ജനപിന്തുണയുള്ളവരെ കണ്ടെത്താന്‍ ലീഗില്‍ രഹസ്യ സര്‍വേ; ചരടുവലി സജീവം

Posted on: February 10, 2016 6:00 am | Last updated: February 10, 2016 at 5:50 pm
SHARE

muslim-leagu1കോഴിക്കോട്: മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി നിയമസഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥി നിര്‍ണയം ഇത്തവണ മുസ്‌ലിം ലീഗിന് കീറാമുട്ടിയാകും. പാര്‍ട്ടിക്ക് ഉറച്ച സാധ്യതയുള്ള പല മണ്ഡലങ്ങളിലും നിരവധി പേര്‍ സീറ്റിനായി രംഗത്തുള്ളതാണ് പ്രതിസന്ധിക്ക് കാരണം. കൂടാതെ കഴിഞ്ഞ തവണ പരിഗണിക്കപ്പെട്ട ശേഷം അവസാനം ഒഴിവാക്കിയ ചിലര്‍ക്ക് ഇത്തവണ സീറ്റ് വാഗ്ദാനം ചെയ്യപ്പെട്ടിട്ടുണ്ട്. ഇത്തരക്കാര്‍ സീറ്റ് ലഭിക്കുമെന്ന പ്രതീക്ഷയാല്‍ മണ്ഡലങ്ങളില്‍ ഇതിനകം സജീവമാണ്. ഈ സാഹചര്യത്തില്‍ ജയസാധ്യതയുള്ള സ്ഥാനാര്‍ഥികളെ കണ്ടെത്തുന്നതിനായി രഹസ്യ സര്‍വേ നടത്താന്‍ ഒരുങ്ങുകയാണ് നേതൃത്വം. ഈ സര്‍വേ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ചിലരെ മാറ്റിനിര്‍ത്താമെന്നാണ് നേതൃത്വം കണക്കുകൂട്ടുന്നത്. കുഞ്ഞാലിക്കുട്ടി നയിക്കുന്ന കേരളയാത്ര നാളെ തിരുവനന്തപുരത്ത് സമാപിക്കുന്നതോടെ സ്ഥാനാര്‍ഥി നിര്‍ണയത്തിനുള്ള രഹസ്യ സര്‍വേ ആരംഭിക്കും. അധ്യാപക സംഘടനയെയാണ് സര്‍വേ നടത്താന്‍ ചുമതലപ്പെടുത്തിയിരിക്കുന്നത്. മണ്ഡലങ്ങളിലെ നേതാക്കളെ മാറ്റി നിര്‍ത്തി പ്രവര്‍ത്തകരില്‍ നിന്ന് വിവരം ശേഖരിക്കാനാണ് സര്‍വേ നടത്തുന്നവര്‍ക്ക് പാര്‍ട്ടി നിര്‍ദേശം നല്‍കിയിരിക്കുന്നത്.
കഴിഞ്ഞ തവണ മത്സരിച്ച പല പ്രമുഖരും ഇത്തവണ മത്സര രംഗത്തുണ്ടാകില്ല. വിദ്യാഭ്യാസമന്ത്രി അബ്ദുര്‍റബ്ബ്, അബ്ദുസ്സമദ് സമദാനി, മമ്മുണ്ണിഹാജി, കെ എന്‍ എ ഖാദര്‍, എന്‍ എ നെല്ലിക്കുന്ന് തുടങ്ങിയവര്‍ക്ക് ഇത്തവണ സീറ്റ് ലഭിക്കാന്‍ സാധ്യതയില്ലെന്നും അറിയുന്നു. സി മോയിന്‍കുട്ടി, വി എം ഉമ്മര്‍ മാസ്റ്റര്‍ എന്നിവരുടെ സീറ്റ് സംബന്ധിച്ചും അനിശ്ചിതത്വം നിലനില്‍ക്കുന്നു. കഴിഞ്ഞ തവണ തിരഞ്ഞെടുക്കപ്പെട്ടവരില്‍ ചിലര്‍ ഇത്തവണ മണ്ഡലം മാറി മത്സരിക്കും. ഒഴിവ് വരുന്ന മണ്ഡലങ്ങളില്‍ സീറ്റിനായി പ്രദേശിക നേതാക്കളും പോഷക സംഘടനാ ഭാരവാഹികളും ചരടുവലി ശക്തമാക്കിയിട്ടുണ്ട്.
