ഇസില്‍വിരുദ്ധ വ്യോമ യുദ്ധം കാനഡ അവസാനിപ്പിക്കുന്നു

Posted on: February 10, 2016 5:45 am | Last updated: February 10, 2016 at 9:46 am
SHARE

ഒട്ടാവ: ഇസില്‍ ഭീകരര്‍ക്കെതിരെയുള്ള പോരാട്ടം കാനഡ അവസാനിപ്പിക്കുന്നു. സിറിയയിലും ഇറാഖിലും കനേഡിയന്‍ സൈന്യം നടത്തുന്ന വ്യോമാക്രമണം രണ്ടാഴ്ചക്കകം പിന്‍വലിക്കുമെന്ന് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡ് പ്രഖ്യാപിച്ചു. സേനയെ പിന്‍വലിക്കുകയെന്നത് കഴിഞ്ഞ നവംബറില്‍ അധികാരമേറ്റ ട്രൂഡ് സര്‍ക്കാറിന്റെ പ്രധാന തിരഞ്ഞെടുപ്പു വാഗ്ദാനമായിരുന്നു. അടുത്ത മാസം അവസാനം വരെ കരസേനയുടെ സേവനം ഉണ്ടാകുമെന്നും അത് തന്റെ രാജ്യത്തിന്റെ കടമയാണെന്നും അദ്ദേഹം പറഞ്ഞു. സേനയെ പിന്‍വലിക്കുന്നുവെന്ന തീരുമാനം രാജ്യത്തെ പിറകോട്ടടിക്കുമെന്ന് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാവും പ്രതിപക്ഷ നേതാവുമായ റോണ ആംബ്രോസ് പറഞ്ഞു.
ഇസില്‍ ഭീകരവാദികള്‍ക്കെതിരെ വ്യോമാക്രണം നടത്തുക വഴി ഇവരെ പെട്ടെന്ന് തുരത്താന്‍ സഹായിക്കും. എന്നാല്‍ ആ രാജ്യത്തെ സുരക്ഷിത ജീവിതത്തിന് അവര്‍ ഒന്നും ചെയ്യുന്നില്ല. അത് കൊണ്ട് തന്നെ പ്രാദേശിക സുരക്ഷാസേനയെ ശക്തിപ്പെടുത്തുകയെന്നത് കാനഡയുടെ കര്‍ത്തവ്യമാണെന്നും അത് കാനഡ നിര്‍വഹിക്കുമെന്നും ട്രൂഡ് പറഞ്ഞു. അടുത്ത രണ്ട് വര്‍ഷത്തേക്ക് ഇറാഖിലെ കുര്‍ദിശ് സേനയെ ശക്തിപ്പെടുത്താനും പരിശീലനം നല്‍കാന്‍ സൈന്യത്തെ അയക്കും. പരിശീലനത്തിന്റെ ഭാഗമായി കുര്‍ദിശ് സേനയെ ആധുനിക തോക്കുകളും മെഷീന്‍ ഗണ്ണും മറ്റും ഉപയോഗിക്കാന്‍ പരിശീലനം നല്‍കും. മനുഷ്യാവകാശ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ദുരിതാശ്വാസം നല്‍കാന്‍ 840 മില്യണ്‍ കനേഡിയന്‍ ഡോളര്‍ അനുവദിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. കാനഡയുടെ ഈ നടപടിയെ അമേരിക്ക സ്വാഗതം ചെയ്തു. എന്നാല്‍ വ്യോമ യുദ്ധം അവസാനിപ്പിക്കാനുള്ള തീരുമാനത്തെ കുറിച്ച് അമേരിക്ക ഒന്നും പ്രതികരിച്ചിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here