Connect with us

Kasargod

സഅദിയ്യ സമ്മേളനത്തിന് നാളെ തുടക്കം

Published

|

Last Updated

കാസര്‍കോട്: ദേളി ജാമിഅ സഅദിയ്യ: അറബിയ്യയുടെ 46-ാം വാര്‍ഷിക സനദ്ദാന സമ്മേളനത്തിന് നാളെ ഔപചാരിക തുടക്കമാവും. വിവിധ മഖാമുകളില്‍ നടക്കുന്ന സിയാറത്തോടെയാണ് ത്രിദിന സമ്മേളനത്തിനും ഉറൂസ് പരിപാടികള്‍ക്കും തുടക്കമാകുന്നത്. രാവിലെ എട്ട് മണിക്ക് എട്ടിക്കുളം താജുല്‍ ഉലമ മഖാമില്‍ സിയാറത്തിന് സയ്യിദ് ഇമ്പിച്ചിക്കോയ തങ്ങള്‍ അല്‍ ബുഖാരി കൊയിലാണ്ടി നേതൃത്വം നല്‍കും. പൊസോട്ട് സയ്യിദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി മഖാം സിയാറത്തിന് സയ്യിദ് അത്വാവുള്ള തങ്ങള്‍, ത്വാഹിര്‍ തങ്ങള്‍ മഖാം സിയാറത്തിന് സയ്യിദ് കുഞ്ഞിക്കോയ തങ്ങള്‍ മുട്ടം നേതൃത്വം നല്‍കും. തളങ്കര മാലിക് ദീനാര്‍ മഖാം സിയാറത്തിന് സയ്യിദ് ഇബ്‌റാഹിം പൂക്കുഞ്ഞി തങ്ങളും സഈദ് മുസ്‌ലിയാര്‍ മഖാം സിയാറത്തിന് സയ്യിദ് ഹസന്‍ തങ്ങളും നൂറുല്‍ ഉലമ മഖാം – കല്ലട്ര അബ്ദുല്‍ ഖാദിര്‍ ഹാജി മഖബ്‌റ സിയാറത്തിന് ളിയാഹുല്‍ മുസ്തഫ സയ്യിദ് ഹാമിദ് തങ്ങള്‍ മാട്ടൂലും നേതൃത്വം നല്‍കും.
നാളെ വൈകിട്ട് നാലിന് ഉദ്ഘാടന സമ്മേളനം സയ്യിദ് അസ്‌ലം ജിഫ്രി തങ്ങളുടെ പ്രാര്‍ഥനയോടെ തുടങ്ങും. സയ്യിദ് ജഅ്ഫര്‍ സ്വാദിഖ് തങ്ങള്‍ കുമ്പോലിന്റെ അധ്യക്ഷതയില്‍ കര്‍ണാടക മൈനോറിറ്റി ഡവലപ്‌മെന്റ് കോര്‍പറേഷന്‍ ചെയര്‍മാന്‍ സയ്യിദ് മശ്ഹൂദ് ഫൗജ്ദാര്‍ ഉദ്ഘാടനം ചെയ്യും.
13ന് രാവിലെ ഒമ്പതിന് മുസ്‌ലിം ജമാഅത്ത് സമ്മേളനം സംസ്ഥാന ന്യൂനപക്ഷ മന്ത്രി മഞ്ഞളാംകുഴി അലി ഉദ്ഘാടനം ചെയ്യും. ഉച്ചക്ക് രണ്ടിന് ദഅ്‌വ കോണ്‍ഫറന്‍സ് കെ പി അബൂബക്കര്‍ മുസ്‌ലിയാര്‍ പട്ടുവം ഉദ്ഘാടനം ചെയ്യും. ഉബൈദുല്ലാ സഅദി അധ്യക്ഷത വഹിക്കും. വൈകീട്ട് നാലിന് താജുല്‍ ഉലമ, നൂറുല്‍ ഉലമ, പൊസോട്ട് തങ്ങള്‍ അനുസ്മരണം പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും.
14ന് രാവിലെ എട്ടിന് സഅദി സംഗമത്തോടെ പരിപാടി ആരംഭിക്കും. ഒമ്പത് മണിക്ക് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ അലുമ്‌നി മീറ്റ് അബ്ദുര്‍റഹ്മാന്‍ ഹാജി മുല്ലച്ചേരിയുടെ അധ്യക്ഷതയില്‍ ഡോ. പി എ അഹ്മദ് സഈദ് ഉദ്ഘാടനം ചെയ്യും. പത്തിന് വിദ്യാഭ്യാസ വികസന സെമിനാര്‍ മുഹമ്മദലി സഖാഫി തൃക്കരിപ്പൂരിന്റെ അധ്യക്ഷതയില്‍ മന്ത്രി കെ സി ജോസഫ് ഉദ്ഘാടനം ചെയ്യും. യതീംഖാന അഡ്മിനിസ്‌ട്രേഷന്‍ ബ്ലോക്കിന്റെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിക്കും.
സമാപന സനദ്ദാന മഹാസമ്മേളനം വൈകീട്ട് നാലിന് ആരംഭിക്കും. സഅദിയ്യ പ്രസിഡന്റ് സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങളുടെ അധ്യക്ഷതയില്‍ ഡോ. സൈഫ് റാശിദ് അല്‍ ജാബിരി ദുബൈ ഉദ്ഘാടനം ചെയ്യും. സമസ്ത പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്‌ലിയാര്‍ സനദ്ദാനം നിര്‍വഹിക്കും. സഅദിയ്യ ഉപാധ്യക്ഷന്‍ കെ പി ഹംസ മുസ്‌ലിയാര്‍ ചിത്താരി സനദ്ദാന പ്രഭാഷണവും സമസ്ത ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ മുഖ്യ പ്രഭാഷണവും നടത്തും.