കോഴിക്കോട് ജില്ലയില്‍ പാര്‍ട്ടിക്ക് വലിയ വിജയ പ്രതീക്ഷയുള്ള തിരുവമ്പാടി, കൊടുവള്ളി, കുന്ദമംഗലം സീറ്റുകളില്‍ ഒരു സ്ഥാനാര്‍ഥിയെ കണ്ടെത്തുക എന്നത് നേതൃത്വത്തിന് വലിയ തലവേദന തന്നെയാകും. കൊടുവള്ളിയില്‍ സിറ്റിംഗ് എം എല്‍ എ വി എം ഉമ്മര്‍ മാസ്റ്റര്‍, ജില്ലാ ജനറല്‍ സെക്രട്ടറി എം എ റസാഖ് എന്നിവരാണ് പ്രധാനമായും രംഗത്തുള്ളത്. ഇതില്‍ എം എ റസാഖിനെ കഴിഞ്ഞ തവണ ആദ്യഘട്ടത്തില്‍ പരിഗണിച്ചെങ്കിലും പിന്നീട് തഴയുകയായിരുന്നു. സംസ്ഥാന നേതൃത്തിലെ കുഞ്ഞാലിക്കുട്ടി, കെ പി എ മജീദ് തുടങ്ങിയ നേതാക്കളുടെയും ജില്ലാ കമ്മിറ്റിയുടെയും പിന്തുണ എം എ റസാഖിനുണ്ട്. ഇത്തവണ അദ്ദേഹത്തെ പരിഗണിക്കാനുള്ള സാധ്യത ഏറെയാണ്. എന്നാല്‍ പ്രാദേശിക തലത്തിലുള്ള എതിര്‍പ്പാണ് റസാഖിന് തടസ്സമായുള്ളത്. വി എം ഉമ്മര്‍ മാസ്റ്ററെ തന്നെ മത്സരിപ്പിക്കണമെന്ന് ഒരു വിഭാഗം നേതൃത്വത്തോട് ആവശ്യപ്പെട്ട് കഴിഞ്ഞു. മണ്ഡലം സെക്രട്ടറി കാരാട്ട് റസാഖിന്റെ നേതൃത്വത്തിലുള്ള വിഭാഗമാണ് എം എ റസാഖിനെതിരെയുള്ളത്. പി ടി എ റഹീം പാര്‍ട്ടി വിട്ടതിന് ശേഷം ലീഗ് മണ്ഡലത്തില്‍ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രതിസന്ധിയാകും ഒരുപക്ഷേ ഇത്തവണത്തെ സ്ഥാനാര്‍ഥി നിര്‍ണയം. എങ്കിലും എം എ റസാഖിന് തന്നെയാണ് നേതൃത്വം കൊടുവള്ളിയില്‍ പ്രഥമ പരിഗണന നല്‍കുന്നത്.
