ലിബിയയില്‍ ആശുപത്രിക്ക് നേരെ വ്യോമാക്രമണം; നാല് മരണം

Posted on: February 9, 2016 9:31 am | Last updated: February 9, 2016 at 9:31 am

libyaബെന്‍ഗാസി: ലിബിയയുടെ കിഴക്കന്‍ പ്രദേശമായ ദെര്‍ണയില്‍ ആശുപത്രിയിലുണ്ടായ വ്യോമാക്രമണത്തില്‍ നാല് പേര്‍ മരിച്ചു. ഞായറാഴ്ച രാവിലെയുണ്ടായ ആക്രമണത്തില്‍ ആശുപത്രിയിലെ നഴ്‌സും നഴ്‌സിന്റെ പത്ത് വയസ്സുകാരനും രണ്ട് സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭകരുമാണ് മരിച്ചത്. ദെര്‍ണ പ്രവിശ്യയിലെ ബാബ് തൊബ്‌റൂക് ജില്ലയിലെ മെഡിക്കല്‍ ടെക്‌നോളജി സയന്‍സിന്റെ അടുത്താണ് വ്യോമാക്രമണം ഉണ്ടായതെന്ന് മുജാഹിദീന്‍ ശൂറാ കൗണ്‍സില്‍ ഇറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. ദേര്‍ണയില്‍ പ്രവര്‍ത്തക്കുന്ന തീവ്രവാദികളുടെ സംയുക്ത സംഘടനയാണ് മുജാഹിദീന്‍ ശൂറ കൗണ്‍സില്‍. അല്‍ വഹദാ ആശുപത്രിയിലെ യൂറോളജി വിഭാഗത്തില്‍ ഉണ്ടായ വ്യോമാക്രമണത്തിലാണ് നഴ്‌സും മകനും കൊല്ലപ്പെട്ടതെന്ന് ആശുപത്രയിലെ ഡോക്ടര്‍ ജിദ്ദയിമി പറഞ്ഞു. തീരദേശ നഗരമായ ദേര്‍ണ ലിബിയയുടെ തലസ്ഥാന നഗരിയായ ട്രിപ്പോളിയില്‍ നിന്നും 680 മൈല്‍ ദൂരെയാണ് സ്ഥിതി ചെയ്യുന്നത്. ഭീകര സംഘടനയായ അല്‍ ഖാഇദയുമായി ബന്ധമുള്ള അന്‍സാര്‍ അല്‍ശരീഅ അടക്കമുള്ള സംഘടനകള്‍ പ്രവര്‍ത്തിക്കുന്ന വിഭാഗമാണ് മുജാഹീദീന്‍ ശൂറ കൗണ്‍സില്‍. ഇസില്‍ ഭീകരര്‍ കഴിഞ്ഞ മാസം 21ന് നഗരത്തില്‍ പ്രവേശിക്കാന്‍ തുനിഞ്ഞിരുന്നെങ്കിലും പ്രാദേശിക എതിര്‍പ്പിനെ തുടര്‍ന്ന് സാധിച്ചിരുന്നില്ല.