അമ്പതിലേറെ സ്വര്‍ണവുമായി ഇന്ത്യ കുതിക്കുന്നു

Posted on: February 9, 2016 12:35 am | Last updated: February 9, 2016 at 12:35 am
SHARE

Nikki (India) winner of Gold Medal in 75kg women wrestling, during the presentation ceremony, at the 12th South Asian Games, in Guwahati on February 08, 2016.

ഗുവാഹത്തി: സാഗില്‍ ഇന്ത്യയുടെ സ്വര്‍ണക്കുതിപ്പ് അര്‍ധസെഞ്ച്വറി പിന്നിട്ടു. 53 സ്വര്‍ണം ഉള്‍പ്പടെ 79 മെഡലുകള്‍ വാരി ഇന്ത്യ ബഹുദൂരം മുന്നില്‍. ഇരുപത് വെള്ളിയും ആറ് വെങ്കലവുമാണ് ഇന്ത്യയുടെ മറ്റ് മെഡല്‍ നേട്ടങ്ങള്‍. രണ്ടാം സ്ഥാനത്തുള്ള ശ്രീലങ്കക്ക് പതിനൊന്ന് സ്വര്‍ണമായിട്ടേയുള്ളൂ. എന്നാല്‍, വെള്ളി മെഡലുകളുടെ എണ്ണത്തില്‍ ഇന്ത്യക്ക് മുകളിലാണ് സ്ഥാനം. 27 വെള്ളി മെഡലുകള്‍ക്കൊപ്പം 23 വെങ്കലത്തിന്റെ എണ്ണത്തിലും ഇന്ത്യയെ പിറകിലാക്കിയ ലങ്കയുടെ ആകെ മെഡല്‍ നേട്ടം 61. നാല് സ്വര്‍ണമുള്‍പ്പടെ 29 മെഡലുകളുള്ള പാക്കിസ്ഥാനാണ് മൂന്നാം സ്ഥാനത്ത്.

ജോഷ്‌ന ചിന്നപ്പക്ക് സ്വര്‍ണം

സ്‌ക്വാഷ് വ്യക്തിഗത വിഭാഗത്തില്‍ പാക്കിസ്ഥാന്റെ മരിയ ടൂര്‍പാകിയെ തോല്‍പ്പിച്ച് ഇന്ത്യക്കാരി ജോഷ്‌ന ചിന്നപ്പ സ്വര്‍ണവിഭൂഷിതയായി. പുരുഷ വിഭാഗം സ്‌ക്വാഷില്‍ പാക്കിസ്ഥാന്‍ താരങ്ങള്‍ തമ്മിലായിരുന്നു ഫൈനല്‍. നാസിര്‍ ഇഖ്ബാല്‍ സ്വര്‍ണവും, ഫര്‍ഹാന്‍ സമാന്‍ വെള്ളിയും നേടി.

ഗുസ്തിയില്‍ തൂത്തുവാരി

സാഗ് ഗെയിംസില്‍ ഗുസ്തി മത്സരങ്ങള്‍ അവസാനിച്ചപ്പോള്‍ പതിനാറില്‍ പതിനാല് സ്വര്‍ണവും സ്വന്തമാക്കി ഇന്ത്യ മേധാവിത്വം സ്ഥാപിച്ചു. രണ്ടാം നിര ടീമിനെ ഇറക്കിയിട്ടാണ് ഇന്ത്യ ശ്ലാംഘനീയമായ നേട്ടം കൈവരിച്ചതെന്നത് ഏറെ ശ്രദ്ധേയം.
ആര്‍ ജി ബറുവ സ്‌പോര്‍ട്‌സ് കോംപ്ലക്‌സിലെ ഗുസ്തി മത്സര വേദിയില്‍ ഇന്നലെ ആറിനങ്ങളായിരുന്നു. അഞ്ചിലും ഇന്ത്യക്ക് സ്വര്‍ണം. ഒരു വെള്ളിയും.
പതിനാല് സ്വര്‍ണവും രണ്ട് വെള്ളിയുമാണ് ഗുസ്തിയില്‍ ഇന്ത്യയുടെ ആകെ മെഡലുകള്‍.
വനിതകള്‍ വിവിധ വിഭാഗങ്ങളിലായി എട്ട് സ്വര്‍ണവുമായി പുരുഷന്‍മാരെ കവച്ചുവെച്ചു. ആറ് സ്വര്‍ണവും രണ്ട് വെള്ളിയുമാണ് പുരുഷന്‍മാരുടെ സംഭാവന. വനിതകളുടെ 63 കി.ഗ്രാം വിഭാഗത്തില്‍ ശില്‍പി ഷിയോറന്‍ ഇന്നലെ ഗുസ്തിയിലെ ആദ്യസ്വര്‍ണം നേടി. ബംഗ്ലാദേശിന്റെ ഫര്‍സാന ഷര്‍മിനെയാണ് ഫൈനലില്‍ തോല്‍പ്പിച്ചത്. 69 കി.ഗ്രാം വിഭാഗത്തില്‍ രജനിയും 75 കി.ഗ്രാം വിഭാഗത്തില്‍ നിക്കിയും സ്വര്‍ണം നേടി.
പുരുഷ വിഭാഗത്തില്‍ മൗസം ഖാത്രി (97 കി.ഗ്രാം), പര്‍ദീപ് (74 കി.ഗ്രാം) ചാമ്പ്യന്‍മാരായപ്പോള്‍ 125 കി.ഗ്രാം വിഭാഗത്തിലെ സൂപ്പര്‍ പോരില്‍ ഇന്ത്യയുടെ മന്‍ദീപ് വെള്ളിമെഡലിലൊതുങ്ങി. പാക്കിസ്ഥാന്റെ സമന്‍ അന്‍വറിനോട് പരാജയപ്പെട്ടു.
2010 ല്‍ ബംഗ്ലാദേശില്‍ നടന്ന സാഗ് ഗെയിംസില്‍ പുരുഷ ഗുസ്തിയില്‍ ഇന്ത്യ മൂന്ന് സ്വര്‍ണവും ഒരു വെള്ളിയുമായിരുന്നു നേടിയത്. പാക്കിസ്ഥാന്‍ രണ്ട് സ്വര്‍ണവും ഒരു വെള്ളിയുമായി ഇന്ത്യക്ക് പിറകിലെത്തി. ഇത്തവണ, ആറ് സ്വര്‍ണം നേടി ഇന്ത്യന്‍ പുരുഷന്‍മാര്‍ നില മെച്ചപ്പെടുത്തി.

വുഷുവില്‍ പുന്‍ശിവക്ക് സ്വര്‍ണം

പുരുഷന്‍മാരുടെ വുഷു ടോലു ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ എം പുന്‍ശിവ മെയ്തിക്ക് സ്വര്‍ണം. നേപ്പാളിന്റെ യുവരാജ് ഥാപ വെള്ളിയും ശ്രീലങ്കയുടെ മനുരംഗ വെങ്കലവും കരസ്ഥമാക്കി.
വനിതാ വിഭാഗം വുഷുവില്‍ നിമ ഗര്‍തി മഗറിലൂടെ നേപ്പാള്‍ സാഗിലെ ആദ്യ സ്വര്‍ണം നേടി. ഇന്ത്യയുടെ സ്വച്ഛ യാദവിനാണ് വെള്ളി. പാക്കിസ്ഥാന്റെ മുബഷറ അക്തറിനാണ് വെങ്കലം.