ഫയര്‍ സ്റ്റേഷനുള്ള കാത്തിരിപ്പ് നീളുന്നു

Posted on: February 10, 2016 10:09 am | Last updated: February 10, 2016 at 10:09 am

കൊയിലാണ്ടി: കൊയിലാണ്ടിയില്‍ ഫയര്‍ സ്റ്റേഷന്‍ ആരംഭിക്കേണ്ടത് അടിയന്തര ആവശ്യമായിരുന്നിട്ടും അധികൃതര്‍ അമാന്തം തുടരുന്നതായി ആക്ഷേപം. ഫയര്‍ സ്റ്റേഷന്‍ സ്ഥാപിക്കുന്നതിന് കൊയിലാണ്ടിയില്‍ സ്ഥലം ലഭ്യമല്ലെന്ന മുടന്തന്‍ ന്യായം പറഞ്ഞാണ് അധികൃതര്‍ അവഗണന തുടരുന്നത്. സ്ഥലം ലഭ്യമാക്കുന്നതില്‍ നഗരസഭാ അധികൃതരും താത്പര്യം കാണിക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്. നഗരസഭ പരിധിയില്‍ ഫയര്‍ സ്റ്റേഷന്‍ സ്ഥാപിക്കുവാന്‍ സ്ഥലം ലഭ്യമല്ലെങ്കില്‍ സമീപ പഞ്ചായത്തുകളില്‍ ഫയര്‍ സ്റ്റേഷന്‍ യാഥാര്‍ഥ്യമാക്കാനുളള സാധ്യത പോലും അധികൃതര്‍ പരിശോധിക്കുന്നില്ല. കൊയിലാണ്ടിയിലും പരിസരങ്ങളിലും അഗ്നിബാധ അടക്കമുളള ദുരന്തങ്ങള്‍ ഉണ്ടാകുമ്പോള്‍ വടകര, കോഴിക്കോട്, പേരാമ്പ്ര എന്നിവിടങ്ങളില്‍ നിന്നുളള ഫയര്‍ എഞ്ചിനുകളാണ് തീ അണക്കാന്‍ എത്തുന്നത്. കഴിഞ്ഞ ദിവസം പയറ്റുവളപ്പില്‍ വീടിന് തീപ്പിടിച്ചപ്പോള്‍ വടകരയില്‍ നിന്നാണ് അഗ്നിശമന യൂനിറ്റ് എത്തിയത്.
കൊയിലാണ്ടിയില്‍ ഫയര്‍ സ്റ്റേഷന്‍ ഉണ്ടായിരുന്നെങ്കില്‍ അത്യാഹിതം നടന്നയുടന്‍ എത്തുമായിരുന്നു. സംസ്ഥാനത്ത് 13 പുതിയ ഫയര്‍ സ്റ്റേഷനുകള്‍ സ്ഥാപിക്കുവാന്‍ ഏതാനും മാസം മുമ്പ് മന്ത്രിസഭ അനുമതി നല്‍കിയപ്പോഴും കൊയിലാണ്ടിയെ ഉള്‍പ്പെടുത്തിയില്ല. ഇതിലും രാഷ്ട്രീയ വിവേചനമാണ് സ്വീകരിച്ചത്. എന്നാല്‍ ഇക്കാര്യത്തില്‍ ശക്തമായി പ്രതികരിക്കുവാന്‍ ജനപ്രതിനിധികള്‍ക്ക് സാധിച്ചതുമില്ല. കൊയിലാണ്ടി താലൂക്കിന്റെ ആസ്ഥാനമായിരുന്നിട്ടും ഫയര്‍ സ്റ്റേഷന്‍ അനുവദിക്കുന്ന കാര്യത്തില്‍ യാതൊരു പരിഗണനയും