Connect with us

International

അഫ്ഗാനില്‍ ചാവേര്‍ ആക്രമണം; മൂന്ന് സൈനികര്‍ കൊല്ലപ്പെട്ടു

Published

|

Last Updated

കാബൂള്‍: അഫ്ഗാനിസ്ഥാനിലെ ബാള്‍ക്ക് പ്രവിശ്യയില്‍ സൈന്യത്തിന്റെ മിനിബസിന് സമീപമുണ്ടായ ചാവേര്‍ ആക്രമണത്തില്‍ മൂന്ന് സൈനികര്‍ കൊല്ലപ്പെട്ടു. 18ലധികം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. വാഹനത്തിനടുത്തെത്തിയ ചാവേര്‍ സ്വയം പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് അഫ്ഗാന്‍ സൈനിക വൃത്തങ്ങള്‍ അറിയിച്ചു. ദെഹ്ദാദി ജില്ലയിലെ അഫ്ഗാന്‍ സൈനിക ക്യാമ്പിനടുത്താണ് ആക്രമണം. ചാവേര്‍ നടന്നുവരുന്നതിനിടെയാണ് സ്വയം പൊട്ടിത്തെറിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. എന്നാല്‍ ആക്രമണത്തില്‍ സാധാരണക്കാര്‍ക്ക് ജീവഹാനി സംഭവിച്ചിട്ടില്ലെന്ന് പോലീസ് വക്താവ് ഷേര്‍ മുഹമ്മദ് ദുറാനി പറഞ്ഞു. രാജ്യത്തെ മാധ്യമസ്ഥാപനങ്ങളിലേക്കയച്ച ഇ മെയില്‍ സന്ദേശത്തില്‍, ആക്രമണത്തിന്റെ ഉത്തരവാദിത്വം തങ്ങള്‍ ഏറ്റെടുക്കുന്നതായി താലിബാന്‍ അവകാശപ്പെട്ടു. അഫ്ഗാന്‍ സുരക്ഷാ സൈന്യത്തിനെതിരെ അടുത്തിടെയായി താലിബാന്‍ നടത്തുന്ന ആക്രമണങ്ങളുടെ എണ്ണം വര്‍ധിച്ചു വരികയാണ്.
അതിനിടെ, ലോഗാര്‍ പ്രവിശ്യയിലുണ്ടായ മറ്റൊരു സംഭവത്തില്‍, റോഡരികില്‍ സ്ഥാപിച്ച ബോംബ് പൊട്ടിത്തെറിച്ച് ഒരു പോലീസുകാരന്‍ കൊല്ലപ്പെട്ടു. മറ്റു എട്ട് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.
2014ല്‍ അഫ്ഗാനില്‍ നിന്ന് നാറ്റോ സൈന്യം ഔദ്യോഗികമായി പിന്‍വാങ്ങിയതോടെ താലിബാനുമായി സമാധാന ചര്‍ച്ചകളിലെത്താനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. പാക്കിസ്ഥാന്‍, അമേരിക്ക, ചൈന എന്നീ രാജ്യങ്ങളുടെ പിന്തുണയോടെയാണ് സമാധാന ചര്‍ച്ചകള്‍ക്ക് കളമൊരുങ്ങുന്നത്.

Latest