Connect with us

Gulf

'2028ലെ ഒളിംപിക്‌സ് വേദിക്ക് ഖത്വര്‍ ശ്രമിക്കും'

Published

|

Last Updated

ദോഹ: ലോകത്തെ ഏറ്റവും വലിയ കായിക മാമാങ്കമായ ഒളിംപിക്‌സ് ആതിഥ്യമരുളാന്‍ ഖത്വറിന് ആത്മവിശ്വാസമുണ്ടെന്നും അതിനായി ശ്രമിക്കുമെന്നും ഖത്വര്‍ ഒളിംപിക് കമ്മിറ്റി (ക്യു ഒ സി) സെക്രട്ടറി ജനറല്‍ ഡോ. താനി അല്‍ കുവാരി. 2028 ഒളിംപിക്‌സിനുള്ള ബിഡ് സമര്‍പ്പിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഒളിംപിക്‌സ്, 2019ലെ ലോക അത്‌ലറ്റിക്‌സ് ചാംപ്യന്‍ഷിപ്പ്, 2022ലെ ഫിഫ ലോകകപ്പ്, 2023ലെ ഫിന ലോക നീന്തല്‍ ചാംപ്യന്‍ഷിപ്പ് തുടങ്ങിയ കായിക മത്സരങ്ങള്‍ക്ക് ഉപയോഗിക്കാന്‍ സാധിക്കുന്ന കെട്ടിട സൗകര്യങ്ങള്‍ ഖത്വറില്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ലോക ഹാന്‍ഡ്‌ബോള്‍ ചാംപ്യന്‍ഷിപ്പും പാരാലംപിക്‌സ് അത്‌ലറ്റിക്‌സും ഖത്വറില്‍ നടന്നിരുന്നു. 2022ന് ശേഷം പ്രത്യേകിച്ചും ഏത് വലിയ കായിക മത്സരങ്ങള്‍ ഉപയോഗിക്കാന്‍ സാധിക്കുന്ന സൗകര്യങ്ങള്‍ രാജ്യത്ത് ലഭ്യമാകും. 99 ശതമാനം സൗകര്യങ്ങളും 2022ല്‍ സജ്ജമാകും. ലോകകപ്പ് മത്സരം നടക്കുന്ന ഖലീഫ ഇന്റര്‍നാഷനല്‍ സ്റ്റേഡിയത്തില്‍ തന്നെയാണ് 2019ലെ അത്‌ലറ്റിക്‌സ് ചാംപ്യന്‍ഷിപ്പുകള്‍ നടക്കുക.
ലോകകപ്പ് ഒരുക്കങ്ങള്‍ക്ക് ദോഹ മെട്രോ അടക്കം സഹസ്രകോടി ഡോളറിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങളാണ് ഖത്വറില്‍ നടക്കുന്നത്. 2020ലെ ഒളിംപിക്‌സിന് ഖത്വര്‍ ബിഡ് സമര്‍പ്പിച്ചിരുന്നെങ്കിലും ജപ്പാനാണ് നറുക്ക് വീണത്. 2024ലെ ഒളിംപിക്‌സിന് ശക്തമായി മത്സരരംഗത്തുണ്ടായിരുന്നെങ്കിലും അവസാനനിമിഷം പിന്‍മാറുകയായിരുന്നു.
കളിക്കാര്‍ക്കും കാണികള്‍ക്കും ശീതീകരണ സംവിധാനത്തില്‍ ഉപയോഗിക്കാവുന്ന തരത്തില്‍ സ്റ്റേഡിയം നിര്‍മിക്കാമെന്ന് ഖത്വര്‍ പ്രതിബദ്ധത പ്രകടിപ്പിച്ചെങ്കിലും ഫിഫ നവംബര്‍- ഡിസംബര്‍ മാസങ്ങളില്‍ ലോകകപ്പ് നടത്താനാണ് തീരുമാനിച്ചത്. സാധാരണ ജൂണ്‍- ജൂലൈ മാസങ്ങളിലാണ് ഫുട്‌ബോള്‍ ലോകകപ്പ് നടക്കാറുള്ളത്. ആ സമയം ഖത്വറില്‍ അമ്പത് ഡിഗ്രിയോളമായിരിക്കും ചൂട്.

Latest