ഓട്ടിസവും സെറിബ്രല്‍ പാള്‍സിയും തോറ്റു; സ്റ്റെംസെല്‍ തെറാപ്പിയിലൂടെ അയാന് പുതുജന്മം

Posted on: February 11, 2016 12:11 am | Last updated: February 11, 2016 at 12:11 am
SHARE

ayanകൊച്ചി: ചുറ്റിനും മിന്നിത്തെളിഞ്ഞ ക്യാമറകള്‍ക്ക് മുന്നില്‍ അയാന്‍ എന്ന അഞ്ചുവയസ്സുകാരന്‍ നിറഞ്ഞ ആഹ്ലാദത്തോടെ മാതാവ് സമ്രീന്റെയും ഡോ. അലോക് ശര്‍മയുടെയും കൈകളില്‍ തൂങ്ങി നിഷ്‌കളങ്കമായി പുഞ്ചിരിപൊഴിച്ചപ്പോള്‍ അത് ഇനിയും പ്രചാരം ലഭിച്ചിട്ടില്ലാത്ത സ്റ്റെം സെല്‍ തെറാപ്പിയുടെ കേരളത്തിലേക്കുള്ള കടന്നുവരവിന്റെ കൂടി തുടക്കമായി. സെറിബ്രല്‍ പാള്‍സിയും ഓട്ടിസവും ബാധിച്ച അഞ്ചുവയസുകാരന് സ്‌റ്റെം സെല്‍ തെറാപ്പിയിലൂടെ സംഭവിച്ച അത്ഭുതകരമായ മാറ്റം എറണാകുളത്ത് സ്ഥിരതാമസമാക്കിയ കുടക് സ്വദേശി ഷഫീഖ് അഹമ്മദിന്റെ കുടുംബത്തിന് നല്‍കിയ ആശ്വാസവും പ്രതീക്ഷയും വിവരണാതീതം. നില്‍ക്കാനോ നടക്കാനോ സംസാരിക്കാനോ കഴിയാതിരുന്ന അയാന്‍ ഇപ്പോള്‍ പരസഹായമില്ലാതെ നടന്നു തുടങ്ങിയിരിക്കുന്നു. ആളുകളെ തിരിച്ചറിയാനും സംസാരിക്കാനും അയാന് കഴിയും.
ഷെഫീക്കും സമ്രീനും രക്തബന്ധത്തില്‍പ്പെട്ടവരായിരുന്നു. രക്തബന്ധത്തില്‍പ്പെട്ടവര്‍ തമ്മിലുള്ള വിവാഹത്തില്‍ ജനിക്കുന്ന കുട്ടികള്‍ക്ക് ജനിതക തകരാറുകള്‍ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. രണ്ട് വയസ്സും മൂന്ന് മാസവും പ്രായമുള്ളപ്പോളാണ് അയാന് സെറിബ്രല്‍ പാള്‍സിയാണെന്ന് കണ്ടെത്തിയത്. ദിനചര്യകള്‍ക്കും ചലനത്തിനുമെല്ലാം അയാന്‍ മാതാവിനെയാണ് ആശ്രയിച്ചിരുന്നത്. സെറിബ്രല്‍ പാള്‍സിയോടൊപ്പം, ഹൈപ്പര്‍ ആക്റ്റിവിറ്റി, റെസ്റ്റ്‌ലെസ്‌നെസ്സ് എന്നിങ്ങനെ ഓട്ടിസ്റ്റിക് ലക്ഷണങ്ങളും കാട്ടിത്തുടങ്ങി. കുഴമ്പുരൂപത്തിലുള്ള ഭക്ഷണങ്ങളാണ് അയാന് നല്‍കിയിരുന്നത്. സംസാരിക്കാനോ ശ്രദ്ധിക്കാനോ അവന് കഴിഞ്ഞിരുന്നുമില്ല.
2014 ഒക്‌ടോബറില്‍ അയാനെ ന്യൂറോജനില്‍ പരിശോധനക്ക് വിധേയമാക്കിയപ്പോള്‍ അവന്റെ കൈകാലുകള്‍ക്കൊന്നും അയവുണ്ടായിരുന്നില്ല. പരസഹായമില്ലാതെ നടക്കാന്‍ കഴിയാതിരുന്ന അയാന്‍ ആംഗ്യങ്ങളിലൂടെയാണ് ആവശ്യങ്ങള്‍ പറഞ്ഞിരുന്നത്.