നല്‍കിയില്ല. ഫയര്‍ സ്റ്റേഷന്‍ അനുവദിക്കണമെന്നത് കൊയിലാണ്ടിക്കാരുടെ വര്‍ഷങ്ങളായുളള ആവശ്യമാണ്. ഇക്കാര്യം മുഖ്യമന്ത്രി, ആഭ്യന്തരമന്ത്രി എന്നിവരുടെയെല്ലാം അടിയന്തിര ശ്രദ്ധയില്‍ കൊണ്ടു വന്നതുമാണ്. കൊയിലാണ്ടിയില്‍നിന്നും എം എല്‍ എയായ മുന്‍ ആരോഗ്യ വകുപ്പ് മന്ത്രി പി ശങ്കരന്‍, മുന്‍ ഫിഷറീസ് മന്ത്രി എം ടി പത്മ, പി വിശ്വന്‍, നിലവിലുളള എം എല്‍ എ കെ ദാസന്‍ തുടങ്ങിയവരെല്ലാം ഇക്കാര്യം പല തവണ നിയമ സഭയിലും ഉന്നയിച്ചതാണ്. എന്നാല്‍ സ്ഥലം ലഭ്യമല്ല എന്ന മുടന്തന്‍ ന്യായം ആവര്‍ത്തിച്ച് കൊയിലാണ്ടിയെ അവഗണിക്കുകയാണെന്നും പരാതിയുണ്ട്്. താത്കാലികമായി ഒരു വാടക കെട്ടിടമെങ്കിലും കിട്ടിയാല്‍ ഫയര്‍ സ്റ്റേഷന്‍ അനുവദിക്കാമെന്ന് ആഭ്യന്തര മന്ത്രി ഉറപ്പു നല്‍കിയതായിരുന്നു.
കൊയിലാണ്ടിയില്‍ സ്ഥലം ലഭ്യമല്ലെങ്കില്‍ സമീപ പഞ്ചായത്തുകളായ മൂടാടി, ചെങ്ങോട്ടുകാവ്, ചേമഞ്ചേരി എന്നിവിടങ്ങളിലെങ്കിലും ഫയര്‍ സ്റ്റേഷന്‍ തുടങ്ങാന്‍ ശ്രമം നടത്തുകയാണ് വേണ്ടതെന്ന് അഭിപ്രായമുയര്‍ന്നിട്ടുണ്ട്. കൊയിലാണ്ടി മേഖലയില്‍ അത്യാഹിതങ്ങള്‍ ഉണ്ടാകുമ്പോള്‍ രക്ഷാ സംവിധാനം പെട്ടെന്ന് നടത്താന്‍ മാര്‍ഗമില്ലാതെ അധികാരികളും നാട്ടുകാരും പ്രയാസപ്പെടുന്നു. വടകരക്കും കോഴിക്കോടിനുമിടയില്‍ 55 കിലോമീറ്റര്‍ പരിസരത്ത് നിലവില്‍ ഫയര്‍സ്‌റ്റേഷന്‍ ഇല്ല. കിലോ മീറ്റര്‍ വ്യാപിച്ചുകിടക്കുന്ന കടലോരം, ദേശീയപാത, ചെറുകിട തൊഴില്‍ശാലകള്‍, മുവ്വായിരത്തിലധികം കടകള്‍ എന്നിവയെല്ലാം കൊയിലാണ്ടി മേഖലയിലുണ്ട്. ഫയര്‍ സ്റ്റേഷന്‍ ഇല്ലാത്ത ചുരുക്കം ചില നഗരങ്ങളില്‍ ഒന്നാണ് കെയിലാണ്ടി. ഫയര്‍ സ്റ്റേഷന്‍ അനുവദിച്ചു കിട്ടേണ്ടത് ഈ നാട്ടുകാരുടെ ന്യായമായ ആവശ്യമായിരുന്നിട്ടും അനുകൂല നടപടിയില്ലാത്തതില്‍ പ്രതിഷേധം ശക്തമായിട്ടുണ്ട്.