Connect with us

National

ലഷ്‌കര്‍ ഇ തൊയ്ബയ്ക്കു നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നത് ഐഎസ്‌ഐ: ഹെഡ്‌ലി

Published

|

Last Updated

മുംബൈ: ഭീകരസംഘടനയായ ലഷ്‌കര്‍ ഇ തൊയ്ബയ്ക്കു നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നത് പാക് ചാരസംഘടനയായ ഇന്റര്‍ സര്‍വീസ് ഇന്റലിജന്‍സ് (ഐഎസ്‌ഐ) ആണെന്ന് മുംബൈ ഭീകരാക്രമണ കേസില്‍ അമേരിക്കയിലെ ജയിലില്‍ കഴിയുന്ന ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലി. വീഡിയോ കോണ്‍ഫറന്‍സിലൂടെ മുംബൈ ടാഡ കോടതിയില്‍ നല്കിയ മൊഴിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഹെഡ്‌ലിയുടെ വീഡിയോ കോണ്‍ഫറന്‍സ് വിചാരണ രണ്ടാം ദിവസവും തുടരുകയാണ്.

വിവരങ്ങള്‍ ചോര്‍ത്തി നല്‍കാന്‍ ഇന്ത്യന്‍ കരസേനയില്‍ ചാരന്മാരെ കണ്ടെത്തണമെന്നു ഐഎസ്‌ഐ ആവശ്യപ്പെട്ടിരുന്നു. 2007ല്‍ ഇന്ത്യന്‍ പ്രതിരോധ വകുപ്പിന്റെ യോഗം നടക്കുമ്പോള്‍ ഹോട്ടല്‍ ആക്രമിക്കണമെന്നു ഐഎസ്‌ഐ ആവശ്യപ്പെട്ടിരുന്നതായും ഹെഡ്‌ലി മൊഴി നല്‍കി. 2006ല്‍ നടന്ന യോഗത്തില്‍ താന്‍ ഇന്ത്യയിലേക്കു പോകണമെന്നു അവര്‍ നിര്‍ദേശിച്ചത്. സാജിദ് മിര്‍, മുസാമില്‍, അബു ഖാഫ എന്നിവരും ഈ യോഗത്തില്‍ പങ്കെടുത്തിരുന്നതായി പാക് വംശജനായ അമേരിക്കന്‍ ഭീകരന്‍ മൊഴിയില്‍ വ്യക്തമാക്കി. അല്‍ ക്വയ്ദയെ തനിക്ക് അറിയാമെന്നും ഹെഡ്‌ലി സമ്മതിച്ചു.

ഇന്ത്യന്‍ നിയമചരിത്രത്തില്‍ ഒരു വിദേശ ഭീകരന്‍ വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ മൊഴി നല്കുന്നത് ഇതാദ്യമാണ്. മുംബൈ ഭീകരാക്രമണത്തില്‍ പാക് ചാരസംഘടനയായ ഐഎസ്‌ഐയുടെ പങ്ക് വ്യക്തമാക്കുന്നതാണ് ഹെഡ്‌ലിയുടെ മൊഴികള്‍. 2008 നവംബറിലെ ഭീകരാക്രമണത്തിനു മുമ്പു രണ്ടു തവണ മുംബൈയില്‍ ആക്രമണം നടത്താന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടെന്നും ഹെഡ്‌ലി തിങ്കളാഴ്ച മൊഴി നല്‍കിയിരുന്നു. ഭീകരാക്രമണ കേസില്‍ 35 വര്‍ഷം തടവുശിക്ഷയ്ക്കു വിധിക്കപ്പെട്ട ഹെഡ്‌ലി അമേരിക്കയില്‍ തടവില്‍ കഴിയുകയാണ്.

Latest