സ്റ്റെംസെല്‍ തെറാപ്പി കഴിഞ്ഞ് നാലാമത്തെ ദിവസം തന്നെ അരക്കു കീഴ്‌പ്പോട്ടുള്ള ശരീരഭാഗങ്ങള്‍ക്ക് കൂടുതല്‍ അയവുവന്നു. വ്യക്തമായി സംസാരിക്കാനും തുടങ്ങി. ഇപ്പോള്‍ പരസഹായം കൂടാതെ നടന്നു തുടങ്ങിയിട്ടുണ്ട്. ഏതാനും വാചകങ്ങള്‍ ചേര്‍ത്ത് പറയാനും കഴിയും. കുടുംബാംഗങ്ങളെ എല്ലാവരേയും ഇപ്പോള്‍ തിരിച്ചറിയാനും കഴിയുന്നുണ്ട്. അനുസരണയും അടുക്കും ചിട്ടയും മര്യാദയുമുള്ള ഒരു ബാലനായി അയാന്‍ മാറിയിരിക്കുന്നു.
തലച്ചോറിന്റെ ജന്മനാ ഉള്ള ക്ഷതങ്ങള്‍ മൂലമുണ്ടാകുന്ന അസുഖങ്ങള്‍ ഭേദപ്പെടുത്താന്‍ കഴിയില്ലെന്ന വിശ്വാസം കടപുഴക്കുകയാണ് സ്റ്റെംസെല്‍ തെറാപ്പി. ഓട്ടിസം, സെറിബ്രല്‍ പാള്‍സി, മുരടിച്ച മാനസിക വളര്‍ച്ച, മസ്‌കുലര്‍ ഡിസ്ട്രഫി, നട്ടെല്ലിലെ പരുക്ക്, പക്ഷാഘാതം, ബ്രെയിന്‍സ്‌ട്രോക്ക്, സെറിബെലര്‍ അറ്റാക്‌സിയ മറ്റ് ന്യൂറോളജിക്കല്‍ തകരാറുകള്‍ എന്നിവക്ക് സ്റ്റെംസെല്‍ തെറാപ്പിയിലൂടെ പരിഹാരം ഉണ്ടാക്കാന്‍ കഴിയുമെന്ന് ന്യൂറോജെന്‍ ബ്രെയ്ന്‍ ആന്‍ഡ് സ്‌പൈന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടറും മുംബൈയിലെ എല്‍ ടി എം ജി ഹോസ്പിറ്റല്‍ ആന്‍ഡ് എല്‍ ടി മെഡിക്കല്‍ കോളജ് പ്രൊഫസറും ഹെഡ് ഓഫ് ന്യൂറോ സര്‍ജറിയുമായ ഡോ. അലോക് ശര്‍മ പറഞ്ഞു.
വളരെ ലളിതവും സുരക്ഷിതവുമാണ് സ്റ്റെംസെല്‍ തെറാപ്പി. ഒരു സൂചിയുടെ സഹായത്തോടെ രോഗിയുടെ മജ്ജയില്‍ നിന്ന് സ്റ്റെംസെല്‍ എടുത്ത് സംസ്‌കരിച്ചശേഷം രോഗിയുടെ തന്നെ സ്‌പൈനല്‍ ഫഌയിഡിലേക്ക് തിരികെ കുത്തിവെക്കുന്നു. രോഗിയുടെ സ്വന്തം ശരീരത്തില്‍ നിന്ന് തന്നെയാണ് ഇത് എടുക്കുന്നത് എന്നതിനാല്‍ തിരസ്‌കരണമോ പാര്‍ശ്വഫലങ്ങളോ ഉണ്ടാവുകയുമില്ല. തലച്ചോറിലെത്തുന്ന സ്‌റ്റെംസെല്ലുകള്‍ ക്ഷതം സംഭവിച്ച ഭാഗത്ത് പുതിയ സെല്ലുകളായി വളര്‍ന്നു പെരുകും.
നവി മുബൈയിലെ നെരുള്‍ ആസ്ഥാനമായുള്ള ന്യൂറോജെന്‍ ബ്രെയ്ന്‍ ആന്‍ഡ് സ്‌പൈന്‍ ഇന്‍സ്റ്റിറ്റിയൂട്ട് സ്റ്റെംസെല്‍ തെറാപ്പിയും പുനരധിവാസവും വാഗ്ദാനം ചെയ്യുന്ന ഇന്ത്യയിലെ ആദ്യത്തെ സ്ഥാപനമാണ്. ഭാരിച്ച ചികിത്സാ ചെലവ് താങ്ങാന്‍ കഴിയാത്തവര്‍ക്ക് സൗജന്യ ഫണ്ട് ലഭ്യമാക്കാനും ആശുപത്രിയില്‍ സംവിധാനമുണ്ട്.
38 ലധികം രാജ്യങ്ങളില്‍ നിന്നുള്ള 3,000 ത്തിലധികം രോഗികള്‍ക്ക് വിജയകരമായി ചികിത്സ നടത്തിയിട്ടുണ്ടെന്നും സ്റ്റെംസെല്‍ തെറാപ്പിയിലെ രാജ്യത്തെ അതികായരില്‍ ഒരാളായ ഡോ. അലോക് ശര്‍മ പറഞ്ഞു.