വേനലെത്തും മുമ്പെ ചൂടേറിത്തുടങ്ങി; വരാനിരിക്കുന്നത് കൊടും വരള്‍ച്ച

Posted on: February 11, 2016 12:16 am | Last updated: February 11, 2016 at 9:40 am
SHARE

VARALCHAകൊച്ചി: വേനല്‍ക്കാലമെത്തും മുമ്പെ സംസ്ഥാനത്ത് സൂര്യതാപം ക്രമാതീതമായി ഉയര്‍ന്ന് തുടങ്ങി. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് രണ്ട് മുതല്‍ ആറ് ഡിഗ്രി സെല്‍ഷ്യസ് വരെയാണ് ഉയര്‍ന്ന താപനില രേഖപ്പെടുത്തിക്കൊണ്ടിരിക്കുന്നത്.ഇന്നലെ ആലപ്പുഴയിലും പുനലൂരിലും 37 ഡിഗ്രി സെല്‍ഷ്യസാണ് താപനില. ഈ സീസണിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ഈ മാസം ആദ്യത്തില്‍ 31 ഡിഗ്രി സെല്‍ഷ്യസ് ചൂട് രേഖപ്പെടുത്തിയ പുനലൂരില്‍ ആറ് ഡിഗ്രിയും, 32 ഡിഗ്രി രേഖപ്പെടുത്തിയ ആലപ്പുഴയില്‍ അഞ്ച് ഡിഗ്രിയും ചൂടാണ് വര്‍ധിച്ചത്. കഴിഞ്ഞ വര്‍ഷം 32-33 എന്നിങ്ങനെയായിരുന്നു ഇതേ ദിവസത്തെ ഇവിടങ്ങളിലെ താപനില. ഈ നില തുടര്‍ന്നാല്‍ മാര്‍ച്ച് പകുതിയിലെത്തുമ്പോഴേക്കും കനത്ത വേനല്‍ ചൂടാകും ഇത്തവണ നേരിടേണ്ടി വരിക.
കഴിഞ്ഞ ദിവസം വരെ കണ്ണൂരില്‍ തുടര്‍ന്ന് വന്ന 36 ഡിഗ്രി സെല്‍ഷ്യസിനേയും മറികടന്നാണ് ആലപ്പുഴയും പുനലൂരും ഈ സീസണിലെ ഉയര്‍ന്ന താപനിലയിലെത്തിയത്. കോഴിക്കോട്, തിരുവനന്തപുരം, കോട്ടയം, കൊച്ചി എന്നിവിടങ്ങളിലും കഴിഞ്ഞ ദിവസങ്ങളിലായി താപനില ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. തിരുവനന്തപുരം മീറ്ററോളജിക്കല്‍ സെന്ററിന്റെ കണക്കനുസരിച്ച് ആലപ്പുഴ-37, കൊച്ചി-34, കണ്ണൂര്‍-36, കരിപ്പൂര്‍-36, കോട്ടയം-34, കോഴിക്കോട്- 35, പാലക്കാട്-36, പുനലൂര്‍-37, തിരുവനന്തപുരം-34, വെള്ളാനിക്കര-35 എന്നിങ്ങനെയാണ് ഇന്നലെ രേഖപ്പെടുത്തിയ ഉയര്‍ന്ന താപനില. 31 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 33 ഡിഗ്രി സെല്‍ഷ്യസ് വരെ യായിരുന്നു 2015 ഫെബ്രുവരിയില്‍ ഇവിടങ്ങളില്‍ രേഖപ്പെടുത്തിയ താപനില.ഓരോ വര്‍ഷവും താപനില ഉയര്‍ന്ന് വരുന്ന പ്രതിഭാസം തുടങ്ങിയത് അടുത്ത കാലത്താണ്.
