Connect with us

Kozhikode

കുറ്റിയാടി മേഖലയിലെ സ്‌ഫോടനങ്ങളും മുഖംമൂടി ആക്രമണവും ജനങ്ങളെ ഭീതിയിലാക്കുന്നു

Published

|

Last Updated

കുറ്റിയാടി: അശാന്തി വിതച്ച് കുറ്റിയാടി മേഖലയില്‍ മുഖംമൂടി ആക്രമണവും ബോംബ് സ്‌ഫോടനങ്ങളും തുടര്‍ സംഭവമായി മാറുന്നു. ഒരാഴ്ച മുമ്പ് കുറ്റിയാടിക്കടുത്ത ഊരത്തുംകായത്തൊടിയിലുണ്ടായ മുഖംമൂടികളുടെ ഭീഷണിക്ക് പിന്നാലെ, വിവിധ സ്ഥലങ്ങളില്‍ ബോംബ് സ്‌ഫോടനങ്ങളും തുടരുന്നത് ആളുകളെ ഭീതിയിലാക്കിയിരിക്കുകയാണ്. കഴിഞ്ഞയാഴ്ച സഹോദരിയെ ആശുപത്രിയില്‍ കൊണ്ട്‌പോയി തിരിച്ച് വീട്ടിലേക്ക് പോകുകയായിരുന്ന കുറ്റിയാടിയിലെ ചുമട്ട് തൊഴിലാളിയെ രാത്രി 12 ഓടെ നെങ്ങേലി കണ്ടി റോഡില്‍ ഒരു സംഘം തടഞ്ഞു നിര്‍ത്തിയെങ്കിലും തങ്ങള്‍ ഉദ്ദേശിച്ചയാളല്ല എന്ന് മനസിലാക്കി വെറുതെ വിടുകയായിരുന്നു. ഈ സംഭവത്തിന് രണ്ട് ദിവസം മുമ്പ് കായക്കൊടിയിലും സമാന്തര സംഭവം നടന്നിരുന്നു. പ്രസ്തുത സംഭവത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെക്കുറിച്ചുള്ള അന്വേഷണം രഹസ്യാന്വേഷണ വിഭാഗം ശക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ഊരത്ത് സി പി എം ഓഫീസിന് സമീപത്തുണ്ടായ സ്‌ഫോടനവും ഇതിന് ഏതാനും ദിവസം മുമ്പ് ഊരത്ത് ചെറുവോട്ട് പാലത്തിന് സമീപമുണ്ടായ സ്‌ഫോടനവും നിട്ടൂരിലും പരിസരങ്ങളിലുമുണ്ടായ സ്‌ഫോടനങ്ങളും ജനങ്ങളെ പരിഭ്രാന്തിയിലാക്കിയിരിക്കുന്നു. പ്രസ്തുത പ്രദേശങ്ങളില്‍ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കണമെന്ന ആവശ്യവും ജനങ്ങളില്‍ ശക്തമായിട്ടുണ്ട്.
ടൗണിലും പരിസര പ്രദേശങ്ങളിലും മുഖം മൂടി ധരിച്ചും ഊരത്ത് പ്രദേശത്ത് ബോംബ് സ്‌ഫോടനം നടത്തിയും സൈ്വര ജീവിതത്തിന് ഭീഷണിയുയര്‍ത്തുകയും ചെയ്ത സംഭവത്തില്‍ കുറ്റിയാടി പഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗം അപലപിച്ചു. പോലീസ് സമഗ്രാന്വേഷണം നടത്തി കുറ്റവാളികളെ അറസ്റ്റ് ചെയ്യണമെന്നും യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് സി എം ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. കെ പി കുഞ്ഞമ്മദ് കുട്ടിമാസ്റ്റര്‍, കുറ്റിയാടി സി ഐ കുഞ്ഞിമോയിന്‍ കുട്ടി, സി കെ കുഞ്ഞബ്ദുല്ല മാസ്റ്റര്‍, കെ കണാരന്‍, ഒ സി കരീം, വി ബാലന്‍, എ വി സുരേന്ദ്രന്‍, കെ കുഞ്ഞിക്കൃഷ്ണന്‍, കെ സി ബിന്ദു, പി പി ചന്ദ്രന്‍ പ്രസംഗിച്ചു. വി പി മൊയ്തു സ്വാഗതവും പി സി രവീന്ദ്രന്‍ മാസ്റ്റര്‍ നന്ദിയും പറഞ്ഞു.