Connect with us

Palakkad

കടപ്പാറ ആദിവാസി സമരം: റവന്യു വകുപ്പ് ഭൂമി അളന്ന് തിട്ടപ്പെടുത്തി

Published

|

Last Updated

വടക്കഞ്ചേരി: മംഗലാഡം കടപ്പാറ മൂര്‍ത്തിക്കുന്നില്‍ ആദിവാസികള്‍ നടത്തുന്ന സമരത്തെ തുടര്‍ന്ന് റവന്യു സംഘം സ്ഥലം അളന്ന് തിട്ടപ്പെടുത്തിയത്. മൂര്‍ത്തിക്കുന്ന് കോളനിയിലെ 22 ആദിവാസി കുടുംബങ്ങള്‍ക്ക് ഭൂമി നല്‍കുന്നതിന്റെ ആദ്യ പടിയായാണ് താലൂക്ക് ഹെഡ് സര്‍വേയര്‍ ആര്‍ ശശികുമാര്‍, സര്‍വേയര്‍മാരായ കെ വി ആസാദ്, പ്രജി ജയന്‍, ഷാനിദാസ്, മംഗലംഡാം വില്ലേജ് ഓഫീസര്‍ വി സന്തോഷ്‌കുമാര്‍, സ്‌പെഷല്‍ വില്ലേജ് ഓഫീസര്‍ എന്‍ ബിജുമോന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം വനഭൂമി അളന്ന് തിട്ടപ്പെടുത്തിയത്.
വനഭൂമിയുടെ അതിര്‍ത്തി നിര്‍ണയിച്ച് അളക്കുകയാണ് ചെയ്തത്. ഇതിനിടയില്‍ വനഭൂമി അളക്കുന്നതിനായി വന്ന സര്‍വേ തര്‍ക്കത്തില്‍ കലാശിച്ചു. സ്വകാര്യ വ്യക്തികളുടെ ഭൂമിയാണ് അളക്കുന്നത് എന്ന സംശയത്താല്‍ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയപ്പോള്‍ വനഭൂമി അളക്കുന്നതിന് രേഖാമൂലം അറിയിപ്പൊന്നും കിട്ടിയില്ലെന്ന് പറഞ്ഞാണ് വനം വകുപ്പ് അധികൃതര്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. തര്‍ക്കത്തെ തുടര്‍ന്ന് ആലത്തൂര്‍ തഹസില്‍ദാര്‍ അജിതകുമാര്‍ സ്ഥലത്തെത്തി വനം വകുപ്പ് ഡെപ്യൂട്ടി റെയ്ഞ്ചര്‍ ശ്യാമള ദാസുമായും നാട്ടുകാരുമായും ചര്‍ച്ച നടത്തി പ്രശ്‌നം പരിഹരിച്ചതിന് ശേഷമാണ് സര്‍വേ നടപടികള്‍ ആരംഭിച്ചത്.
സ്വകാര്യ വ്യക്തിയുടെ ഭൂമി അളക്കില്ലെന്നും വനം വകുപ്പ് രേഖാമൂലമുള്ള അറിയിപ്പ് നല്‍കുമെന്നും തഹസില്‍ദാര്‍ ഉറപ്പ് നല്‍കി.
അളന്ന് അതിര്‍ത്തി നിര്‍ണയിച്ച് കലക്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന് ശേഷം കലക്്ടറുടെ നിര്‍ദ്ദേശ പ്രകാരം ഓരോ കുടുംബങ്ങള്‍ക്കും ഭൂമി നല്‍കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കും. കഴിഞ്ഞ ജനുവരി 15 മുതലാണ് മൂര്‍ത്തിക്കുന്ന് ആദിവാസി കോളനിയിലെ 22ഓളം കുടുംബങ്ങള്‍ കൃഷി ചെയ്യാന്‍ ഭൂമിയും വാസയോഗ്യമായ വീടും വേണമെന്നാവശ്യപ്പെട്ട് സമരം ആരംഭിച്ചത്.
സമരം 26 ദിവസം പിന്നിടുകയും സമരക്കാര്‍ വനഭൂമി കൈയേറി മരം മുറിക്കുകയും കുടില്‍ കെട്ടുകയും ചെയ്തതിനെത്തുടര്‍ന്ന് അധികൃതര്‍ പ്രശ്‌നത്തില്‍ അടിയന്തരമായി ഇടപെടുകയായിരുന്നു.
സമരപ്പന്തല്‍ സന്ദര്‍ശിച്ചതിന് ശേഷം എം ചന്ദ്രന്‍ എം എല്‍ എ ആദിവാസികളുടെ പ്രശ്‌നം ജില്ലാ വികസന സമിതി യോഗത്തില്‍ ഉന്നയിച്ചതിനെ തുടര്‍ന്നാണ് ഇപ്പോള്‍ അധികൃതര്‍ വേഗത്തില്‍ നടപടി എടുത്തിട്ടുള്ളത്.