ഐ എന്‍ എല്ലിന് എം എല്‍ എമാര്‍ ഉണ്ടാകും: അബ്ദുല്‍ വഹാബ്

Posted on: February 10, 2016 5:44 am | Last updated: February 10, 2016 at 12:45 am

തൊടുപുഴ: ഐ എന്‍ എല്ലിന് അടുത്ത നിയമസഭയില്‍ എം എല്‍ എമാര്‍ ഉാകുമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി എ പി അബ്ദുല്‍ വഹാബ്. ജനജാഗ്രതാ യാത്രയുടെ ജില്ലാ പര്യടനത്തോടനുബന്ധിച്ച് തൊടുപുഴയില്‍ പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആസന്നമായ തെരഞ്ഞെടുപ്പില്‍ യു ഡി എഫിനായിരിക്കും കപ്പ് കിട്ടുകയെന്ന പി കെ കുഞ്ഞാലിക്കുട്ടിയുടെ വാദം മലര്‍പ്പൊടിക്കാരന്റെ സ്വപ്‌നമാണ്. അഴിമതിയുടെ കാര്യത്തില്‍ യു ഡി എഫിന് കപ്പ് കിട്ടിക്കഴിഞ്ഞു. ദയനീയ പരാജയമാണ് യു ഡി എഫിനെ കാത്തിരിക്കുന്നത്. മുന്നണി വികസനത്തില്‍ ഐ എന്‍ എല്ലിനായിരിക്കും പ്രഥമ പരിഗണന എന്ന് എല്‍ ഡിഎഫ് ഉറപ്പ് നല്‍കിയിട്ടുണ്ട്. ഈ വാക്കുകള്‍ വിശ്വസിക്കുന്നു. ഐ എന്‍ എല്ലിന് ഇടതുചിന്താഗതിയാണ് ഉള്ളത്. തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് -ലീഗ്- ബി ജെ പി ബാന്ധവത്തിന് അണിയറയില്‍ കളമൊരുങ്ങിക്കഴിഞ്ഞു. ഇതിന്റെ ഭാഗമായി സംഘപരിവാര്‍ നേതാക്കള്‍ ലീഗ് നേതാക്കളുമായി ചര്‍ച്ച നടത്തിക്കഴിഞ്ഞതായും അബ്ദുല്‍ വഹാബ് പറഞ്ഞു.