉപരോധത്തില്‍പ്പെടുമെന്ന് ജപ്പാനീസ് ചീഫ് കാബിനറ്റ് സെക്രട്ടറി യോഷിദെ സുഗ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ആണവ പദ്ധതികളും മിസൈല്‍ പദ്ധതികളും നിര്‍ത്തിവെക്കണമെന്ന് നിരന്തരം ആവശ്യപ്പെട്ടിട്ടും ഇതുമായി മുന്നോട്ടുപോകുകയും റോക്കറ്റ് വിക്ഷേപിക്കുകയും ചെയ്തു. ഇത് ജപ്പാനെ നേരിട്ട് ബാധിക്കുന്ന വിഷയമാണ്. ഇപ്പോള്‍ തങ്ങളുടെ ശക്തമായ തീരുമാനം പുറത്തെടുക്കേണ്ട സമയമാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ഉത്തര കൊറിയയുമായി ചര്‍ച്ചക്കുള്ള ഒരു വാതില്‍ എപ്പോഴും തുറന്നിടും. കാരണം, പതിറ്റാണ്ട് മുമ്പ് ജപ്പാന്‍ പൗരന്‍മാരെ ഉത്തര കൊറിയ തട്ടിക്കൊണ്ടുപോയി ബന്ദികളാക്കിയിട്ടുണ്ട്. ആ പ്രശ്‌നം പരിഹരിക്കപ്പെടേണ്ടതുണ്ട്. പുതിയ ഉപരോധത്തിന് ക്യാബിനറ്റിന്റെ അംഗീകാരം ഉറപ്പാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ആഴ്ചയാണ് ഭൗമനിരീക്ഷണ ഉപഗ്രഹം വിക്ഷേപിക്കുന്നതിന് വേണ്ടി ഉത്തര കൊറിയ റോക്കറ്റ് വിക്ഷേപണം നടത്തിയത്. ഒരു മാസം മുമ്പ് ആണവ പരീക്ഷണവും ഉത്തര കൊറിയ നടത്തിയിരുന്നു. ഇത് ഉത്തര കൊറിയക്കെതിരെ അന്താരാഷ്ട്ര തലത്തില്‍ വന്‍ പ്രതിഷേധം വിളിച്ചുവരുത്തിയിട്ടുണ്ട്.

---- facebook comment plugin here -----

Latest