Connect with us

International

ഹിന്ദു വിവാഹ ബില്‍ പാക്കിസ്ഥാന്‍ പാര്‍ലിമെന്ററി പാനല്‍ പാസാക്കി

Published

|

Last Updated

ഇസ്‌ലാമാബാദ് : ദശാബ്ദങ്ങളായി നടപടികളില്ലാതെ മുടങ്ങിക്കിടക്കുകയായിരുന്ന ഹിന്ദു വിവാഹ ബില്‍ പാക്കിസ്ഥാന്‍ പാര്‍ലിമെന്ററി പാനല്‍ ഐകകണ്‌ഠ്യേന പാസാക്കി. ഇതോടെ ഹിന്ദു ന്യൂനപക്ഷ വിഭാഗത്തിന് പാക്കിസ്ഥാനില്‍ താമസിയാതെ ഒരു വിവാഹ നിയമം നിലവില്‍വരും. നിയമ നീതിന്യായ വിഭാഗം ദേശീയ അസംബ്ലി സ്റ്റാന്‍ഡിംഗ് കമ്മിറ്റിയാണ് തിങ്കളാഴ്ച ഹിന്ദു വിവാഹ ബില്‍ 2015 അന്തിമ ഡ്രാഫ്റ്റ് പാസാക്കിയത്. യോഗത്തിലേക്ക് അഞ്ച് ഹിന്ദു എം പിമാരെ പ്രത്യേകമായി ക്ഷണിച്ചിരുന്നു. ആണിന്റേയും പെണ്ണിന്റേയും വിവാഹ പ്രായം 18 വയസ്സായി നിജപ്പെടുത്തുകയും നിയമം രാജ്യം മുഴുവന്‍ ബാധകമാകുകയും ചെയ്യുന്ന രൂപത്തില്‍ രണ്ട് ഭേദഗതികളോടെയാണ് പാനല്‍ ബില്‍ പാസാക്കിയതെന്ന് ഡോണ്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. ഇനി ദേശീയ അസംബ്ലിയുടെ മുമ്പാകെയെത്തുന്ന ബില്‍ ഇതിനെ പിന്തുണക്കുന്ന ഭരണകക്ഷിയായ പാക്കിസ്ഥാന്‍ മുസ്‌ലിം ലീഗിന്റെ പിന്തുണയോടെ പാസാകുമെന്നാണ് കരുതുന്നത്. ഹിന്ദു വിഭാഗത്തിനായി കുടുംബ നിയമം ഉണ്ടാക്കുന്നതില്‍ വന്ന കാലതാമസത്തില്‍ കമ്മറ്റി ചെയര്‍മാന്‍ ചൗധരി മഹ്മൂദ് ബഷീര്‍ വിര്‍ക് ഖേദം പ്രകടിപ്പിച്ചു. ബില്ലിന്റെ അംഗീകാരത്തിനായി വിര്‍കും ഭരണകക്ഷിയിലെ പി എം എല്‍-എന്‍ എംപിയുമായ ഡോ.രമേഷ് കുമാര്‍ വാന്‍കവാനിയും സമ്മര്‍ദം ചെലുത്തിയിരുന്നെങ്കിലും മറ്റ് പാര്‍ലിമെന്ററി പാര്‍ട്ടികളിലെ അംഗങ്ങള്‍ എതിര്‍പ്പുകള്‍ ഉന്നയിച്ച് ഇത് തടയുകയായിരുന്നു. ഈ കടമ്പകള്‍ കടന്നാണ് പാര്‍ലിമെന്ററി പാനല്‍ ബില്‍ പാസാക്കിയിരിക്കുന്നത്. അതേസമയം പങ്കാളികളിലാരെങ്കിലും ഇസ്‌ലാം മതത്തിലേക്ക് മതംമാറിയാല്‍ ഹിന്ദു വിവാഹ നിയമം ദുര്‍ബലമാകുമെന്ന വകുപ്പ് ബില്ലില്‍ നിന്ന് എടുത്തുമാറ്റണമെന്ന് വാന്‍കവാനി ആവശ്യപ്പെട്ടു.

Latest