വിശ്വഭാരതി വി സിയെ പുറത്താക്കാന്‍ രാഷ്ട്രപതിക്ക് വീണ്ടും മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ കത്ത്

Posted on: February 10, 2016 11:14 pm | Last updated: February 11, 2016 at 9:14 am
SHARE

visva-bharti-vc-7591ന്യൂഡല്‍ഹി: സാമ്പത്തിക ക്രമക്കേടും ഭരണകാര്യങ്ങളില്‍ അനധികൃതമായ ഇടപെടലുമടക്കം ആരോപണം നേരിടുന്ന വിശ്വഭാരതി സര്‍വകലാശാല വൈസ് ചാന്‍സലര്‍ സുശാന്ത ദത്തഗുപ്തയെ പുറത്താക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം രാഷ്ട്രപതിക്ക് വീണ്ടും കത്തയച്ചു. വി സിക്കെതിരെ നടപടിയെക്കുന്നതില്‍ തെറ്റില്ലെന്ന അറ്റോര്‍ണി ജനറലിന്റെയും നിയമമന്ത്രാലയത്തിന്റെയും ഉപദേശത്തെ തുടര്‍ന്നാണിത്. കഴിഞ്ഞ നവംബറില്‍ സമാന ആവശ്യമുന്നയിച്ച് നല്‍കിയ കത്ത് പ്രസിഡന്റ് തിരിച്ചയച്ചിരുന്നു. ആരോപണ വിധേയനായ വി സിയോട് വിശദീകരണം തേടേണ്ടതില്ലെന്ന തീരുമാനത്തിന് നിയമസാധുതയില്ലെന്ന കാരണം കാട്ടിയാണ് അന്ന് തിരിച്ചയച്ചത്. എന്നാല്‍ വി സിക്കെതിരെയുള്ള നടപടിക്ക് നിയമസാധുതയുണ്ടെന്ന നിയമ മന്ത്രാലയത്തിന്റെ ഉപദേശത്തെ തുടര്‍ന്നാണ് മാനവവിഭവ ശേഷി വകുപ്പ് പ്രസിഡന്റിന് വീണ്ടും കത്തയച്ചത്. കഴിഞ്ഞയാഴ്ച വകുപ്പ് മന്ത്രി സ്മൃതി ഇറാനി പ്രസിഡന്റുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. ജെ എന്‍ യുവിലെ വി സി നിയമനവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ വിവാദമായതിനെ തുടര്‍ന്നായിരുന്നു ഇത്. നിയമമന്ത്രാലയത്തിന്റെ ഉപദേശം തേടിയതിനെതിരെ പ്രധാനമന്ത്രിയുടെ ഓഫീസ് വിമര്‍ശിച്ചിരുന്നു.
വിശ്വഭാരതി സര്‍വകലാശാലയില്‍ നിന്ന് വേതനം പറ്റുന്നതിനോടൊപ്പം ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ നിന്ന് പെന്‍ഷന്‍ വാങ്ങുന്നുണ്ടെന്നതാണ് വി സിക്കെതിരായ ആരോപണം. പെന്‍ഷന്‍ തുക വിശ്വഭാരതി സര്‍വകലാശാലയില്‍ നിന്ന് ലഭിക്കുന്ന വേതനത്തില്‍ നിന്ന് കുറക്കണമെന്നാണ് ചട്ടം. വി സിയുടെ കാര്യത്തില്‍ ഇതുണ്ടായില്ലെന്ന് പറയുന്നു. ഇതിന് പുറമെ സര്‍വകലാശാല ചട്ടങ്ങള്‍ മറികടന്ന് തന്റെ വിവേചനാധികാരം ഉപയോഗിച്ച് പ്രധാനമായ പോസ്റ്റുകളിലടക്കം വി സി അനധികൃത നിയമനങ്ങളും വി സി നടത്തിയിരുന്നു. 2011ലാണ് ദത്തഗുപ്തയെ വിശ്വഭാരതി സര്‍വകലാശാലയുടെ ചാന്‍സലറായി നിയമിച്ചത്. തന്റെ കാലാവധി കഴിയാന്‍ ഒരു വര്‍ഷം കൂടിയുണ്ടെന്നിരിക്കെ തന്നെ പുറത്താക്കണമെന്നുള്ള തീരുമാനത്തിന്റെ നിയമസാധുത ചോദ്യം ചെയ്തുള്ള ഹരജി കൊല്‍ക്കത്ത ഹൈക്കോടതി തള്ളിയിരുന്നു. വി സിയെ പുറത്താക്കാനുള്ള കത്തില്‍ രാഷ്ട്രപതി ഒപ്പ് വെച്ചാല്‍ ദത്തഗുപ്ത രാഷ്ട്രപതി പുറത്താക്കുന്ന രാജ്യത്തെ ആദ്യത്തെ വൈസ് ചാന്‍സലറാകും.

LEAVE A REPLY

Please enter your comment!
Please enter your name here