Connect with us

Gulf

10 വര്‍ഷത്തിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ തിരുവനന്തപുരത്തേക്ക് യാത്ര ചെയ്തത് 20 ലക്ഷം പേര്‍

Published

|

Last Updated

ദുബൈ: യാത്രാ-ചരക്കു നീക്കങ്ങളില്‍ തിരുവനന്തപുരം എമിറേറ്റ്‌സിനു പ്രധാന ലക്ഷ്യമാണെന്ന് കമ്പനി അധികൃതര്‍. കഴിഞ്ഞ 10 വര്‍ഷത്തിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ തിരുവനന്തപുരത്തേക്ക് പറന്നത് 20 ലക്ഷത്തിലധികം യാത്രക്കാരാണ്. ഒരു ലക്ഷത്തിലധികം ടണ്‍ ചരക്കുനീക്കം നടന്നു.
എമിറേറ്റ്‌സിന്റെ മുഖ്യ ലക്ഷ്യസ്ഥാനമാണ് ദക്ഷിണേന്ത്യന്‍ നഗരങ്ങളെന്ന് എമിറേറ്റ്‌സിന്റെ പശ്ചിമേഷ്യന്‍ കമേഴ്‌സ്യല്‍ ഓപറേഷന്‍ സീനിയര്‍ വൈസ് ചെയര്‍മാന്‍ അഹ്മദ് ഖൂരി പറഞ്ഞു. 2006 മുതല്‍ എമിറേറ്റ്‌സ് കേരള തലസ്ഥാനമായ തിരുവനന്തപുരത്തേക്ക് സര്‍വീസ് നടത്തുന്നുണ്ട്. കേരളം ഞങ്ങള്‍ക്ക് ഏറെ പ്രധാനപ്പെട്ട ലക്ഷ്യസ്ഥാനമാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വിനോദ സഞ്ചാരം, കച്ചവടം, ചികിത്സ, എന്നീ ആവശ്യങ്ങള്‍ക്കായി നിരവധി പേരാണ് ദൈനം ദിനം കേരളത്തിലേക്ക് യാത്ര ചെയ്യുന്നത്. ഇത് ഞങ്ങളുടെ വ്യാപാര സാധ്യതകള്‍ വര്‍ധിപ്പിച്ചു, അഹ്മദ് ഖൂരി പറഞ്ഞു. കഴിഞ്ഞ 30 വര്‍ഷമായി എമിറേറ്റ്‌സ് ഇന്ത്യയിലേക്ക് സര്‍വീസ് നടത്തുന്നു. ഇന്ത്യയിലെ പ്രധാനപ്പെട്ട 10 നഗരങ്ങളിലേക്ക് എമിറേറ്റ്‌സ് പറക്കുന്നുണ്ട്. കേരളത്തിലെ മൂന്ന് നഗരങ്ങളിലേക്ക് സര്‍വീസ് നടത്തുന്നു. കോഴിക്കോട്ടേക്കുള്ള സര്‍വീസ് നിര്‍ത്തിവെച്ചത് താല്‍ക്കാലികമാണെന്നും അഹ്മദ് ഖൂരി വ്യക്തമാക്കി.
ഇന്ത്യയിലേക്ക് സര്‍വീസ് നടത്തുന്ന ഏറ്റവും വലിയ മൂന്നാമത്തെ കമ്പനിയായി ഇന്ന് എമിറേറ്റ്‌സ് മാറിയിട്ടുണ്ടെന്നും ഖൂരി ചൂണ്ടിക്കാട്ടി.