ഇന്ത്യക്ക് ഒളിംപിക് മെഡല്‍ തിരിച്ചു കിട്ടാന്‍ സാധ്യത: അഞ്ജു ബോബി ജോര്‍ജ്‌

Posted on: February 9, 2016 7:28 pm | Last updated: February 12, 2016 at 8:45 pm
SHARE
അഞ്ജു ബോബി ജോര്‍ജ് ദോഹയില്‍ വാര്‍ത്താ സമ്മേളനത്തില്‍
അഞ്ജു ബോബി ജോര്‍ജ് ദോഹയില്‍ വാര്‍ത്താ സമ്മേളനത്തില്‍

ദോഹ: 2004ലെ ഏദന്‍സ് ഒളിംപിക്‌സില്‍ ഇന്ത്യക്ക് നഷ്ടപ്പെട്ട ലോംഗ് ജംപ് മെഡല്‍ തിരിച്ചു കിട്ടാന്‍ സാധ്യതയുണ്ടെന്ന് കേരള സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റും അര്‍ജുന അവാര്‍ഡ് ജേതാവുമായ അഞ്ജു ബോബി ജോര്‍ജ്.
ഒളിംപിക്‌സില്‍ ഇന്ത്യക്കു വേണ്ടി മത്സരിച്ച തനിക്ക് അഞ്ചാം സ്ഥാനമാണ് കിട്ടിയത്. എന്നാല്‍, മുന്നില്‍ ഫിനിഷ് ചെയ്ത മൂന്നു പേരെ ഉത്തേജക മരുന്നു കഴിച്ചതായി കണ്ടെത്തി പിടികൂടിയിട്ടുണ്ട്. അന്വേഷണം ഇന്റര്‍പോള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. റിപ്പോര്‍ട്ട് ഉടന്‍ പുറത്തുവരുമെന്നു പ്രതീക്ഷിക്കുന്നു. അനുകൂലമാവുകയാണെങ്കില്‍ വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യക്ക് നഷ്ടപ്പെട്ട മെഡല്‍ തിരിച്ചു കിട്ടിയേക്കുമെന്ന് അവര്‍ പ്രത്യാശ പ്രകടിപ്പിച്ചു.
അന്ന് മെഡല്‍ നഷ്ടപ്പെട്ടപ്പോള്‍ വലിയ സങ്കടമുണ്ടായിരുന്നു. എന്നാല്‍, കായിക രംഗത്ത് ഒരിക്കലും ധാര്‍മികത കൈവിട്ടില്ല എന്നതില്‍ സന്തോഷമുണ്ട്. ഉത്തേജ മരുന്ന് കേസുകള്‍ തന്റെ കാലത്ത് ഒതുക്കി തീര്‍ക്കുന്നതിന് ഐ ഡബ്ല്യു എഫ് തന്നെ കൂട്ടുനില്‍ക്കുന്ന അവസ്ഥയായിരുന്നു. പണവും സ്വാധീനവുമുണ്ടെങ്കില്‍ എന്തും ആകാമെന്ന അവസ്ഥയായിരുന്നു. അതിന് മാറ്റമുണ്ടാവുമെന്നാണ് പ്രതീക്ഷ. ചാലിയാര്‍ ദോഹ സംഘടിപ്പിക്കുന്ന കായികദിന പരിപാടികളില്‍ പങ്കെടുക്കാനായി എത്തിയ അവര്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു.
