ഈ വര്‍ഷം ഖത്വര്‍ അനുവദിക്കുക 22 ബില്യന്‍ ഡോളറിന്റെ കരാറുകള്‍

Posted on: February 9, 2016 9:20 pm | Last updated: February 9, 2016 at 9:20 pm
SHARE

ദോഹ: ഈ വര്‍ഷം 22 ബില്യന്‍ ഡോളറിന്റെ കരാറുകള്‍ നല്‍കാന്‍ ഖത്വര്‍ തീരുമാനിച്ചു. ഫിഫ ലോകകപ്പ് ഒരുക്കങ്ങളുമായി ബന്ധപ്പെട്ട പദ്ധതികള്‍ക്കാണ് കരാര്‍ നല്‍കുന്നത്. പുതിയ പദ്ധതികളുടെ വിശദാംശങ്ങളും ചില വെല്ലുവിളികളും സംബന്ധിച്ച് അടുത്ത മാസം 15ന് ദോഹയില്‍ നടക്കുന്ന മീഡ് ഖത്വര്‍ പ്രൊജക്ട്‌സ് കോണ്‍ഫറന്‍സില്‍ വിശദീകരിക്കും.
22 ബില്യന്‍ ഡോളറിന്റെ കരാറുകള്‍ ഈ വര്‍ഷം നല്‍കിയിട്ടുണ്ട്. 2015നെ അപേക്ഷിച്ച് (29.3 ബില്യന്‍ ഡോളര്‍) 24 ശതമാനം കുറവാണിത്. നിലവിലുള്ള പ്രൊജക്ടുകള്‍ എളുപ്പം പൂര്‍ത്തിയാക്കുന്നതിലാണ് കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തെ പദ്ധതി ചെലവിന്റെ ശരാശരി വരും ഈ വര്‍ഷത്തേതും.
എണ്ണ വിലക്കുറവ് കാരണം സര്‍ക്കാറിന്റെ വരുമാനത്തില്‍ ഇടിവുണ്ടായതിനെ തുടര്‍ന്ന് മറ്റ് ജി സി സി രാഷ്ട്രങ്ങളെ പോലെ ഖത്വറും ചെലവില്‍ കുറവുവരുത്തുകയാണെന്ന് മീഡ് പ്രൊജക്ട്‌സ് കണ്ടന്റ് ആന്‍ഡ് അനലൈസിസ് ഡയറക്ടര്‍ എഡ് ജെയിംസ് പറഞ്ഞു. അതേസമയം, ലോകകപ്പ് അടുത്തുവരുന്നതിനാല്‍ കൂടുതല്‍ പദ്ധതികള്‍ രാജ്യത്തുണ്ടാകുമെന്നും ഈ വര്‍ഷവും വിതരണക്കാര്‍ക്കും കരാറുകാര്‍ക്കും വെണ്ടര്‍മാര്‍ക്കും ഒരുപോലെ നിരവധി അവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പദ്ധതിയിട്ടതും നിര്‍മാണത്തിലുമായി 30 ബില്യന്‍ ഡോളറിന്റെ പ്രൊജക്ടുകളാണുള്ളത്. ഖത്വറിന്റെ ഭാവി വികസനത്തില്‍ അശ്ഗാലിന് വലിയ പങ്കുണ്ട്. പത്ത് ബില്യന്‍ ഡോളറിലേറെ വരുന്ന എക്‌സ്പ്രസ്സ് വേ, പ്രാദേശിക റോഡുകള്‍, ഡ്രൈനേജ്, ഇന്നര്‍ ദോഹ സീവറേജ് ഇംപ്ലിമെന്റേഷന്‍ സ്ട്രാറ്റജി, സര്‍ക്കാര്‍ കെട്ടിട നിര്‍മാണം തുടങ്ങിയവയാണ് അശ്ഗാലിന്റെ പ്രധാന പദ്ധതികള്‍. 15 ബില്യന്‍ ഡോളറിന്റെ ദീര്‍ഘദൂര യാത്രാ- ചരക്ക് ശൃംഖലയുടെ ആദ്യഘട്ടം, രണ്ട് ബില്യന്റെ ഹമദ് അന്താരാഷ്ട്ര വിമാനത്താവള വികസനം എന്നിവയാണ് ഈ വര്‍ഷം ടെന്‍ഡര്‍ വിളിക്കുകയോ കരാര്‍ നല്‍കുകയോ ചെയ്ത പ്രധാന പദ്ധതികള്‍.
കുറഞ്ഞ എണ്ണവില അവഗണിക്കാന്‍ സാധിക്കാത്തതാണെങ്കിലും ഈ വെല്ലുവിളി മറികടക്കാന്‍ സാമ്പത്തിക- മനുഷ്യ വിഭവം ഖത്വറിനുണ്ടെന്ന് മീഡ് മാഗസിന്‍ എഡിറ്റോറിയല്‍ ഡയറക്ടര്‍ റിച്ചാര്‍ഡ് തോംപ്‌സണ്‍ പറഞ്ഞു.
സമ്മേളനത്തില്‍ വാണിജ്യ മന്ത്രി ശൈഖ് അഹ്മദ് ബിന്‍ ജാസിം അല്‍ താനി, അശ്ഗാല്‍ പ്രസിഡന്റ് നാസര്‍ ബിന്‍ അലി അല്‍ മൗലവി തുടങ്ങിയവര്‍ പങ്കെടുക്കും.

LEAVE A REPLY

Please enter your comment!
Please enter your name here