Connect with us

Sports

സെവന്‍സ് ഫൂട്‌ബോള്‍: വിദേശ താരങ്ങള്‍ക്കെതിരെ നടപടി വരുന്നു

Published

|

Last Updated

കോഴിക്കോട്: മലപ്പുറം, കോഴിക്കോട് ജില്ലകള്‍ കേന്ദ്രീകരിച്ച് സെവന്‍സ് ഫൂട്‌ബോള്‍ മേളകളില്‍ പങ്കെടുക്കുന്ന വിദേശ താരങ്ങള്‍ക്കെതിരെ നടപടി വരുന്നു. ആഫ്രിക്കയില്‍ നിന്നും മറ്റു വിദേശ രാജ്യങ്ങളില്‍ നിന്നുമായി മതിയായ യാത്രാ രേഖകളില്ലാതെ നൂറു കണക്കിന് ഫൂട്‌ബോള്‍ താരങ്ങളാണ് കേരളത്തിലെത്തിയത്. ഇവരില്‍ കുറച്ച് പേര്‍ക്ക് ടൂറിസ്റ്റ് വിസ ഉണ്ടെങ്കിലും നിയമം ലംഘിച്ച് ഫൂട്‌ബോള്‍ മത്സരങ്ങളില്‍ പങ്കെടുക്കുകയാണെന്നും ഏതാണ്ട് 80 ശതമാനം പേരും യാതൊരു ഔദ്യോഗിക രേഖകളുമില്ലാതെയാണ് കേരളത്തില്‍ തുടരുന്നതെന്നും രഹസ്യാന്വേഷണ വിഭാഗത്തിന് വിവരം ലഭിച്ചിട്ടുണ്ട്.
സിക വൈറസ് ഭീതിയും നടപടിക്ക് കാരണമാണ്. ആരോഗ്യ മേഖലയില്‍ മുന്‍കരുതല്‍ സ്വീകരിക്കുന്നുണ്ടെങ്കിലും അനധികൃതമായി രാജ്യത്തെത്തുന്ന വിദേശികള്‍ പരിശോധനകള്‍ക്ക് വിധേയമാവുന്നില്ല. വിദേശ ഫൂട്‌ബോള്‍ താരങ്ങള്‍ വഴി സിക വൈറസ് പകരുമെന്ന ആശങ്ക ആരോഗ്യ വകുപ്പ് അധികൃതരും ഉന്നയിക്കുന്നുണ്ട്. ആരോഗ്യ, ക്രമസമാധാന പ്രശ്‌നങ്ങള്‍ രൂക്ഷമായ സാഹചര്യത്തിലാണ് അനധികൃതമായി കേരളത്തില്‍ തുടരുന്ന വിദേശ ഫൂട്‌ബോള്‍ താരങ്ങള്‍ക്കെതിരെ നടപടി എടുക്കാന്‍ പോലീസും ആരോഗ്യ വകുപ്പും ഒരുങ്ങുന്നത്.
കോഴിക്കോട്ടെയും മലപ്പുറത്തെയും സെവന്‍സ് ടൂര്‍ണമെന്റുകള്‍ ലക്ഷ്യമിട്ടെത്തുന്ന വിദേശ താരങ്ങള്‍ക്ക് ഒരു മത്സരത്തില്‍ 3000 മുതല്‍ 8000 രൂപ വരെയാണ് വരുമാനം. ഈ വലിയ വരുമാനം ലക്ഷ്യമിട്ടാണ് താരങ്ങള്‍ കേരളത്തിലെത്തുന്നത്. ഇവരെ ക്ലബ്ബുകള്‍ക്ക് എത്തിച്ചു നല്‍കാന്‍ ഏജന്റുമാരും പ്രവര്‍ത്തിക്കുന്നുണ്ട്. കഴിഞ്ഞ സീസണില്‍ അനധികൃതമായി കളിക്കാരെ കൈമാറ്റം നടത്തിയ നാലു പേര്‍ പോലീസ് നടപടിയെ തുടര്‍ന്ന് ജയിലിലാണ്. നിയമം ലംഘിച്ച് സെവന്‍സ് ചാമ്പ്യന്‍ഷിപ്പുകള്‍ നടത്തുന്ന ക്ലബ്ബുകള്‍ക്കെതിരെ നടപടി ആരംഭിക്കാനുള്ള ഒരുക്കത്തിലാണ് കേരള ഫൂട്‌ബോള്‍ അസോസിയേഷന്‍.