ഭക്ഷ്യ വസ്തുക്കള്‍ പാഴാക്കരുത്

Posted on: February 11, 2016 4:47 am | Last updated: February 10, 2016 at 10:51 pm
SHARE

സൂപ്പര്‍മാര്‍ക്കറ്റുകളില്‍ വിറ്റുപോകാതെ അവശേഷിക്കുന്ന മുഴുവന്‍ ഭക്ഷ്യവസ്തുക്കളും ചാരിറ്റികള്‍ക്കും ഫുഡ് ബേങ്കുകള്‍ക്കും നിര്‍ബന്ധമായി സംഭാവന ചെയ്യണമെന്ന നിയമം കൊണ്ടുവരാനുള്ള തയ്യാറെടുപ്പിലാണ് ഫ്രാന്‍സ്. 400 സ്‌ക്വയര്‍ ഫീറ്റോ മുകളിലോ വിസ്താരമുള്ള ഏത് സൂപ്പര്‍മാര്‍ക്കറ്റിനും ഇത് ബാധകമായിരിക്കും. നിയമം ലംഘിക്കുന്ന സ്ഥാപനങ്ങള്‍ക്ക് പിഴയോ രണ്ട് വര്‍ഷം ജയില്‍വാസമോ ബില്‍ വ്യവസ്ഥ ചെയ്യുന്നു. വ്യാപാരികളും സമ്പന്നരും ടണ്‍ കണക്കിന് ഭക്ഷ്യവസ്തുക്കള്‍ പാഴാക്കുമ്പോഴും ഒരു നേരത്തെ ഭക്ഷണത്തിന് വകയില്ലാതെ പാവങ്ങള്‍ യാചിച്ചുനടക്കുന്ന സാഹചര്യം ഇല്ലാതാക്കുകയാണ് ലക്ഷ്യം. ആവശ്യത്തിലധികം ഭക്ഷണം രാജ്യത്തുള്ളപ്പോഴും മനുഷ്യന്‍ പട്ടിണികിടക്കുന്ന അവസ്ഥ അംഗീകരിക്കാന്‍ കഴിയില്ലെന്നും ഇതിന് നിയമത്തിലൂടെ പരിഹാരം കാണണമെന്നും ആവശ്യപ്പെട്ട് പാരീസ് കൗണ്‍സിലര്‍ അറാഷ് ഡെറാംബറാഷ് അവതരിപ്പിച്ച പ്രമേയം ഫ്രഞ്ച് സെനറ്റ് ഐകകണ്‌ഠ്യേന അംഗീകരിക്കുകയായിരുന്നു. ഭക്ഷണം പാഴാക്കുന്നത് തടയാന്‍ അടുത്തിടെ സഊദി ഭരണാധികാരി സല്‍മാന്‍ രാജാവും കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഒരാള്‍ ശരാശരി 250 കിലോഗ്രാം ഭക്ഷ്യവസ്തുക്കള്‍ പാഴാക്കുന്നുവെന്ന കണക്ക് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് രാജാവിന്റെ നടപടിയെന്ന് സഊദി കൃഷിമന്ത്രി എന്‍ജിനീയര്‍ അബ്ദുര്‍റഹ്മാന്‍ അല്‍ ഫത്‌ലി അറിയിച്ചു. ബ്രിട്ടനിലും ഇതുസംബന്ധിച്ചു ചില നടപടികള്‍ സ്വീകരിക്കുകയും തദ്ഫലമായി അഞ്ച് വര്‍ഷത്തിനുള്ളില്‍ പാഴാക്കുന്ന ഭക്ഷണങ്ങളുടെ അളവ് 18 ശതമാനമായി കുറയുകയുമുണ്ടായി. ജപ്പാന്‍ മൂന്ന് വര്‍ഷം കൊണ്ട് 14 ശതമാനവും ഡെന്‍മാര്‍ക്ക് 50 ശതമാനവും കുറച്ചു.
നാലരക്കോടി ജനങ്ങള്‍ അമേരിക്കയില്‍ പട്ടിണിയില്‍ കഴിയുമ്പോള്‍ അവിടെ ഭക്ഷണത്തിന്റെ 40 ശതമാനം പാഴാക്കി കളയുന്നുണ്ടെന്നാണ് അമേരിക്ക ആസ്ഥാനമായ നാഷനല്‍ റിസോഴ്‌സ് ഡിഫന്‍സ് കൗണ്‍സിലിന്റെ റിപ്പോര്‍ട്ട്. ഒരു അമേരിക്കന്‍ പൗരന്‍ ശരാശരി ഒന്‍പത് കിലോ ഭക്ഷണം ഒരു മാസം വലിച്ചെറിയുന്നു. 2010ല്‍ 161 ബില്യന്‍ ഡോളര്‍ വിലമതിക്കുന്ന ഭക്ഷ്യവസ്തുക്കളാണ് യു എസില്‍ പാഴാക്കിക്കളഞ്ഞത്. ഏതാണ്ട് 60 മില്യന്‍ ടണ്‍ ഭക്ഷണ പദാര്‍ഥം. മൊത്തം ആഹാരത്തിന്റെ 31 ശതമാനം വരുമിത്. ഇന്നത് 40 ശതമാനമായി ഉയര്‍ന്നതായും റിപ്പോര്‍ട്ട് രേഖപ്പെടുത്തുന്നു.