തിരുവമ്പാടിയില്‍ സിറ്റിംഗ് എം എല്‍ എ സി മോയിന്‍കുട്ടി, ലീഗ് അധ്യാപക സംഘടനാ നേതാവ് സി പി ചെറിയ മുഹമ്മദ്, വി എം ഉമ്മര്‍ മാസ്റ്റര്‍ എന്നിവരാണ് രംഗത്തുള്ളത്. നിരവധി തവണ തിരഞ്ഞെടുക്കപ്പെട്ട മോയിന്‍കുട്ടിക്ക് പകരം വി എം ഉമ്മര്‍ മാസ്റ്ററെ തിരുവമ്പാടിയിലേക്ക് പരിഗണിക്കുന്നു. ഉമ്മര്‍ മാസ്റ്റര്‍ക്ക് തിരുവമ്പാടി നല്‍കിയാല്‍ കൊടുവള്ളി എം എ റസാഖിന് നല്‍കാമെന്ന് നേതൃത്വം കണക്ക്കൂട്ടുന്നു. എന്നാല്‍ മണ്ഡലത്തില്‍ വിവിധ സാമുദായിക സംഘടനകള്‍ക്കിടയില്‍ മോയിന്‍കുട്ടിക്കുള്ള ജനസമ്മതിയാണ് നേതൃത്വത്തെ ആശങ്കപ്പെടുത്തുന്നത്. കൂടാതെ മുന്‍കാലങ്ങളിലേത് പോലെ തിരുവമ്പാടി അത്ര ഉറച്ച സീറ്റല്ലന്നതും നേതൃത്വത്തിന് മുന്നിലുണ്ട്. എങ്കിലും രണ്ടില്‍ കൂടുതല്‍ തവണ ജയിച്ചവരെ വീണ്ടും പരിഗണിക്കേണ്ടതില്ലെന്ന് ഒരു വിഭാഗം നേതൃത്വത്തിന്റെ അഭിപ്രായം മോയിന്‍കുട്ടിക്ക് തിരിച്ചടിയായേക്കും. കൂടാതെ തിരുവമ്പാടി മണ്ഡലം സീറ്റിനായി യു ഡി എഫില്‍ കോണ്‍ഗ്രസ് അവകാശവാദം തുടരുന്നുണ്ട്. മുന്നണി സമ്മര്‍ദത്തിന് വഴങ്ങി അവസാന നിമിഷം സീറ്റ് കോണ്‍ഗ്രസിന് നല്‍കിയാല്‍ പകരം കൊയിലാണ്ടി സീറ്റാകും ലീഗിന് ലഭിക്കുക. എന്നാല്‍ തിരുവമ്പാടി സീറ്റ് എന്തുവന്നാലും വിട്ടുനല്‍കില്ലെന്ന് പാര്‍ട്ടിയുടെ ഒരു സംസ്ഥാന നേതാവ് സിറാജിനോട് പറഞ്ഞു.
കുന്ദമംഗലത്ത് സാമുദായിക പരിഗണന മുന്‍നിര്‍ത്തി യു സി രാമന് തന്നെ സീറ്റ് നല്‍കാനാണ് നേതൃത്വത്തിന് താത്പര്യം. എന്നാല്‍ പ്രാദേശിക നേതാക്കളും മറ്റും ആവശ്യം യൂത്ത്‌ലീഗ് അഖിലേന്ത്യാ കണ്‍വീനര്‍ പി കെ ഫിറോസിനെയാണ്. ഫിറോസിന് സീറ്റ് നല്‍കിയാല്‍ കഴിഞ്ഞ തവണ കൈവിട്ട മണ്ഡലം തിരിച്ചുപിടിക്കാമെന്ന് ഇവര്‍ വാദിക്കുന്നു. എന്നാല്‍ ലീഗിന്റെ വിലയ വോട്ട്‌ബേങ്കായ ഒരു സാമുദായിക സംഘടനയുടെ എതിര്‍പ്പാണ് ഫിറോസിന് പ്രധാന തടസ്സം. കുന്ദമംഗലം യു സി രാമന് നല്‍കി ഫിറോസിനെ കാസര്‍കോട് മണ്ഡലത്തിലേക്കും നേതൃത്വം പരിഗണിക്കുന്നുണ്ട്. കാസര്‍കോട് എം എല്‍ എ എന്‍ എ നെല്ലിക്കുന്നിന് സീറ്റ് ലഭിക്കാന്‍ സാധ്യത കുറവാണ്.
കോഴിക്കോട് സൗത്ത് മണ്ഡലത്തില്‍ മന്ത്രി എം കെ മുനീര്‍ തന്നെ മത്സരിച്ചേക്കും. കഴിഞ്ഞ തവണ സൂപ്പി നരിക്കാട്ടേരി മത്സരിച്ച് തോറ്റ കുറ്റിയാടിയില്‍ മുന്‍മന്ത്രി പി കെ കെ ബാവയുടെ പേരാണ് പ്രഥമ പരിഗണന.
