Connect with us

Gulf

നാടു നിറഞ്ഞ് കായിക ആഘോഷം

Published

|

Last Updated

ദോഹ: ആരോഗ്യവും ഉത്സാഹവുമുള്ള സമൂഹത്തിന്റെ ജീവനം കാഴ്ചയാക്കി ഖത്വര്‍ ദേശിയ കായിക ദിനത്തില്‍ നാടാകെ ആഘോഷം. സര്‍ക്കാര്‍ വകുപ്പുകളും സ്ഥാപനങ്ങളും സ്വകാര്യ സ്ഥാപനങ്ങളും സമൂഹവും പങ്കു ചേര്‍ന്ന ആഘോഷവും ആരവവും. ഇടയവധിദിനത്തിന്റെ ആഹ്ലാദത്തില്‍ രാജ്യത്തെ പരദേശി സമൂഹവും സ്‌പോര്‍ട്‌സ് ദിനത്തെ ആഘോഷമാക്കി.
കായിക ദിനാഘോഷ പരിപാടികളില്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ താനി സ്വദേശികള്‍ക്കും വിദേശികള്‍ക്കുമൊപ്പം പങ്കു ചേര്‍ന്നു. സിമൈസിമ യൂത്ത് സെന്ററിലെ നൊമാസ് സെന്ററിലെ സ്‌പോര്‍ട്‌സ് ഡേ പരിപാടികളില്‍ അമീര്‍ രാവിലെ പങ്കെടുത്തു. കുട്ടികളുടെ കുതിരസവാരി, ഒട്ടകയോട്ടം, പരമ്പരാഗത അമ്പെയ്ത്ത് എന്നിവ അമീര്‍ ആസ്വദിച്ചു. കുട്ടികള്‍ക്കൊപ്പം ഫുട്‌ബോള്‍ കളിയില്‍ പങ്കു ചേര്‍ന്ന അദ്ദേഹം അവരോട് കുശലാന്വേഷണത്തിനും സമയം കണ്ടെത്തി.
മന്ത്രിസഭാ കൗണ്‍സില്‍ ജനറല്‍ സെക്രട്ടേറിയറ്റ് സ്‌പോര്‍ട്‌സ് ദിനം ആഘോഷിച്ചു. ഉപപ്രധാനമന്ത്രി അഹ്മദ് ബിന്‍ അബ്ദുല്ല അല്‍ മഹ്മൂദ് പങ്കെടുത്തു. ദോഹ കോര്‍ണിഷിലെ മാര്‍ച്ചോടെയായിരുന്നു ആഘോഷങ്ങളുടെ തുടക്കം. തുടര്‍ന്ന് അല്‍ മര്‍കിയി സ്‌പോര്‍ട്‌സ് ക്ലബില്‍ വിവധ കായിക പരിപാടികള്‍ നടന്നു.
ദോഹ കോര്‍ണീഷിലാണ് ഔദ്യോഗിക പരിപാടികള്‍ക്ക് തുടക്കം കുറിച്ചത്. കോര്‍ണിഷില്‍ മന്ത്രാലയം പ്രതിനിധികള്‍, നയതന്ത്ര പ്രതിനിധികള്‍ പങ്കെടുത്തു. രാജ്യത്തെ എല്ലാ സ്‌പോര്‍ട്‌സ് ക്ലബുകളും ദിനാഘോഷത്തില്‍ വ്യത്യസ്ത കായിക പരിപാടികളുമായി പങ്കു ചേര്‍ന്നു. രാജ്യത്തെ പ്രധാന സ്റ്റേഡിയങ്ങളിലെല്ലാം കായിക ദിന പരിപാടികള്‍ നടന്നു. വ്യത്യസ്ത പ്രായങ്ങളിലുള്ളവര്‍ക്കായി വെവ്വേറെ പരിപാടികള്‍ സംഘടിപ്പിക്കാന്‍ ഒളിംപിക് കമ്മിറ്റി ശ്രദ്ധിച്ചിരുന്നു.
ആസ്‌പെയര്‍ സോണില്‍ വര്‍ണാഭമായ പരിപാടികളാണ് നടന്നത്. വിവിധ മന്ത്രാലയങ്ങളും സര്‍ക്കാര്‍ സ്ഥാപനങ്ങളും ഇവിടെ ആഘോഷത്തില്‍ ചേര്‍ന്നു. ആയിരങ്ങളാണ് പരിപാടികള്‍ക്ക് കാണികളായി എത്തിയത്. കുട്ടികള്‍ക്കും കുടുംബങ്ങള്‍ക്കും ആസ്വദിക്കാനുള്ള വിവിധ പരിപാടികള്‍ അരങ്ങേറി.
ആസ്‌പെയര്‍ അക്കാദമിയിലും ആസ്‌പെയര്‍ ലൊജിസ്റ്റിക്‌സിലും പരിപാടികള്‍ നടന്നു. പൊതുജനാരോഗ്യം, ജീവിതശൈലി തുടങ്ങിയ രംഗങ്ങളില്‍ ജനങ്ങളെ ബോധവ്തകരിക്കുന്ന പരിപാടികളും സ്‌പോര്‍ട്‌സ് ദിനത്തിന്റെ ഭാഗമായി നടന്നു.
കതാറ കള്‍ചറല്‍ വില്ലേജിലും വിവിധ പരിപാടികള്‍ നടന്നു. പ്രത്യേക പരിചരണം വേണ്ട കുട്ടികള്‍ക്കായി ആഭ്യന്തര മന്ത്രാലയം സംഘടിപ്പിച്ച പരിപാടികളുടെ ചിത്രങ്ങള്‍ മന്ത്രാലയം സോഷ്യല്‍ മീഡിയ പേജില്‍ പ്രസിദ്ധപ്പെടുത്തി.
ഖത്വര്‍ ഫൗണ്ടേഷനില്‍ നടന്ന ആഘോഷ പരിപാടിയില്‍ ചെയര്‍പേഴ്‌സന്‍ ശൈഖ മൗസ ബിന്‍ത് നാസര്‍ പങ്കെടുത്തു.