Connect with us

Gulf

ഫിഫ ഫുട്‌ബോള്‍ ലോകകപ്പ്: പ്രത്യേക അതിവേഗ കോടതി പരിഗണനയില്‍

Published

|

Last Updated

ദോഹ: ലോകകപ്പ് കാണികളായി എത്തുന്നവര്‍ നടത്തുന്ന നിയമലംഘനങ്ങളുടെ പരിഹാരത്തിനായി ഖത്വറില്‍ പ്രത്യേക അതിവേഗ കോടതി സ്ഥാപിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. സൗത്ത് ആഫ്രിക്കയില്‍ ലോകകപ്പ് നടന്നപ്പോള്‍ സ്ഥാപിക്കപ്പെട്ടതു പോലെ പ്രത്യേക കോടതി സ്ഥാപിക്കുന്നതു സംബന്ധിച്ച് ഫിഫയുമായി ചര്‍ച്ച ചെയ്യുമെന്ന് ഖത്വര്‍ വേള്‍ഡ് കപ്പ് കമ്മിറ്റി മേധാവി ഹസന്‍ അല്‍ തവാദി പറഞ്ഞു. ഇന്നലെ നടന്ന സ്‌പോര്‍ട്‌സ് കോണ്‍ഫറന്‍സില്‍ പങ്കെടുക്കാനെത്തിയ അദ്ദേഹം മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരമായാണ് ഇക്കാര്യം പറഞ്ഞത്.
ലോകത്തെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള സാംസ്‌കാരിക വൈജാത്യമുള്ള അഞ്ചു ലക്ഷം കാണികള്‍ രാജ്യത്തെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇവര്‍ നടത്തുന്ന വിവിധ തരത്തിലുള്ള നിയമലംഘനങ്ങള്‍ക്ക് പരിഹാരം കാണേണ്ടതുണ്ട്. പൊതുസ്ഥത്തു വെച്ച് മദ്യപിക്കുന്നതിനുള്ള വിലക്കുള്ള രാജ്യത്ത് ലോകകപ്പ് കാണികളായെത്തുന്ന വിദേശികളെ എങ്ങനെ കൈകാര്യം ചെയ്യുമെന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. നിശ്ചിത സ്ഥലങ്ങളില്‍നിന്നും മദ്യം വാങ്ങുന്നതിന് വിദേശികള്‍ക്ക് സൗകര്യമൊരുക്കും. എന്നാല്‍ രാജ്യത്തിന്റെ സാംസ്‌കാരിക പാരമ്പര്യം സംരക്ഷിക്കേണ്ടതുണ്ട്. നിയമം ലംഘിക്കപ്പെടുന്നവര്‍ക്കെതിരെ കേസെടുക്കുമ്പോള്‍ അവ അതിവേഗ സ്വഭാവത്തില്‍ തീര്‍പ്പാക്കുന്നതിനുള്ള മാര്‍ഗമാണ് ആരായുന്നത്.
2010ലെ ലോകകപ്പ് വേളയില്‍ സൗത്ത് ആഫ്രിക്കയില്‍ 56 പ്രത്യേക കോടതികളാണ് സ്ഥാപിച്ചത്. വിവിധ കുറ്റകൃത്യങ്ങളില്‍ അകപ്പെടുന്നവരും പിടിക്കപ്പെടുന്നവരും ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്തായിരുന്നു നടപടി. അവിടെ കുറ്റം കണ്ടെത്തിയവരില്‍ ബഹുഭൂരിഭാഗം പേര്‍ക്കും പിഴയാണ് ശിക്ഷ വിധിച്ചത്. ഇതേ മാര്‍ഗം തന്നെ സ്വീകരിക്കാമോ എന്നാണ് ഖത്വറും ആലോചിക്കുന്നത്. നിയമം ലംഘിക്കുകയും പൊതുജനത്തെ ശല്യം ചെയ്യുകയും ചെയ്യുന്നവര്‍ക്കെതിരെയെല്ലാം നടപടികള്‍ സ്വീകരിക്കേണ്ടി വരും. എന്നാല്‍ അവ വേഗം തീര്‍പ്പാക്കുന്നതിനാണ് സംവിധാനം വേണ്ടതെന്ന് തവാദി പറഞ്ഞു.
ലോകത്തെ എല്ലാവരേയും ഞങ്ങള്‍ ഖത്വറിലേക്ക് സ്വാഗതം ചെയ്യുന്നു. ഏതു രാജ്യത്തു നിന്നും സംസ്‌കാരത്തില്‍ നിന്നും വരുന്നുവെന്നത് വിഷയമല്ല. സാംസ്‌കാരിക സമന്വയ വേദികൂടിയായി മിഡില്‍ ഈസ്റ്റിലെ ആദ്യ കാല്‍പ്പന്ത് മാമാങ്കത്തെ കാണുകയാണ്. എല്ലാവര്‍ക്കുമുള്ള സൗകര്യവും സമാധാനവാസവും ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു.

Latest