പാര്‍ട്ടിയുടെ ശക്തി കേന്ദ്രമായ മലപ്പുറം ജില്ലയില്‍ നിരവധി പുതുമുഖങ്ങളെ പരിഗണിക്കുന്നുണ്ട്. അബ്ദുറബ്ബിന്റെ മണ്ഡലമായ തിരൂരങ്ങാടി ഐ എന്‍ എല്ലില്‍ നിന്നും അഞ്ച് വര്‍ഷം മുമ്പ് ലീഗിലേക്ക് തിരിച്ചെത്തിയ പി എം എ സലാമിന് നല്‍കിയേക്കും. പി ഉബൈദുല്ലയുടെ മണ്ഡലമായ മലപ്പുറത്ത് യൂത്ത്‌ലീഗ് മുന്‍ പ്രസിഡന്റ് ടി വി ഇബ്രാഹിമിനെയും മലപ്പുറം നഗരസഭ മുന്‍ അധ്യക്ഷന്‍ മുസ്തഫയെയുമാണ് പരിഗണിക്കുന്നത്. ജില്ലാ ജനറല്‍ സെക്രട്ടറി ഹമീദ് മാസ്റ്ററെയാണ് സമദാനിയുടെ മണ്ഡലമായ കോട്ടക്കലിലേക്ക് പരിഗണിക്കുന്നത്. കൊണ്ടോട്ടി മണ്ഡലത്തില്‍ ചിലപ്പോള്‍ ജില്ലക്ക് പുറത്ത് നിന്നും ഒരാള്‍ സ്ഥാനാര്‍ഥിയായി വന്നേക്കുമെന്നും നേതൃത്വം പറയുന്നു. വേങ്ങരയില്‍ ദേശീയ ട്രഷറര്‍ പി കെ കുഞ്ഞാലിക്കുട്ടി അടക്കം ജില്ലയിലെ മറ്റ് എം എല്‍ എമാര്‍ അതത് മണ്ഡലത്തില്‍ തന്നെ ജനവിധി തേടും.
യൂത്ത്‌ലീഗ് സംസ്ഥാന പ്രസിഡന്റ് പി എം സാദിഖലിയെ ഗുരുവായൂര്‍ സീറ്റിലേക്കാണ് പരിഗണിക്കുന്നത്. കെ എന്‍ എ ഖാദറിന്റെ മണ്ഡലമായ വള്ളിക്കുന്നിലേക്കും സാദിഖലിയുടെ പേര് പറയപ്പെടുന്നു. അഴീക്കോട് മണ്ഡലത്തില്‍ കെ എം ഷാജിയെ നിലനിര്‍ത്താനാണ് നേതൃത്വത്തിന് താത്പര്യം. എന്നാല്‍ സംസ്ഥാന വൈസ് പ്രസിഡന്റ് വി കെ അബ്ദുല്‍ ഖാദര്‍ മൗലവി ശക്തമായി സീറ്റിനായി രംഗത്തുണ്ട്. ലീഗ് മത്സരിക്കുന്ന ഇരവിപുരം സീറ്റ് ആര്‍ എസ് പിക്ക് നല്‍കി കരുനാഗപള്ളി സീറ്റ് വാങ്ങാനും നീക്കം നടക്കുന്നു.
പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി എ മജീദിന് ഇത്തവണ സീറ്റ് ലഭിച്ചേക്കില്ല. വനിതാ ലീഗിന് ജയ സാധ്യതയുള്ള ഒരു സീറ്റ് നല്‍കണമെന്ന് പാര്‍ട്ടിയിലെ ചിലര്‍ക്ക് അഭിപ്രായമുണ്ട്. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ഇതിന് ഒരു സാധ്യതയുമില്ലെന്ന് ലീഗിന്റെ ഒരു സംസ്ഥാന നേതാവ് പറഞ്ഞു.