ഭൂമി വിട്ട് നല്‍കിയവര്‍ക്ക് നഷ്ട പരിഹാരം നല്‍കിയില്ല

Posted on: February 10, 2016 11:29 am | Last updated: February 10, 2016 at 11:29 am

മഞ്ചേരി: ജില്ലയില്‍ മൂന്ന് പാലങ്ങളുടെ നിര്‍മാണം പൂര്‍ത്തിയായി. അനുബന്ധ റോഡുകള്‍ക്കായി സ്ഥലം വിട്ടു കൊടുത്ത ഭൂഉടമകള്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച നഷ്ട പരിഹാര തുക ഇനിയും നല്‍കിയില്ല. നിലമ്പൂര്‍ കുതിരപ്പുഴക്ക് കുറുകെ വടപുറം പാലം, അരീക്കോട് ചാലിയാറിന് കുറുകെ മൈത്രക്കടവ് പാലം, വള്ളിക്കുന്ന് കടലുണ്ടിപ്പുഴക്ക് കുറുകെ കാര്യാടുകടവ് പാലം എന്നിവയാണ് പണി പൂര്‍ത്തിയായത്. ഇവയില്‍ വടപുറം പാലത്തിന്റെ അപ്രോച്ച് റോഡ് നിര്‍മാണം പൂര്‍ത്തിയായി. ടാറിംഗ് മാത്രമെ ഇനി നടക്കാനുള്ളൂ. ഈ മാസം 23 ന് മന്ത്രി വി കെ ഇബ്‌റാഹീം കുഞ്ഞ് ഉദ്ഘാടനം ചെയ്യും. മന്ത്രി ആര്യാടന്‍ മുഹമ്മദ് അധ്യക്ഷത വഹിക്കും. നിലവിലുള്ള പാലത്തിന് സമാന്തരമായാണ് പുതിയ പാലം. മൈത്രകടവ് പാലം 23ന് ഉദ്ഘാടനം ചെയ്യുമെന്ന് പി കെ ബശീര്‍ എം എല്‍ എ പറഞ്ഞിട്ടുണ്ടെങ്കിലും അനുബന്ധ റോഡുകളുടെ നിര്‍മാണം പൂര്‍ത്തിയായിട്ടില്ല. അരീക്കോട് – ഊര്‍ങ്ങാട്ടിരി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്നതാണ് പാലം. മൈത്ര ഭാഗത്ത് 1.6 ഏക്കര്‍ സ്ഥലവും അരീക്കോട് ഭാഗത്ത് 87 സെന്റ് സ്ഥലവുമാണ് അപ്രോച്ച് റോഡിനായി സര്‍ക്കാര്‍ ഏറ്റെടുത്തത്.
ജില്ലാ കലക്ടറാണ് ഭൂ ഉടമകള്‍ക്ക് നഷ്ട പരിഹാര തുക നല്‍കേണ്ടത്. ഇതേ വരെ ഫണ്ടനുവദിച്ചിട്ടില്ല. കഴിഞ്ഞ ദിവസം കലക്ടറേറ്റില്‍ വിളിച്ചു ചേര്‍ത്ത യോഗം തീരുമാനമാകാതെ അലസിപ്പിരിയുകയായിരുന്നു. എം എല്‍ എയുടെ സാന്നിധ്യത്തിലായിരുന്നു യോഗം. അപ്രോച്ച് റോഡ് നിര്‍മാണം തുടങ്ങുന്നതിന് മുമ്പ് ഉദ്ഘാടന തീയതി പ്രഖ്യാപിച്ചതില്‍ നാട്ടുകാര്‍ക്കും പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ക്കുമുള്ള അസംതൃപ്തി അവര്‍ മറച്ച് വെക്കുന്നില്ല. മൂന്നിയൂര്‍ കാര്യാട് കടവ് പാലം ഈ മാസം അവസാനത്തോടെ ഉദ്ഘാടനം ചെയ്യുമെന്ന പ്രഖ്യാപനവുമുണ്ട്. മൂന്നിയൂര്‍- വള്ളിക്കുന്ന് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്നതാണ് പാലം. അപ്രോച്ച് റോഡ് പ്രവൃത്തി നടന്ന് വരികയാണ്. ഉള്ളണം- കൂട്ടുമൂച്ചി റോഡില്‍ കൊടക്കാട് ഭാഗം, കളിയാട്ടുമുക്ക്- കാര്യാട് ഭാഗത്തുമാണ് അനുബന്ധ റോഡുകള്‍. ഇവിടെയും സ്ഥലം വിട്ടു നല്‍കിയവര്‍ക്ക് ഫണ്ടനുവദിച്ചിട്ടില്ല.