യു എ ഇ സംഘത്തിന് ഉജ്ജ്വല വരവേല്‍പ്പ്

Posted on: February 11, 2016 12:14 am | Last updated: February 11, 2016 at 12:14 am

uae rulerന്യൂഡല്‍ഹി: നിരവധി മേഖലകളില്‍ തന്ത്ര പ്രധാന പങ്കാളിത്തമാണ് യു എ ഇക്കും ഇന്ത്യക്കുമുള്ളതെന്ന് അബുദാബി കിരീടാവകാശിയും യു എ ഇ സായുധസേനാ ഉപമേധാവിയുമായ ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ പറഞ്ഞു. ഇന്നലെ വൈകീട്ട് ന്യൂഡല്‍ഹിയില്‍ എത്തിയതിന് ശേഷമുള്ള പ്രസ്താവനയിലാണ് ശൈഖ് മുഹമ്മദ് ഇങ്ങിനെ പറഞ്ഞത്. എന്റെ സന്തോഷം പറഞ്ഞറിയിക്കാവുന്നതല്ല. ഉന്നതമായ നാഗരികതയുടെ ഭൂമികയായ, സൗഹൃദ രാജ്യത്തില്‍ എത്തിയതില്‍ അതിയായ സന്തോഷമുണ്ട്. ഇന്ത്യാ രാജ്യം മനുഷ്യ സംസ്‌കാരത്തിന് വലിയ സംഭാവനയാണ് അര്‍പ്പിച്ചത്. ഇന്ത്യയും യു എ ഇയും തമ്മിലുള്ള ബന്ധം ആഴത്തിലുള്ളതാണ്. സാമ്പത്തികവും രാഷ്ട്രീയവുമായ പാരസ്പര്യമുണ്ട്- ശൈഖ് മുഹമ്മദ് പറഞ്ഞു.
1975ല്‍ യു എ ഇ രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്‌യാന്റെ സന്ദര്‍ശനം ചരിത്രപ്രധാനമായിരുന്നു. അതിന് ശേഷം 1981ല്‍ പ്രധാന മന്ത്രി ഇന്ദിരാഗാന്ധി യു എ ഇ സന്ദര്‍ശിച്ചത് ഉപകക്ഷി ബന്ധത്തില്‍ കുതിച്ചുചാട്ടത്തിന് കാരണമായി- ശൈഖ് മുഹമ്മദ് ചൂണ്ടിക്കാട്ടി.
പ്രധാന മന്ത്രി നരേന്ദ്രമോദി ശൈഖ് മുഹമ്മദിനെയും സംഘത്തെയും സ്വീകരിക്കാന്‍ വിമാനത്താവളത്തില്‍ എത്തിയിരുന്നു. സവിശേഷമായ സുഹൃത്ത് എന്നാണ് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തത്. മികച്ച കാഴ്ചപ്പാടുള്ള നേതാവാണ് ശൈഖ് മുഹമ്മദ്. ഇന്ത്യയും യു എ ഇയും തമ്മിലെ പങ്കാളിത്തത്തിന് സന്ദര്‍ശനം പുതിയ ഊര്‍ജം നല്‍കും. പാലം വിമാനത്താവളത്തില്‍ ഇരുവരും പരസ്പരം ആലിംഗനം ചെയ്തു. ശൈഖ് മുഹമ്മദിന്റെ ആദ്യ ഇന്ത്യാ സന്ദര്‍ശനമാണിത്. ശൈഖ് മുഹമ്മദിനൊപ്പം ദുബൈ കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം, യു എ ഇ വിദേശകാര്യ മന്ത്രി ശൈഖ് അബ്ദുല്ല ബന്‍ സായിദ് അല്‍ നഹ്‌യാന്‍ എന്നിവരും യു എ ഇയിലെ 20 ഇന്ത്യക്കാരുള്‍പ്പെടെ 95 വ്യവസായപ്രമുഖരും ഒപ്പമുണ്ട്.
അബുദാബി കിരീടാവകാശി ശൈഖ് മുഹമ്മദിന്റെ ക്ഷണമനുസരിച്ച് 2015 ആഗസ്തില്‍ പ്രധാനമന്ത്രി മോദി യു എ ഇ യിലെത്തിയതിന്റെ തുടര്‍ച്ചയാണ് യ എ ഇ ഭരണനേതൃത്വത്തിന്റെ ഇപ്പോഴത്തെ സന്ദര്‍ശനം.
ഇരുരാജ്യങ്ങളും തമ്മില്‍ സുപ്രധാനമായ 16 ധാരണാപത്രങ്ങളില്‍ ഒപ്പുവെച്ചേക്കും. ഇതില്‍ പന്ത്രണ്ടെണ്ണം മോദിയുടെ സന്ദര്‍ശനവേളയില്‍ ഏതാണ്ട് ധാരണയിലെത്തിയവയാണ്.
ഇന്ത്യക്കാരുടെ സംഘത്തില്‍ ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസുഫലി, ശോഭ ഗ്രൂപ്പ് ചെയര്‍മാന്‍ പി എന്‍ സി മേനോന്‍ അടക്കമുള്ള മലയാളികളും ഉള്‍പ്പെടുന്നു.
അടിസ്ഥാനസൗകര്യവികസനത്തിനായി ഇന്ത്യയും യു എ ഇയും ചേര്‍ന്നുള്ള അഞ്ചുലക്ഷം കോടി രൂപയുടെ നിക്ഷേപഫണ്ടിന് നേരത്തേ രൂപം നല്‍കിയിരുന്നു. അതിന്റെ പ്രായോഗികതലത്തിലേക്കുള്ള ചര്‍ച്ചകളും ഈ സന്ദര്‍ശനവേളയില്‍ നടക്കും. ഭീകരപ്രവര്‍ത്തനം നേരിടാനുള്ള സംയുക്തനീക്കത്തിനും ധാരണയായേക്കും.