ലോകത്താകെ ഉത്പാദിപ്പിക്കുന്ന ഭക്ഷ്യപദാര്‍ഥങ്ങളില്‍ 130 കോടി ടണ്‍ പാഴാക്കി ചവറ്റുകൂനകളില്‍ ഉപേക്ഷിക്കുന്നുണ്ടെന്നാണ് യു എന്‍ കണക്ക്. വികസിത രാജ്യങ്ങളിലെ വീടുകളില്‍ നിന്നും ഭക്ഷണ ശാലകളില്‍ നിന്നുമാണ് കൂടുതല്‍ പാഴാകുന്നത്. മൊത്തം ഭക്ഷ്യോത്പാദനത്തിന്റെ 35 ശതമാനത്തോളം വരുമിത്. മെട്രോ നഗരങ്ങളില്‍ കോടിക്കണക്കിന് രൂപ വില വരുന്ന ഭക്ഷണ സാധനങ്ങളാണ് ഭക്ഷ്യമാലിന്യമായി ഉപേക്ഷിക്കുന്നത്. അതേ രാഷ്ട്രങ്ങളിലോ അടുത്ത രാജ്യങ്ങളിലോ ഭക്ഷണം ലഭിക്കാതെ ലക്ഷക്കണക്കിന് കുട്ടികള്‍ വിശന്നുമരിക്കുകയും ചെയ്യുന്നു. യുനിസെഫിന്റെ കണക്ക് പ്രകാരം പ്രതിദിനം 22,000 കുട്ടികള്‍ ഭക്ഷണം കിട്ടാതെ മരിക്കുന്നുണ്ട്.
നിലവാരമില്ലായ്മയോ കേട് സംഭവിച്ചത് കൊണ്ടോ അല്ല പുറംമോടിയില്ലായ്മയാണത്രേ വികസിത രാജ്യങ്ങളിലെ നല്ലൊരു വിഭാഗമാളുകള്‍ ഭക്ഷണം കുപ്പത്തൊട്ടികളില്‍ ഉപേക്ഷിക്കുന്നതിന് കാരണം. ഗുണമേന്മയിലല്ല, പുറംകാഴ്ചക്കാണ് അവര്‍ പ്രാമുഖ്യം നല്‍കുന്നത്. ഒന്ന് വാങ്ങിയാല്‍ മറ്റൊന്ന് സൗജന്യം തുടങ്ങി ആവശ്യത്തിലധികം വാങ്ങാന്‍ പ്രേരിപ്പിക്കുന്ന ഓഫറുകള്‍, സൂക്ഷിക്കാന്‍ മതിയായ സംവിധാനമില്ലായ്മ, നിശ്ചിത സമയത്തിനകം ആഹരിച്ചില്ലെങ്കില്‍ ഭക്ഷ്യയോഗ്യമല്ലെന്ന അടിസ്ഥാന രഹിതമായ പ്രചാരണം തുടങ്ങിയവയും ഭക്ഷണം വെറുതെ നശിപ്പിക്കാന്‍ ഇടയാക്കുന്നു. ഇന്ത്യയിലും സമ്പന്നരുടെ ധൂര്‍ത്തും സര്‍ക്കാറിന്റെ അനാസ്ഥയും മൂലം വന്‍തോതില്‍ ഭക്ഷ്യസാധനങ്ങള്‍ നശിക്കുന്നുണ്ട്. 1997 മുതല്‍ 2007 വരെയുള്ള പത്ത് വര്‍ഷക്കാലത്തിനിടെ 65,000 കോടിയുടെ ഭക്ഷ്യവസ്തുക്കള്‍ ഗോഡൗണുകളില്‍ കിടന്നുനശിച്ചതായി വിവരാകാശ നിയമപ്രകാരം സര്‍ക്കാര്‍ വെളിപ്പെടുത്തിയതാണ്. 1.83 ലക്ഷം ഗോതമ്പും 6.33 ടണ്‍ അരിയും 2.20 ലക്ഷം ടണ്‍ നെല്ലും 111 ടണ്‍ ചോളവും 50 ലക്ഷം ടണ്‍ മറ്റ് ധാന്യങ്ങളും ഇക്കാലയളവില്‍ ചീഞ്ഞുനശിച്ചു കുഴിച്ചു മൂടുകയുണ്ടായി. ഇത് അല്‍പ്പം പഴയ കണക്കാണെങ്കിലും പിന്നീടുള്ള വര്‍ഷങ്ങളിലും ഇതിനൊരു മാറ്റം വന്നിട്ടില്ല. രാജ്യത്ത് ഉത്പാദിപ്പിക്കുന്ന ഭക്ഷണ സാധനങ്ങളുടെ നല്ലൊരു ശതമാനവും ഇപ്പോഴും നശിച്ചു കൊണ്ടിരിക്കുകയാണ്. ഒറ്റമണി ധാന്യം പോലും പാഴാക്കരുതെന്നും സൂക്ഷിക്കാന്‍ കഴിയില്ലെങ്കില്‍ അവ സൗജന്യമായി പാവങ്ങള്‍ക്ക് വിതരണം ചെയ്യണമെന്നും സുപ്രീം കോടതി സര്‍ക്കാറിനോടാവശ്യപ്പെട്ടിരുന്നു. 45 കോടിയോളം പട്ടിണിപ്പാവങ്ങള്‍ ജീവിക്കുന്ന രാജ്യത്ത് ഈ വിധം ഭക്ഷ്യവസ്തുക്കള്‍ നശിക്കാന്‍ ഇടവരുന്നത് അതീവ ഗൗരവതരമാണ്. സഊദിയും ഫ്രാന്‍സും മറ്റു യൂറോപ്യന്‍ യൂനിയന്‍ രാജ്യങ്ങളും ഇക്കാര്യത്തില്‍ കാണിക്കുന്ന ജാഗ്രത നമ്മുടെ ഭരണാധികള്‍ക്കും മാതൃകയാകേണ്ടതാണ്.