ദോഹ മെട്രോ തുരങ്കം 77 ശതമാനം പൂര്‍ത്തിയായി

Posted on: February 9, 2016 7:32 pm | Last updated: February 12, 2016 at 8:45 pm
SHARE
മെട്രോ പദ്ധതിയുടെ ഭാഗമായി നടക്കുന്ന തുരങ്ക നിര്‍മാണം
മെട്രോ പദ്ധതിയുടെ ഭാഗമായി നടക്കുന്ന തുരങ്ക നിര്‍മാണം

ദോഹ : രാജ്യത്തെ റെയില്‍ പദ്ധതികളില്‍ നാഴികക്കല്ല് സൃഷ്ടിച്ച് മെട്രോ പാതക്കു വേണ്ടിയുള്ള തുരങ്ക നിര്‍മാണം 77 ശതമാനം പൂര്‍ത്തിയായതായി ഖത്വര്‍ റെയില്‍ അറിയിച്ചു. ദോഹ എക്‌സിബിഷന്‍ സെന്റര്‍ സ്റ്റേഷന്‍ സൈറ്റില്‍ എട്ടു മാസത്തെ പ്രവര്‍ത്തനത്തിലൂടെ 1.8 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ടണല്‍ നിര്‍മാണം പൂര്‍ത്തിയാക്കി. വെസ്റ്റ് ബേയില്‍ നിര്‍ണായക ടണല്‍ നിര്‍മാണം പൂര്‍ത്തിയാക്കാനായതില്‍ ഖത്വര്‍ റെയില്‍ ജീവനക്കാര്‍ ഒത്തുകൂടി സന്തോഷം പങ്കു വെച്ചു.
ദോഹ മെട്രോക്കു വേണ്ടി 86.5 കിലോമീറ്റര്‍ ടണല്‍ നിര്‍മാണമാണ് ഇതിനകം പൂര്‍ത്തിയാക്കിയതെന്ന് ഖത്വര്‍ റെയില്‍ അറിയിപ്പില്‍ പറയുന്നു. 21 വന്‍കിട ടണല്‍ ബോറിംഗ് മെഷീനുകളാണ് ദോഹ മെട്രോ തുരങ്ക നിര്‍മാണത്തിനായി ഉപയോഗിക്കുന്നത്. കൂടുതല്‍ വന്‍കിട മെഷീനുകള്‍ ടണല്‍ നിര്‍മാണത്തിന് ഉപയോഗിക്കുന്ന റെയില്‍ പദ്ധതി എന്ന അംഗീകാരം കഴിഞ്ഞ വര്‍ഷം ഖത്വര്‍ റെയില്‍ നേടിയിരുന്നു. ഒരേസമയം നിരവധി ടണലുകളാണ് റെയില്‍ പാതക്കായി നിര്‍മിക്കുന്നത്. അല്‍ മിസ്സില സൈറ്റിലെ ടണല്‍ നിര്‍മാണം ഡിസംബറില്‍ പൂര്‍ത്തിയാക്കിയിരുന്നു. അല്‍ റയ്യാന്‍ റോഡിനു സമീപം ജാസിം ബിന്‍ ഹമദ് സ്ട്രീറ്റിലാണ് ഈ സ്റ്റേഷന്‍ സ്ഥിതി ചെയ്യുന്നത്.
ഇപ്പോള്‍ ഒരു ഡസനിലധികം ടണല്‍ ബോറിംഗ് മെഷീനുകള്‍ തുരങ്ക നിര്‍മാണത്തിലേര്‍പ്പെട്ടിട്ടുണ്ട്. തുരങ്ക നിര്‍മാണങ്ങളുടെ പുരോഗതി വ്യക്തമാക്കി ഖത്വര്‍ റയില്‍ തയാറാക്കിയ ഓണ്‍ലൈന്‍ മാപ്പ് ചാര്‍ട്ടിംഗ് അനുസരിച്ചാണിത്. അതേസമയം, ഭൗമോപരിതലത്തിലെ റയില്‍ പാത നിര്‍മാണവും ത്വരിത ഗതിയില്‍ മുന്നോട്ടു പോവുകയാണ്. വക്‌റ വരെയുള്ള റെയില്‍ ലൈനു വേണ്ടിയുള്ള ഇലവേറ്റഡ് പ്ലാറ്റ് ഫോം നിര്‍മാണം, മാള്‍ ഓഫ് ഖത്വറിലേക്കുള്ള ദുഖാന്‍ ഹേവേക്കു സമാന്തരമായുള്ള റെയില്‍ പാത നിര്‍മാണം എന്നിവ നടന്നു വരുന്നു.
ടണല്‍ നിര്‍മാണം ഈ വര്‍ഷം അവസാനത്തോടെ അവസാനിപ്പിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. തുടര്‍ന്ന് റെയില്‍പാളങ്ങള്‍ വിരിക്കുന്ന പ്രവര്‍ത്തനവും മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍ സംവിധാനങ്ങള്‍ ഘടിപ്പിക്കുന്ന പ്രവര്‍ത്തനങ്ങളും ആരംഭിക്കും. 39 സ്റ്റേഷനുകളുള്ള ദോഹ മെട്രോ 2019ല്‍ യാത്രക്കാര്‍ക്കായി ഓട്ടം തുടങ്ങുമെന്നാണ് അധികൃതര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. നാലു ലൈനുകളാണ് ദോഹ മെട്രോക്കുണ്ടാകുക. ലുസൈല്‍ മുതല്‍ വെസ്റ്റ് ബേ വഴി മശ്‌രിബിലേക്കുള്ളതാണ് റെഡ്‌ലൈന്‍ നോര്‍ത്ത്. മശ്‌രിബില്‍നിന്നും മിസഈദിലേക്കുള്ള പാത റെഡ്‌ലൈന്‍ സൗത്ത് ആയി അറിയപ്പെടും. ഹമദ് ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ടുമായി ബന്ധിപ്പിക്കുന്ന ബ്രാഞ്ചും ഈ പാതയിലാണ്. അല്‍ റയ്യാന്‍ സ്റ്റേഡിയത്തിനു സമീപത്തു നിന്നും മിശൈരിബ് വഴി എജുക്കേഷന്‍ സിറ്റിയിലേക്കുള്ള പാത ഗ്രീന്‍ ലൈനും വില്ലേജിയോ മാളില്‍ നിന്നും മിശൈരിബ് വഴി പഴയ ദോഹ എയര്‍പോര്‍ട്ട് പരിസരത്തേക്കുള്ള പാത ഗോള്‍ഡ് ലൈനായും നാമകരണം ചെയ്തിരിക്കുന്നു. രാജ്യത്തു നടന്നു വരുന്ന മൂന്നു പ്രധാന റെയില്‍ പദ്ധതികളിലൊന്നാണ് ദോഹ മെട്രോ. യാത്രാ, ചരക്കു ഗതാഗതത്തിനായി എജുക്കേഷന്‍ സിറ്റിയില്‍നിന്നു തുടങ്ങി സഊദി അറേബ്യന്‍ അതിര്‍ത്തി വരെ നീളുന്ന ദീര്‍ഘദൂര ട്രെയിന്‍, ലുസൈല്‍ സിറ്റിയില്‍ നിലവില്‍ വരുന്ന ലൈറ്റ് റെയില്‍ ട്രാന്‍സിറ്റ് സിസ്റ്റം എന്നിവയാണ് മറ്റു രണ്ടു പദ്ധതികള്‍.

LEAVE A REPLY

Please enter your comment!
Please enter your name here