കെജരിവാളിന്റെ ഓഫീസില്‍ നിന്ന് പിടിച്ചെടുത്ത രേഖകള്‍ തിരിച്ചുകൊടുക്കാനുള്ളി വിധി ഹൈക്കോടതി സ്‌റ്റേ ചെയ്തു

Posted on: February 10, 2016 11:19 pm | Last updated: February 10, 2016 at 11:19 pm
SHARE

ന്യൂഡല്‍ഹി: സി ബി ഐ റെയ്ഡ് വിഷയത്തില്‍ അരവിന്ദ് കെജ്‌രിവാള്‍ സര്‍ക്കാറിന് തിരിച്ചടി. കഴിഞ്ഞ ഡിസംബര്‍ 15ന് കെജ്‌രിവാളിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജേന്ദ്ര കുമാറിന്റെ ഓഫീസ് റെയ്ഡ് ചെയ്ത് സി ബി ഐ സംഘം പിടിച്ചെടുത്ത രേഖകള്‍ തിരിച്ചു നല്‍കാനുള്ള വിചാരണ കോടതി വിധി ഹൈക്കോടതി റദ്ദാക്കി.
ഇത്തരമൊരു വിധി പുറപ്പെടുവിക്കാനുള്ള അധികാരം വിചാരണ കോടതിക്കില്ലെന്ന് സി ബി ഐ നല്‍കിയ അപ്പീല്‍ അനുവദിച്ച് ജസ്റ്റിസ് പി എസ് തേജി അധ്യക്ഷനായ ബഞ്ച് നിരീക്ഷിച്ചു. വിചാരണ കോടതി ഉത്തരവില്‍ നിറയെ വൈരുധ്യമുണ്ടെന്നും ബഞ്ച് വ്യക്തമാക്കി. പിടിച്ചെടുത്ത രേഖകള്‍ സംസ്ഥാന സര്‍ക്കാറിന്റെ പ്രവര്‍ത്തനത്തെ ഒരു നിലക്കും ബാധിക്കില്ലെന്നും അന്വേഷണത്തിന്റെ ഭാഗമായാണ് രേഖകള്‍ പിടിച്ചെടുത്തതെന്നും ഈ മാസം ഒന്നിന് നല്‍കിയ അപ്പീല്‍ ഹരജിയില്‍ സി ബി ഐ വാദിച്ചിരുന്നു.
അന്വേഷണം നടന്നു കൊണ്ടിരിക്കുന്ന ഘട്ടത്തില്‍ പിടിച്ചെടുത്ത രേഖകള്‍ കേസില്‍ പ്രസക്തമാണോ അല്ലയോ എന്ന് പറയാനാകില്ല. കേസുമായി ബന്ധമില്ലാത്ത രേഖകളാണ് പിടിച്ചെടുത്തതെന്ന വിചാരണ കോടതിയുടെ നിരീക്ഷണം അന്വേഷണ ഏജന്‍സിയെ കരിവാരിതേക്കുന്നതാണെന്നും സി ബി എക്ക് വേണ്ടി ഹാജരായ അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയില്‍ പറഞ്ഞു. രാജേന്ദ്ര കുമാറിനെതിരെ റജിസ്റ്റര്‍ ചെയ്ത അഴിമതി കേസിലാണ് ഡിസംബര്‍ 15ന് അദ്ദേഹത്തിന്റെ ഓഫീസ് റെയ്ഡ് ചെയ്തത്.
ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് ഒരു പ്രത്യേക കമ്പനിക്ക് വേണ്ടി ടെന്‍ഡര്‍ വാങ്ങിക്കാന്‍ സഹായിച്ചുവെന്നാണ് കേസ്. ഈ കേസുമായി ഒരു ബന്ധവുമില്ലാത്ത രേഖകളാണ് സി ബി ഐ പിടിച്ചെടുത്തതെന്നും സര്‍ക്കാറിന്റെ പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്താനാണ് സി ബി ഐ ശ്രമിക്കുന്നതെന്നും ചൂണ്ടിക്കാണിച്ചാണ് സര്‍ക്കാര്‍ വിചാരണ കോടതിയെ സമീപിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here