Connect with us

Wayanad

സുല്‍ത്താന്‍ ബത്തേരി-മാനന്തവാടി റൂട്ടില്‍ സ്വകാര്യ ബസ് സമരം തുടരുന്നു; ചര്‍ച്ച നാളെ

Published

|

Last Updated

കല്‍പ്പറ്റ: ബത്തേരി പനമരം മാനന്തവാടി റൂട്ടില്‍ സ്വകാര്യ ബസ് തൊഴിലാളികള്‍ നടത്തി വന്ന പണിമുടക്ക് പൂര്‍ണം. സമരം നാളെയും തുടരുമെന്ന് സ്വകാര്യബസ് തൊഴിലാളി സംയുക്ത സമരസമിതി അറിയിച്ചു. സമയക്രമം പാലിച്ചില്ലെന്നാരോപിച്ച് കേണിച്ചിറയിലും നടവയലിലും നാട്ടുകാര്‍ ബസുകളെ തടഞ്ഞതാണ് സമരത്തിന് കളമൊരുക്കിയത്.
തിങ്കളാഴ്ച മിന്നല്‍ പണിമുടക്കിലേര്‍പ്പെട്ട സ്വകാര്യ ബസ് തൊഴിലാളികള്‍ ചൊവ്വാഴ്ച ബസുകള്‍ നിരത്തിലിറക്കിയില്ല. സമരം ഇന്നും തുടരാനാണ് തീരുമാനം. ഈ റൂട്ടിലോടുന്ന 24 സ്വകാര്യബസ്സിലെ നൂറ്റിയറുപതോളം തൊഴിലാളികളാണ് ഒന്നടങ്കം സമരത്തിലേര്‍പ്പെട്ടിരിക്കുന്നത്. സ്വകാര്യബസുകള്‍ക്ക് സുരക്ഷിതമായി സര്‍വ്വീസ് നടത്താന്‍ സാഹചര്യമൊരുക്കി നല്‍കാതെ സര്‍വ്വീസ് പുനരാരംഭിക്കില്ലെന്ന നിലപാടിലാണ് സ്വകാര്യബസ് തൊഴിലാളി സംയുക്ത കോഡിനേഷന്‍ കമ്മിറ്റി.
എന്നാല്‍ പണിമുടക്ക് മനുഷ്യത്വഹരിമാണെന്ന് കേണിച്ചിറ ബസ് പാസഞ്ചേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ കല്‍പ്പറ്റയില്‍ വാര്‍ത്താ സമ്മേളനത്തില്‍ കുറ്റപ്പെടുത്തി. തിങ്കളാഴ്ച നടന്ന പണിമുടക്കില്‍ ബലിയാടായത് വിദ്യാര്‍ഥികളാണ്. സ്വകാര്യബസുകള്‍ നിര്‍ത്തലാക്കലല്ല തങ്ങളുടെ ലക്ഷ്യമെന്നും സമയക്രമം പാലിച്ചോടിയാല്‍ സ്വകാര്യബസുകള്‍ക്കും കളക്ഷന്‍ ലഭിക്കുമെന്നും ഇവര്‍ വ്യക്തമാക്കി. സ്വകാര്യബസുടമകളില്‍ നിന്നും പണം വാങ്ങി കെ.എസ്.ആര്‍.ടി.സിയെ പാടെ തകര്‍ക്കാനുള്ള നീക്കമാണ് ബത്തേരി മുന്‍ എ.ടി.ഒ, വയനാട് ആര്‍.ടി.ഒ. എന്നിവരുടെ ഭാഗത്തുനിന്നുണ്‍ായത്. അസോസിയേഷന്‍ ഇയാള്‍ക്കെതിരെ ഉള്‍പ്പടെ കോടതിയെ സമീപിച്ചിട്ടുണ്‍െന്നും ഭാരവാഹികള്‍ പറഞ്ഞു.
