കുഴല്‍ കിണറും പമ്പും തകരാറിലായി; കുടിവെള്ളമില്ലാതെ നാട്ടുകാര്‍ വലയുന്നു

Posted on: February 10, 2016 11:47 am | Last updated: February 10, 2016 at 11:47 am
SHARE

ചെര്‍പ്പുളശ്ശേരി: കുഴല്‍ കിണറും പമ്പും തകരാറിലായി മാസങ്ങള്‍ പിന്നിട്ടിട്ടും അറ്റകുറ്റപ്പണി നടത്താത്തതിനാല്‍ ചളവറയിലെ കേന്ദ്രീകൃത കുടിവെള്ള പദ്ധതിയില്‍ നിന്നും വീട്ടുകണക്ഷന്‍ എടുത്തവര്‍ കുടിവെള്ളം ലഭിക്കാതെ ദുരിതത്തിലാകുന്നു.
ചളവറ മനക്കല്‍ പടിയില്‍ നിന്നും തിരുത്തുക്കല്‍ പടിയില്‍നിന്നുമുള്ള രണ്ട് കിണറുകളില്‍ നിന്നാണ് കേന്ദ്രീകൃത കുടിവെള്ള പദ്ധതിയിലേക്ക് വെള്ളം പമ്പ് ചെയ്തിരുന്നത്. ഇക്കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിന്റെ രണ്ട് മാസം മുമ്പാണ് കേന്ദ്രീകൃത കുടിവെള്ള പദ്ധതിയിലേക്ക് വെള്ളം പമ്പ് ചെയ്യുന്ന രണ്ട് കിണറുകളിലെ ഒരെണ്ണം ചെളി നിറഞ്ഞ് തകരാറിലായതിനെ തുടര്‍ന്ന് പമ്പിംഗ് നിര്‍ത്തിവെച്ചത്. രണ്ട് കിണറുകളില്‍ നിന്നും ഒന്നിടവിട്ട ദിവസങ്ങളിലായാണ് രണ്ട് ഭാഗങ്ങളിലേക്കും വെള്ളം പമ്പ് ചെയ്തിരുന്നത്. പിന്നീട് ഒരു കിണറിലെ വെള്ളം മാത്രമായതിനാല്‍ പല ഭാഗങ്ങളിലേക്കും വെള്ളം ലഭിക്കാതായി. പഞ്ചായത്ത് നിയോഗിച്ച ഒരു സമിതിയാണ് പദ്ധതി നടത്തിക്കൊണ്ടിരുന്നത്.വൈദ്യുതി ബില്ലും മറ്റു അറ്റകുറ്റപണികളുടെയും സാമ്പത്തിക ചിലവ് വര്‍ധിക്കുകയും വെള്ളക്കരം യഥാസമയം പിരിച്ചെടുക്കാത്തതിനെത്തുടര്‍ന്നും സമിതിയുടെ കൈയില്‍ ഫണ്ടില്ലെന്ന് പറഞ്ഞാണ് കേടുവന്ന കിണറും പമ്പും അറ്റകുറ്റപ്പണി നടത്താതെ നീട്ടിക്കൊണ്ട് പോയത്.
പല തവണ കുടിവെള്ളം ലഭിക്കാത്തതിനെ തുടര്‍ന്ന് ഉപഭോക്താക്കള്‍ പഞ്ചായത്തധികൃതരെ സമീപിച്ച് പരാതിപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ കിണര്‍ കുഴിക്കുന്നതിനും മോട്ടോര്‍ നന്നാക്കുന്നതിനും ഫണ്ട് നീക്കിവെച്ചിട്ടുണ്ടെന്നും ഉടന്‍ പണി തുടങ്ങുമെന്നുമാണ് അന്നത്തെ പഞ്ചായത്ത് പ്രസിഡന്റ് ജനങ്ങള്‍ക്ക് ഉറപ്പ് നല്‍കിയത്. എങ്കിലും ഇത് വരെ പ്രാവര്‍ത്തികമായില്ല. ഉടന്‍ നടപടിയെടുക്കാത്ത പക്ഷം ശക്തമായ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുമെന്നാണ് നാട്ടുകാരുടെ മുന്നറിയിപ്പ്.