നഷ്ടപ്പെട്ട സാധനങ്ങള്‍ കണ്ടെത്തുന്നതിന് ഉപകരണവുമായി ഖത്വര്‍ യൂനിവേഴ്‌സിറ്റി വിദ്യാര്‍ഥിനികള്‍

Posted on: February 10, 2016 7:59 pm | Last updated: February 12, 2016 at 8:45 pm

qatar universityദോഹ: ഖത്വര്‍ യൂനിവേഴ്‌സിറ്റിയില്‍ ഖാഹോ എന്ന കമ്പനി സ്ഥാപിച്ച് പഠനകാലയളവില്‍ തന്നെ സംരംഭകത്വത്തിലേക്ക് കടന്ന് രണ്ട് വിദ്യാര്‍ഥിനികള്‍. കംപ്യൂട്ടര്‍ എന്‍ജിനീയറിംഗ് വിദ്യാര്‍ഥിനികളായ റഗദ് അക്രം അബുഗസ്സ, റനീം സാമിര്‍ അബുഖലീല്‍ എന്നിവരാണ് കമ്പനി സ്ഥാപിച്ചത്.
നഷ്ടപ്പെട്ട വസ്തുക്കള്‍ കണ്ടത്താന്‍ സാധിക്കുന്ന ഹൈടെക് ട്രാക്കിംഗ് സംവിധാനമുള്ള ഉപകരണമാണ് ഇവര്‍ വികസിപ്പിച്ചത്. കഴിഞ്ഞ നവംബറില്‍ നടന്ന യംഗ് എന്റര്‍പ്രൈസ് ഓഫ് ദ ഇയര്‍ കോംപിറ്റീഷന്‍ എന്ന മുബാദറയില്‍ ബെസ്റ്റ് കമ്പനി ഓഫ് ദ ഇയര്‍ പുരസ്‌കാരം ഇവര്‍ക്കാണ് ലഭിച്ചത്. സംരംഭം വികസിപ്പിക്കാനാണ് ഇവര്‍ അവാര്‍ഡ് തുക വിനിയോഗിച്ചത്. ഇതിന് പുറമെ ബോയിംഗില്‍ നിന്ന് 35000 ഖത്വര്‍ റിയാലും ഖത്വര്‍ ബിസിനസ് ഇന്‍കുബേഷന്‍ സെന്ററില്‍ നിന്ന് മറ്റ് സാഹയവും ലഭിച്ചു. മൊബൈല്‍ ആപ്പ് ഉപയോഗിച്ചാണ് ഈ ഉപകരണം പ്രവര്‍ത്തിക്കുക. ബ്ലൂടൂത്തിലൂടെ റിംഗിംഗ്, മാപ്പ് ഫീച്ചറുകള്‍ ഉപയോഗപ്പെടുത്തിയാണ് നഷ്ടപ്പെട്ട സാധനങ്ങള്‍ കണ്ടെത്തുന്നത്. ഇപ്പോള്‍ ഉപകരണം പ്രാഥമികഘട്ടത്തിലാണെന്നും മൂന്ന്- അഞ്ച് മാസത്തിനുള്ളില്‍ ഉപകരണം അവതരിപ്പിക്കുമെന്നും വിദ്യാര്‍ഥിനികള്‍ പറഞ്ഞു. തങ്ങളുടെ ഉത്പന്നം വാങ്ങാന്‍ 78 ശതമാനം പേര്‍ സന്നദ്ധത പ്രകടിപ്പിച്ചതായും ഇവര്‍ അറിയിച്ചു.
ഖത്വറിലെ സാങ്കേതികവിദ്യാ മേഖലയുടെ വളര്‍ച്ചക്കും എണ്ണയിതര സാമ്പത്തികമേഖല വികസിക്കുന്നതിനും നൂതന സ്റ്റാര്‍ട്ട്അപ്പുകള്‍ സ്ഥാപിക്കാന്‍ യുവതലമുറയെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ സാധിക്കുമെന്നാണ് ഇവരുടെ നിരീക്ഷണം. സാങ്കേതികവിദ്യയില്‍ അധിഷ്ഠിതമായ നിരവധി കമ്പനികളും സ്റ്റാര്‍ട്ട്അപ്പുകളും ഖത്വറിലും മറ്റ് അറബ് രാജ്യങ്ങളിലും വളര്‍ന്നുവരുന്നുണ്ട്. ഇത്തരം നിരവധി കമ്പനികള്‍ ഉണ്ടാവേണ്ടത് നിലവിലെ സാമ്പത്തിക അന്തരീക്ഷത്തില്‍ അത്യന്താപേക്ഷിതമാണെന്നും വിദ്യാര്‍ഥിനികള്‍ പറയുന്നു.സ്റ്റാര്‍ട്ടപ്പുകള്‍ അന്താരാഷ്ട്ര മാര്‍ക്കറ്റിലേക്ക് കടക്കുകയും എണ്ണയിതര സമ്പദ്‌വ്യവസ്ഥ ഖത്വറില്‍ ശക്തമാണെന്ന് തെളിയിക്കുകയും വേണം. സാങ്കേതികവിദ്യയില്‍ അധിഷ്ഠിതമായ സംരംഭത്തിന് നിരവധി വെല്ലുവിളികളുണ്ട്. കൂടുതല്‍ കഠിനാധ്വാനം ചെയ്ത് ശരിയായ ദിശയിലൂടെ സഞ്ചരിച്ചാല്‍ വിജയിക്കാവുന്നതേയുള്ളൂ. സംരംഭം വിജയിക്കാന്‍ മറ്റ് വഴികള്‍ ആലോചിച്ചതേയില്ല. വെല്ലുവിളികള്‍ ഏറ്റെടുത്ത് അസാധ്യമായത് സാധ്യമാക്കുമ്പോഴാണ് ഫലം ലഭിക്കുന്നത്. ട്രാക്കിംഗ് ഉപകരണം വികസിപ്പിക്കുന്നതിന് അനിവാര്യമായ വസ്തുക്കളുടെ സ്രോതസ്സ് ലഭിക്കാനായിരുന്നു കൂടുതല്‍ കഷ്ടപ്പാട്. യുവതലമുറക്ക് തങ്ങളുടെ ഖാഹു കമ്പനി ഉത്തേജനമാകുമെന്നാണ് പ്രതീക്ഷയെന്നും ഇവര്‍ പറഞ്ഞു.