തന്റെ കായിക ജീവിതത്തില്‍ ഏറ്റവും മികച്ച പ്രകടനം കാഴ്ച്ച വെച്ച നഗരം എന്ന നിലയില്‍ ദോഹയോടും ഖത്വറിനോടും പ്രിയമുണ്ട്. ലോകത്ത് പൊതു അവധി പ്രഖ്യാപിച്ച് കായികദിനം ആചരിക്കുന്ന അപൂര്‍വമാണ് ഖത്വര്‍. 2004 ലെ ദോഹ സൂപ്പര്‍ ഗ്രാന്‍ഡ് പ്രീയില്‍ സ്വര്‍ണം നേടിയതും 2008ല്‍ ഏഷ്യന്‍ ഇന്‍ഡോര്‍ അത്‌ല്റ്റിക് ചാംപ്യന്‍ഷിപ്പില്‍ വെള്ളി നേടിയതും തന്റെ കായിക ജീവിതത്തിലെ നാഴികക്കല്ലുകളാണ്. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് എന്ന നിലയില്‍ കായിക താരങ്ങളുടെയും കോച്ചുമാരുടെയും വികസനത്തിലാണ് പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. കായിക രംഗത്ത് കൂടുതല്‍ അറിവ് പകരാന്‍ ഉപകരിക്കുന്ന പുതിയ കോഴ്‌സുകള്‍ ആരംഭിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടത്തും. കോച്ചുമാര്‍ക്ക് ഐ ഡബ്ല്യു എഫ് കോഴ്‌സ് നല്‍കാനുള്ള പദ്ധതി മുന്നിലുണ്ട്. കായിക താരങ്ങള്‍ക്ക് പുറത്തു പോയി പരീശീലനം നേടുന്നതിനുള്ള സ്‌കോളര്‍ഷിപ്പ് ഉള്‍പ്പെടെയുള്ള പിന്തുണ ലഭ്യമാക്കും. സ്‌കൂളുകള്‍ക്കും ആവശ്യമായ പിന്തുണ നല്‍കും.
സ്‌കൂള്‍ ദേശീയ ഗെയിംസ് നടക്കാതിരിക്കാനുള്ള ഒരു സാഹചര്യത്തിലാണ് കേരളം അതേറ്റെടുത്ത് വിജയകരമായി പൂര്‍ത്തിയാക്കിയത്. ഒളിംപിക് ടീമിനെ തയ്യാറാക്കുന്ന കമ്മിറ്റിയുടെ ചെയര്‍ പേഴ്‌സനായി പ്രവര്‍ത്തിക്കുന്നു. 2016 ഒളിംപിക്‌സിനുള്ള ഇന്ത്യന്‍ ടീമില്‍ ഭൂരിഭാഗത്തെയും തിരഞ്ഞെടുത്ത് കഴിഞ്ഞു. പൂര്‍ണമായും മെഡല്‍ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്ന അത്‌ലറ്റുകളൊന്നും നിലവില്‍ ഇല്ല. ഷൂട്ടിംഗ്, റസ്്‌ലിംഗ്, ടെന്നീസ് എന്നിവയില്‍ പ്രതീക്ഷയുണ്ട്.
ചാട്ടക്കാര്‍ക്ക് കോച്ചിങ് നല്‍കുന്നതിനുള്ള അഞ്ജു ബോബി ജോര്‍ജ് അക്കാദമി ബാംഗ്ലൂരില്‍ ഈ വര്‍ഷം പ്രവര്‍ത്തനം ആരംഭിക്കും. കൊച്ചിയിലാണ് അതിന്റെ രണ്ടാമത്തെ കേന്ദ്രം ഉദ്ദേശിക്കുന്നത്. ജൂനിയേഴ്‌സിന് പിന്തുണ നല്‍കി വളര്‍ത്തിക്കൊണ്ടു വരികയാണ് ലക്ഷ്യം. എല്ലാ കായിക മേളകളും മികച്ച രീതിയില്‍ സംഘടിപ്പിക്കുന്ന രാജ്യമാണ് ഖത്വര്‍. കായിക മേഖലക്ക് വലിയ പ്രോല്‍സാഹനം നല്‍കുന്ന ഖത്തറില്‍ ഉടന്‍ നടക്കാനിരിക്കുന്ന ഏഷ്യന്‍ അതല്റ്റിക് ഇന്‍ഡോര്‍ ചാംപ്യന്‍ഷിപ്പ് മികച്ച അനുഭവമായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അഞ്ജു പറഞ്ഞു. ഇന്ത്യയില്‍ നിന്ന് നല്ലൊരു ടീം തന്നെ ഇത്തവണത്തെ ചാംപ്യന്‍ഷിപ്പിന് പങ്കെടുക്കുന്നുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here