ഡല്‍ഹിയില്‍ ഒറ്റ- ഇരട്ട പരീക്ഷണം വീണ്ടും നടപ്പാക്കുന്നു

Posted on: February 11, 2016 4:15 am | Last updated: February 10, 2016 at 11:16 pm
SHARE

delhi-traffic-pollution-cars-ap_ന്യൂഡല്‍ഹി: ഒറ്റ- ഇരട്ടയക്ക ഗതാഗത നിയന്ത്രണം വീണ്ടും നടപ്പാക്കുന്ന കാര്യം ഡല്‍ഹി സര്‍ക്കാര്‍ വീണ്ടും പരിഗണിക്കുന്നു. ഇക്കാര്യത്തില്‍ പൊതു ജനങ്ങളില്‍ നിന്ന് ലഭിച്ച പത്ത് ലക്ഷത്തിലധികം പ്രതികരണങ്ങള്‍ വിശകലനം ചെയ്ത ശേഷമാകും തീരുമാനമെടുക്കുക. ഇതുസംബന്ധിച്ച പ്രഖ്യാപനം മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ഇന്ന് നടത്തും. മലിനീകരണത്തില്‍ ലോകത്ത് തന്നെ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന ഡല്‍ഹിയില്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ ഒറ്റ നമ്പര്‍ വാഹനങ്ങള്‍ക്കും ഇരട്ട നമ്പര്‍ വാഹനങ്ങള്‍ക്കും റോഡിലിറങ്ങുന്നതിന് നിരോധം ഏര്‍പ്പെടുത്തുന്ന പദ്ധതി കഴിഞ്ഞ മാസം മുതല്‍ നടപ്പാക്കിയിരുന്നു. ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പ്രതികരണങ്ങളാണ് ജനങ്ങളുടെ ഭാഗത്ത് നിന്നുണ്ടായത്. വിവിധ മാധ്യമങ്ങള്‍ വഴി സര്‍ക്കാര്‍ അഭിപ്രായങ്ങള്‍ തേടിയിരുന്നു. പൊതുജനാഭിപ്രായത്തില്‍ നിന്ന് അന്തിമ നിലപാടിലെത്താനാണ് ആം ആദ്മി സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്ന് ഉപ മുഖ്യമന്ത്രി മനീഷ് സിസോദിയ പറഞ്ഞു. ഒറ്റ- ഇരട്ടയക്ക പരിഷ്‌കരണം സി ബി എസ് സി ബോര്‍ഡ് പരീക്ഷകള്‍ക്ക് ശേഷം ഏപ്രിലില്‍ വീണ്ടും കൊണ്ടു വരാനാണ് സര്‍ക്കാര്‍ നീക്കം. തീയതികളും വിശദാംശങ്ങളും മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന വാര്‍ത്താ സമ്മേളനത്തില്‍ ഇന്ന് പ്രഖ്യാപിക്കും. ജനുവരി ഒന്ന് മുതല്‍ 15വരെ പരീക്ഷണാടിസ്ഥാനത്തില്‍ നടന്ന പരിഷ്‌കരണത്തില്‍ ഞായറാഴ്ച ഒഴിവായിരുന്നു. സ്ത്രീകള്‍ ഓടിക്കുന്ന വാഹനങ്ങള്‍, വി വി ഐ പികളുടെ വാഹനങ്ങള്‍, ആശുപത്രി ആവശ്യത്തിനുള്ള വാഹനങ്ങള്‍ എന്നിവക്കും ഇളവ് അനുവദിച്ചിരുന്നു. പൊതുജനാഭിപ്രായ ശേഖരണത്തില്‍ 28,300 നിര്‍ദേശങ്ങളാണ് ഓണ്‍ലൈനായി ലഭിച്ചത്. ഇ മെയില്‍ വഴി 9,000 ഫോമുകളും മിസ്ഡ് കോള്‍ വഴി 1,82,808 പ്രതികരണങ്ങളും ശേഖരിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here