കേരളത്തില്‍ 33 ഡിഗ്രി സെല്‍ഷ്യസ് വരെയാണ് കാലാവസ്ഥാ നിരീക്ഷകര്‍ കണക്കാക്കുന്ന സാധാരണ പകല്‍ചൂട്. 34 എത്തിയാല്‍ ഉയര്‍ന്ന താപനിലയായി. പകല്‍ ചൂട് 37 ഡിഗ്രി സെല്‍ഷ്യസിനു മുകളില്‍ കടന്നാല്‍ മനുഷ്യര്‍ക്ക് മൃഗങ്ങള്‍ക്കുമെല്ലാം അസ്വസ്ഥതകള്‍ അനുഭവപ്പെടും. സാധാരണ മാര്‍ച്ചിലാണ് 37 ഡിഗ്രിക്ക് മുകളില്‍ ചൂട് അനുഭവപ്പെടാറുള്ളതെന്നിരിക്കെ ഇത്തവണ ഫെബ്രുവരി പകുതിയെത്തും മുമ്പെ 37 ഡിഗ്രിയിലെത്തിയതാണ് ആശങ്കകള്‍ക്കിടയാക്കുന്നത്. വേനല്‍ മഴ ലഭിച്ചില്ലെങ്കില്‍ വേനല്‍ ചൂട് കടുക്കുകയും സൂര്യാതാപമുള്‍പ്പെടെയുള്ളവ മുന്‍ വര്‍ഷത്തേക്കാള്‍ കൂടുതല്‍ അനുഭവപ്പെടേണ്ടിവരുമെന്നും കാലാവസ്ഥാ ഗവേഷകര്‍ പറയുന്നു. കുടിവെള്ള ക്ഷാമവും രൂക്ഷമാകും. വരാനിരിക്കുന്ന വരള്‍ച്ച മുന്നില്‍ കണ്ട് ജല വൈദ്യുതോത്പ്പാദനവും ഇതിനകം ഗണ്യമായി വെട്ടിക്കുറച്ചിട്ടുണ്ട്.ഡാമുകളില്‍ ജലനിരപ്പും കുറവാണ്. ഇക്കഴിഞ്ഞ കാലവര്‍ഷത്തില്‍ 26 ശതമാനം കുറവ് മഴയാണ് സംസ്ഥാനത്ത് ലഭിച്ചത്. ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷത്തില്‍ ശരാശരി പെയ്യേണ്ട മഴ 203 സെന്റീമീറ്ററാണെങ്കിലും ലഭിച്ചത് 151 സെന്റീമീറ്ററായിരുന്നു. കണ്ണൂര്‍, കോട്ടയം, തിരുവനന്തപുരം ഒഴികെയുള്ള ജില്ലകളിലൊന്നും വേണ്ടത്ര മഴ ലഭിച്ചില്ല. ആലപ്പുഴ, കാസര്‍കോട്, പത്തനംതിട്ട, വയനാട് ജില്ലകളില്‍ 30 ശതമാനത്തിലേറെ മഴ കുറഞ്ഞു. ഇടുക്കിയില്‍ മഴയുടെ അളവില്‍ 26 ശതമാനമാണ് കുറവ് രേഖപ്പെടുത്തിയിട്ടുള്ളത്. വേനല്‍ മഴ ചതിച്ചാല്‍ വൈദ്യുതി ക്ഷാമം രൂക്ഷമാകുമെന്ന് വൈദ്യുതി വകുപ്പ് ആസൂത്രണ വിഭാഗം മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞൂ.
സൂര്യതാപത്തില്‍ നേരിയ തോതിലാണ് വര്‍ധനവുണ്ടാകുന്നുള്ളൂ എങ്കിലും മനുഷ്യര്‍ക്ക് അനുഭവപ്പെടുന്ന (റിയല്‍ ഫീല്‍) ചൂടിന്റെ തോത് വളരെയധികം ഉയര്‍ന്ന് വരികയാണെന്നുള്ളതാണ് മറ്റൊരു വസ്തുത. നഗരങ്ങളില്‍ സൂര്യതാപം 35 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തുമ്പോള്‍ മനുഷ്യര്‍ക്ക് 45 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 50 ഡിഗ്രി സെല്‍ഷ്യസ് വരെയാണ് ചൂട് അനുഭവപ്പെടുന്നത്. കഴിഞ്ഞ ദിവസം കണ്ണൂര്‍ തലശ്ശേരിയില്‍ 36 ഉം കൊച്ചിയില്‍ 33 ഉം ഡിഗ്രി സെല്‍ഷ്യസ് ആണ് സൂര്യതാപം രേഖപ്പെടുത്തിയതെങ്കില്‍ ഇവിടങ്ങളില്‍ രണ്ടിടത്തും മനുഷ്യര്‍ക്ക് അനുഭവപ്പെട്ട റിയല്‍ ഫീല്‍ 40 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നെന്ന് പ്രമുഖ കാലാവസ്ഥാ വെബ്‌സൈറ്റായ അക്യൂവെതര്‍. കോം രേഖപ്പെടുത്തുന്നു. മരങ്ങള്‍ വെട്ടി നശിപ്പിക്കപ്പെട്ടതും വാഹനങ്ങളുടെയും കോണ്‍ക്രീറ്റ് കെട്ടിടങ്ങളുടെയും ആധിക്യവുമെല്ലാമാണ് ഓരോ വര്‍ഷവും ഇത്തരത്തില്‍ മനുഷ്യന് അനുഭവപ്പെടുന്ന ചൂടിന്റെ കാഠിന്യം വര്‍ധിപ്പിക്കുന്നതെന്ന് കൊച്ചി എസ് ഇ എം എസ് കോളജിലെ കാലാവസ്ഥാവിഭാഗം മേധാവി ഡോ. സി കെ രാജന്‍ സിറാജിനോട് പറഞ്ഞു.
സാധാരണയായി ഫെബ്രുവരിയില്‍ രാത്രിയും രാവിലെയുമെല്ലാം അനുഭവപ്പെടാറുള്ള തണുപ്പിലും വലിയ കുറവാണുള്ളത്. രാവിലെയുള്ള താപനില സാധാരണ 23-24 ആണ് രേഖപ്പെടുത്താറുള്ളതെങ്കിലും ഇത്തവണ അതും ഉയര്‍ന്നിരിക്കുകയാണ്. അന്തരീക്ഷ താപനിലയിലുള്ള ഈ വലിയ വര്‍ധനവിന് കാരണം പ്രകൃതിയിലെ മനുഷ്യരുടെ കൈകടത്തലുകള്‍ മാത്രമാണെന്നും കാലാവസ്ഥാ ഗവേഷകര്‍ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here