ശ്രീലങ്കയെ തകര്‍ത്ത് ഇന്ത്യ അണ്ടര്‍ 19 ലോകക്കപ്പ് ക്രിക്കറ്റ് ഫൈനലില്‍

Posted on: February 9, 2016 4:08 pm | Last updated: February 9, 2016 at 4:08 pm

Under 19 world cupധാക്ക: ഐസിസി അണ്ടര്‍ 19 വേള്‍ഡ്കപ്പ് ക്രിക്കറ്റ് സെമിഫൈനലില്‍ ശ്രീലങ്കയെ 97 റണ്‍സിന് തകര്‍ത്ത് ഇന്ത്യ ഫൈനലില്‍. ആന്‍മോള്‍പ്രീത് സിംഗിന്റെയും സര്‍ഫ്രാസ് ഖാന്റെയും ബാറ്റിംഗ് കരുത്തില്‍ ഇന്ത്യ നേടിയ 267 റണ്‍സ് പിന്തുടര്‍ന്ന ശ്രീലങ്ക 170 റണ്‍സിന് ആള്‍ ഔട്ടാകുകയായിരുന്നു. ഈ മാസം 11ന് നടക്കുന്ന ഫൈനലില്‍ വെസ്റ്റ് ഇന്‍ഡീസ് – ബംഗ്ലാദേശ് സെമിഫൈനലിലെ വിജയികളുമായി ഇന്ത്യ ഏറ്റുമുട്ടും.

രണ്ട് വിക്കറ്റിന് 27 റണ്‍സ് എന്ന നിലയില്‍ പരുങ്ങിയ ഇന്ത്യയെ ആന്‍മോള്‍പ്രീത് സിംഗ് ആണ് കൈപിടിച്ചുയര്‍ത്തിയത്. 92 പന്തില്‍ നിന്ന് 72 റണ്‍സെടുത്ത് ആന്‍മോള്‍പ്രീത് ഇന്ത്യന്‍ സ്‌കോര്‍ ഉയര്‍ത്തി. സിംഗിന് കൂട്ടായി സര്‍ഫ്രാസ് കൂടി എത്തിയതോടെ ഇന്ത്യന്‍ സ്‌കോര്‍ മികച്ച നിലയില്‍ എത്തി. 70 റണ്‍സ് നേടി സിംഗിന് മികച്ച പിന്തുണയാണ് സര്‍ഫ്രാസ് നല്‍കിയത്.

മറുപടി ബാറ്റിംഗില്‍ ശ്രീലങ്കക്ക് തുടക്കത്തിലേ പിഴച്ചു. മൂന്ന് വിക്കറ്റിന് 42 റണ്‍സെന്ന നിലയിലേക്ക് കൂപ്പുകുത്തിയ ശ്രീലങ്ക പിന്നീട് ഇഴഞ്ഞുനീങ്ങുന്നതാണ് കണ്ടത്. ഇന്ത്യക്ക് വേണ്ടി 21 റണ്‍സ് വഴങ്ങി മയാങ്ക് ഡാഗര്‍ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി.