പൊതുമേഖലാ ബേങ്കുകള്‍ എഴുതിത്തള്ളിയത് 1.14 ലക്ഷം കോടി കടം

Posted on: February 9, 2016 9:47 am | Last updated: February 9, 2016 at 9:47 am
SHARE

sbiന്യൂഡല്‍ഹി: കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ 1.14 ലക്ഷം കോടി രൂപയുടെ കിട്ടാക്കടം രാജ്യത്തെ വിവിധ പൊതുമേഖലാ ബേങ്കുകള്‍ എഴുതിത്തള്ളിയതായി കണക്കുകള്‍. ഇതില്‍ രാജ്യത്തെ വന്‍കിട കോര്‍പറേറ്റ് കമ്പനികളുടെ എഴുതിത്തള്ളിയ കണക്കുകള്‍ സംബന്ധിച്ച വിവരങ്ങള്‍ വ്യക്തമല്ല. ബേങ്കുകള്‍ കിട്ടാക്കടത്തിന്റെ മൊത്തം കണക്കാണ് റിസര്‍വ് ബേങ്കിന് സമര്‍പ്പിക്കുന്നതെന്നതിനാല്‍ വ്യവസായ ഭീമന്മാരുടെയും കോര്‍പറേറ്റുകളുടെയും വായ്പ എഴുതിത്തള്ളിയതു സംബന്ധിച്ച പ്രത്യേക വിവരങ്ങള്‍ പുറത്തുവരാനിടയില്ല. 2004 മുതല്‍ 2012 വരെ എട്ട് വര്‍ഷത്തിനിടെ നാല് ശതമാനം എന്ന നിരക്കിലായിരുന്നു കിട്ടാക്കടത്തിന്റെ വര്‍ധന. പിന്നീടുള്ള മൂന്ന് വര്‍ഷം ഇത് 60 ശതമാനമായി കുതിച്ചുയരുകയായിരുന്നു. 2012 മാര്‍ച്ചില്‍ അവസാനിക്കുന്ന സാമ്പത്തിക വര്‍ഷത്തില്‍ 15,551 കോടി രൂപയുടെ കിട്ടാക്കടം ഉണ്ടെന്നായിരുന്നു റിസര്‍വ് ബേങ്ക് വ്യക്തമാക്കിയിരുന്നത്. 2015 മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തോടെ ഇത് മൂന്നിരട്ടിയിലധികം ഉയര്‍ന്ന് 52,542 കോടി രൂപയായി വര്‍ധിച്ചു. 2004 മുതല്‍ 2015 വരെയുള്ള കാലയളവില്‍ 2.11 ലക്ഷം കോടിയുടെ കിട്ടാക്കടമാണ് ബേങ്കുകള്‍ എഴുതിത്തള്ളിയത്. 1.14 ലക്ഷം കോടി രൂപയും 2013 മുതല്‍ 2015 വരെയുള്ള കാലയളവിലാണ്. ഇത് ആകെ തുകയുടെ പകുതിയിലേറെവരും.
രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബേങ്കായ എസ് ബി ഐ തന്നെയാണ് കിട്ടാക്കടം എഴുതിത്തള്ളിയതിലും മുന്നില്‍. 21,313 കോടിയാണ് 2015ല്‍ മാത്രം എസ് ബി ഐ ഈയിനത്തില്‍ എഴുതിത്തള്ളിയത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 21,313 കോടി രൂപയാണ് സ്റ്റേറ്റ് ബേങ്ക് വായ്പ എഴുതിത്തള്ളിയത്. 6,587 കോടി രൂപ എഴുതിത്തള്ളിയ പഞ്ചാബ് നാഷനല്‍ ബേങ്കാണ് രണ്ടാംസ്ഥാനത്ത്. ഇന്ത്യന്‍ ഓവര്‍സീസ് ബേങ്ക് (3,131 കോടി), അലഹാബാദ് ബേങ്ക് (2,109 കോടി), ഐ ഡി ബി ഐ ബേങ്ക് (1,609 കോടി), ബേങ്ക് ഓഫ് ബറോഡ (1,564 കോടി), സിന്‍ഡിക്കേറ്റ് ബേങ്ക് (1,527 കോടി), കാനറ ബേങ്ക് (1,427 കോടി), യൂകോ ബേങ്ക് (1,401 കോടി), സെന്‍ട്രല്‍ ബേങ്ക് ഓഫ് ഇന്ത്യ (1,386 കോടി) എന്നിവയാണ് കൂടുതല്‍ എഴുതിത്തള്ളിയ പത്ത് ബാങ്കുകള്‍.
മൂലധനം വര്‍ധിപ്പിക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികളിലൂടെ പൊതുമേഖലാ ബേങ്കുകളെ ശക്തിപ്പെടുത്തുമെന്ന് കേന്ദ്രസര്‍ക്കാര്‍ ആവര്‍ത്തിച്ചു പ്രഖ്യാപിക്കുമ്പോഴും അവയുടെ കിട്ടാക്കടം പെരുകുകയാണെന്നു വ്യക്തമാക്കുന്നതാണ് ഈ റിപ്പോര്‍ട്ട്. റിസര്‍വ് ബേങ്കില്‍ നിന്ന് വിവരാവകാശ നിയമപ്രകാരം ഇന്ത്യന്‍ എക്‌സ്പ്രസ്സിനു ലഭിച്ച മറുപടിയിലാണ് ഞെട്ടിക്കുന്ന ഈ കണക്കുകള്‍ പുറത്തുവന്നത്.