ബത്തേരി പനമരം മാനന്തവാടി റൂട്ടില്‍ കെ എസ് ആര്‍ ടി സിയുടെ പത്ത് സര്‍വ്വീസ് ആരംഭിച്ചതിന് പിറകെയാണ് സ്വകാര്യബസുകളുടെ സമരം ആരംഭിച്ചത്. സമരത്തെ മറികടക്കാന്‍ ഇതു വഴി ചൊവ്വാഴ്ച കെഎസ്ആര്‍ടിസി ജില്ലാ ഡിപ്പോയായ ബത്തേരിയില്‍ നിന്ന് അഞ്ച് ഷെഡ്യൂള്‍ഡ് സര്‍വ്വീസിനോടൊപ്പം നാല് അധിക സര്‍വ്വീസും മാനന്തവാടിയില്‍ നിന്ന് പത്തും ഉള്‍പ്പടെ പത്തൊമ്പത് സര്‍വ്വീസുകള്‍ നടത്തി. കെ എസ് ആര്‍ ടി സി അധിക സര്‍വ്വീസ് നടത്തിയത് യാത്രാ ദുരിതത്തെ ലഘൂകരിച്ചു.
ഇതേസമയം സ്വകാര്യ ബസ് സമരം തുടരുന്നത് വിദ്യാര്‍ഥികളടക്കമുള്ള യാത്രക്കാരെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. വിഷയം ബസ് ഉടമ ട്രേഡ് യൂണിയന്‍ പ്രതിനിധികള്‍ ഇന്നലെ ജില്ലാ കലക്ടറെ നേരില്‍ കണ്ട് ബോധ്യപ്പെടുത്തിയതിന്റെ അടിസ്ഥാനത്തില്‍ ഇന്ന് ബസ് ഉടമ തൊഴിലാളി സംഘടന കെ എസ് ആര്‍ ടി സി, പാസഞ്ചേഴ്‌സ് അസോസിയേഷന്‍ പ്രതിനിധികള്‍ എന്നിവരുമായി ചര്‍ച്ച നടത്താന്‍ മാനന്തവാടി ഡിവൈഎസ്പിയെ കലക്ടര്‍ ചുമതലപ്പെടുത്തി. രാവിലെ 11 മണിക്ക് ഡി വൈ എസ് പി ഓഫീസിലാണ് ചര്‍ച്ച നടക്കുക. സമയക്രമം സംബന്ധിച്ചാണ് പ്രധാനമായും ചര്‍ച്ച നടക്കുക.
ബത്തേരി പനമരം റൂട്ടില്‍ 24ഇരുപത്തിനാല് സ്വകാര്യ ബസ്സുകളും കെ എസ് ആര്‍ ടി സിയുടെ ആറും രണ്ട് സ്വകാര്യ ബസുകളും ദീര്‍ഘദൂര സര്‍വ്വീസ് നടത്തുന്നുണ്ട്. ഇതിന് പുറമേയാണ് പ്രിയദര്‍ശിനിയുടെ ഒരു സര്‍വ്വീസും കെ എസ് ആര്‍ ടി സി പുതുതായി പത്ത് സര്‍വ്വീസും നടക്കുന്നത്. ഇവക്കെല്ലാം കൃത്യമായി സമയക്രമം നിശ്ചയിച്ച് നല്‍കിയിട്ടുണ്ടെന്നും ഇത് പാലിക്കാതെ മത്സരയോട്ടം നടത്തിയാല്‍ നടപടിയുണ്ടാകുമെന്നും ആര്‍ടിഒ പിവി സത്യന്‍ അറിയിച്ചു. എന്നാല്‍ പുതിയതായി നാല് സര്‍വ്വീസുകള്‍ക്ക് മാത്രമാണ് കോടതിയില്‍ നിന്ന് കെ എസ് ആര്‍ ടി സിക്ക് അനുമതി നല്‍കിയിരിക്കുന്നതെന്ന് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ പറയുന്നു. എന്നാല്‍ ജനത്തിന് ഉപകാരപ്രദമാകുന്ന രീതിയില്‍ നഷ്ടം നോക്കാതെ സര്‍വ്വീസ് നടത്തുമെന്നതാണ് കെ എസ് ആര്‍ ടി സി യുടെ നിലപാടെന്ന് എ ടി ഒ എം ഒ വര്‍ക്കി പറഞ്ഞു

 

---- facebook comment plugin here -----

Latest