കോടികളുടെ സ്‌കോളര്‍ഷിപ്പുമായി കൊച്ചിയില്‍ വിദ്യാഭ്യാസ മേളകള്‍

Posted on: February 11, 2016 12:06 am | Last updated: February 11, 2016 at 12:06 am

കൊച്ചി: കൊച്ചിയില്‍ ഇനി വിദേശ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സ്‌കോളര്‍ഷിപ്പ് മേളകളുടെ കാലം. കഴിഞ്ഞ ദിവസം നടന്ന ആസ്‌ട്രേലിയന്‍ വിദ്യാഭ്യാസ മേളക്ക് പിന്നാലെ യു കെ എക്‌സിബിഷനും ഐറിഷ് വിദ്യാഭ്യാസ മേളയും വരും ദിവസങ്ങളില്‍ നടക്കും. ബ്രിട്ടീഷ് കൗണ്‍സിലിന്റെ എജ്യൂക്കേഷന്‍ യുകെ എക്‌സിബിഷന്‍ 13ന് കൊച്ചിയില്‍ നടക്കും. ഉച്ചയ്ക്ക് 1 മണിയ്ക്കും വൈകിട്ട് 6 മണിയ്ക്കും ഇടയില്‍ കൊച്ചി താജ് ഗേറ്റ്‌വേയില്‍ വെച്ച് നടക്കുന്ന എജ്യൂക്കേഷന്‍ യുകെ എക്‌സിബിഷനില്‍ യു കെയിലെ യൂണിവേഴ്‌സിറ്റി ഓഫ് അബര്‍ദീന്‍, യൂണിവേഴ്‌സിറ്റി കോളേജ് ഓഫ് ബര്‍മിംഗ്ഹാം, ബിപിപി യൂണിവേഴ്‌സിറ്റി, യൂണിവേഴ്‌സിറ്റി ഓഫ് ബ്രാഡ്‌ഫോഡ്, യൂണിവേഴ്‌സിറ്റി ഫോര്‍ ദ ക്രിയേറ്റീവ് ആര്‍ട്ട്‌സ്, ഗോള്‍ഡ്‌സ്മിത്ത്- യൂണിവേഴ്‌സിറ്റി ഓഫ് ലണ്ടന്‍, യൂണിവേഴ്‌സിറ്റി ഓഫ് കെന്റ് തുടങ്ങിയ 20 സര്‍വ്വകലാശാലകളാണ് എജ്യൂക്കേഷന്‍ യുകെ എക്‌സിബിഷനില്‍ പങ്കെടുക്കുന്നത്. ഇംഗ്ലണ്ട്, സ്‌കോട്ട്‌ലന്‍ഡ്, വെയ്ല്‍സ്, നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് എന്നിവിടങ്ങളിലെ 45 സ്ഥാപനങ്ങളിലായി എന്‍ജിനീയറിംഗ്, നിയമം, ആര്‍ട്ട്‌സ് ആന്റ് ഡിസൈന്‍, വിവരസാങ്കേതികം തുടങ്ങിയ വിവിധ പഠന വിഷയങ്ങള്‍ക്ക് 150 കോടി രൂപയുടെ 291 ഗ്രേറ്റ് ബ്രിട്ടന്‍ സ്‌കോളര്‍ഷിപ് അവാര്‍ഡുകളാണ് ഈ വര്‍ഷം നല്‍കുന്നത്.
20 യുകെ സര്‍വ്വകലാശാലകളില്‍ നിന്ന് വരുന്ന പ്രതിനിധികളുമായി നേരില്‍ സംവദിക്കാനും പഠനവിഷയങ്ങള്‍, വിസ, ആപ്ലിക്കേഷന്‍, സ്‌കോളര്‍ഷിപ്പുകള്‍ തുടങ്ങിയവയെ കുറിച്ചു ചോദ്യങ്ങള്‍ ചോദിച്ചറിയാനും ഈ എക്‌സിബിഷന്‍ അവസരം ഒരുക്കുന്നു. ബ്രിട്ടീഷ് കൗണ്‍സിലിന്റെ ഗ്രേറ്റ് കാംപെയ്‌നിന്റെ ഭാഗമായാണ് ഗ്രേറ്റ് ബ്രിട്ടന്‍ സ്‌കോളര്‍ഷിപ്പ് നല്‍കുന്നത്.