ആര്‍ എസ് എസ്- ലീഗ് കൂടിക്കാഴ്ച: ലക്ഷ്യം നിയമസഭാ തിരഞ്ഞെടുപ്പ്- സി പി എം

Posted on: February 9, 2016 11:58 am | Last updated: February 9, 2016 at 11:58 am
SHARE

cpmകോഴിക്കോട്: ആര്‍ എസ് എസ്- മുസ്‌ലിം ലീഗ് കൂടിക്കാഴ്ച നിയമസഭാ തിരഞ്ഞെടുപ്പില്‍ രൂപപ്പെടാന്‍ പോകുന്ന അവിശുദ്ധ സഖ്യത്തിന്റെ പ്രാരംഭമെന്ന് സി പി എം ജില്ലാ സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു.
ആസന്നമായ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പുകളില്‍ രാഷ്ട്രീയ പാര്‍ട്ടികളും മുന്നണികളും സജീവമായി ഏര്‍പ്പെട്ടിരിക്കുന്ന സന്ദര്‍ഭത്തിലാണ് കഴിഞ്ഞ മാസം 26 ന് ആര്‍ എസ് എസിന്റെ കേരള പ്രാന്തപ്രചാരക്ക് പി ഗോപാലന്‍കുട്ടി അടക്കമുള്ള ഉന്നത നേതാക്കള്‍ കോഴിക്കോട്ട് ലീഗ് ജില്ലാ ഓഫീസിലെത്തി ലീഗിന്റെ ഉന്നത നേതാക്കളുമായി ചര്‍ച്ച നടത്തിയത്. മുസ്‌ലീം ലീഗിന്റെ ജില്ലാ പ്രസിഡന്റും ജില്ലാ ജനറല്‍ സെക്രട്ടറിയും ചര്‍ച്ചയില്‍ പങ്കെടുത്തതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത് കഴിഞ്ഞിട്ടുണ്ടെന്നും സെക്രട്ടേറിയറ്റ് കുറ്റപ്പെടുത്തി.
സംസ്ഥാനത്തെ ഉന്നതരായ ലീഗ് നേതാക്കളുടെ അറിവും അനുവാദവുമില്ലാതെ ഇത്തരമൊരു ചര്‍ച്ച നടക്കാനിടയില്ല.
ആര്‍ എസ് എസ് നിയന്ത്രിക്കുന്ന നരേന്ദ്രമോദി ഭരണത്തില്‍ ഭീകരമായ അതിക്രമങ്ങള്‍ക്കും പീഢനങ്ങള്‍ക്കും ഇന്ത്യയിലെ ന്യൂനപക്ഷങ്ങളും ദളിത് വിഭാഗങ്ങളും ഇരയാകുന്ന സന്ദര്‍ഭത്തിലാണ് ലീഗ് നേതാക്കള്‍ ആര്‍ എസ് എസ് നേതാക്കളെ തങ്ങളുടെ ഓഫീസിലേക്ക് വിളിച്ചുവരുത്തി ചര്‍ച്ചക്ക് തയ്യാറാകുന്നത്.
നിയമസഭാ തിരഞ്ഞെടുപ്പില്‍ ദയനീയമായ പരാജയം മുന്നില്‍ കാണുന്ന മുസ്‌ലിം ലീഗിന്റെയും യു ഡി എഫിന്റെയും നേതൃത്വം പിടിച്ചു നില്‍ക്കാനുള്ള വെപ്രാളത്തിന്റെ ഭാഗമായിട്ടാണ് ആര്‍ എസ് എസും സംഘപരിവാര്‍ സംഘടനകളുമായി അവിശുദ്ധ കൂട്ടുകെട്ടിന് മുന്നിട്ടിറങ്ങിയിരിക്കുന്നതെന്നും സി പി എം ജില്ലാ സെക്രട്ടേറിയറ്റ് കൂട്ടിച്ചേര്‍ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here