Connect with us

Editors Pick

കമ്പ്യൂട്ടര്‍ തകരാറിലായോ? ദേ, ഇപ്പം ശരിയാക്കി തരാം

Published

|

Last Updated

മലപ്പുറം: കളിപ്പാട്ടവുമായി കുറുമ്പ് കാട്ടി നടക്കേണ്ട പ്രായത്തില്‍ കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയറില്‍ പരിശീലനം നേടുകയാണ് ഹിബനസ്‌റിന്‍. പുതുപൊന്നാനി കറുത്ത കുഞ്ഞാലിന്റെ വീട്ടില്‍ അബ്ദുല്ലത്വീഫ്- ജംസിയ ദമ്പതികളുടെ മകള്‍ മൂന്നര വയസ്സുകാരിയാണ് കമ്പ്യൂട്ടറിന്റെ തലച്ചോറിനകത്ത് വരെ കയറി തകരാറുകള്‍ പരിഹരിക്കുന്നത്. മദര്‍ ബോര്‍ഡ്, റാം, ഹാര്‍ഡ് ഡിസ്‌ക്, ഡാറ്റാകേബിള്‍, പവര്‍ കേബിള്‍ എന്നിവയെല്ലാം മനഃപാഠമാണ് ഈ മിടുക്കിക്ക്. ഇവയുടെ പേരുകള്‍ കൃത്യമായി പറയുന്ന ഹിബാ നസ്‌റിന്‍ വൈദഗ്ധ്യമുള്ള ഒരു ടെക്‌നീഷ്യനെ പോലെയാണ് കമ്പ്യൂട്ടര്‍ കൈകാര്യം ചെയ്യുന്നത്. കമ്പ്യൂട്ടര്‍ കണക്ഷന്‍ വിഛേദിച്ച് നല്‍കിയാല്‍ ശരിയായ രീതിയില്‍ കണക്ട് ചെയ്ത് നല്‍കും.
ഒരു ലാപ്‌ടോപ്പ് ടെക്‌നീഷ്യന്‍ ഓണ്‍ ചെയ്യുന്നത് പോലെ പവര്‍ സെക്ഷനില്‍ സ്‌ക്രൂ ഡ്രൈവര്‍ കൊണ്ട് ഷോര്‍ട്ട് ചെയ്ത് കമ്പ്യൂട്ടര്‍ പ്രവര്‍ത്തിപ്പിക്കും. പൊന്നാനി ബസ് സ്റ്റാന്‍ഡില്‍ കമ്പ്യൂട്ടര്‍ സ്ഥാപനം നടത്തുന്ന പിതാവ് ലത്വീഫില്‍ നിന്നാണ് ഓരോന്നായി ഹിബ പഠിച്ചെടുക്കുന്നത്. ഹാര്‍ഡ് വെയര്‍ അധ്യാപകന്‍ കൂടിയായ പിതാവ് വീട്ടില്‍ നിന്ന് കമ്പ്യൂട്ടര്‍ തകരാര്‍ ശരിയാക്കുന്നത് കണ്ടാല്‍ ഹിബ ഇതു പോലെ ചെയ്യാന്‍ വാശി പിടിക്കും. രണ്ട് വയസ്സുമുതലാണ് കമ്പ്യൂട്ടറിനകത്തെ വിശേഷങ്ങളറിയാന്‍ ഹിബ താത്പര്യം പ്രകടിപ്പിച്ച് തുടങ്ങിത്.
ഇടക്കിടെ പിതാവിനൊപ്പം സ്ഥാപനത്തില്‍ വരുന്ന ഹിബ ടൂള്‍സുകളെടുത്ത് നല്‍കി ലത്വീഫിനെ സഹായിക്കുകയും ചെയ്യും. സ്മാര്‍ട്ട് ഫോണുകള്‍ മികച്ച രീതിയില്‍ ഉപയോഗിക്കുന്ന ഹിബ ചിലപ്പോള്‍ പിതാവിന്റെ ഗുരു പോലുമാകാറുണ്ട്. അനുജന്‍ രണ്ട് വയസ്സുകാരനായ മുഹമ്മദ് ഹബീബും ലാപ്‌ടോപ്പും മൊബൈല്‍ ഫോണും ഉപയോഗിക്കുന്നതില്‍ മിടുക്കനാണ്.
പിതാവിനോടും സഹോദരിയോടും കൂടെയെത്താനുള്ള ആവേശമാണ് ഹബീബിന്. അങ്കണ്‍വാടി വിദ്യാര്‍ഥിയായ ഹിബ ഗെയിം കളിച്ച് സമയം കളയുകയാണ് എന്ന് കരുതേണ്ട. കമ്പ്യൂട്ടറിനും മൊബൈല്‍ ഫോണിനും അടിമയാകാതിരിക്കാന്‍ വിജ്ഞാനപ്രദമായ ഗെയിമുകള്‍ മാത്രമേ രക്ഷിതാക്കള്‍ ഇന്‍സ്റ്റാള്‍ ചെയ്ത് നല്‍കിയിട്ടുള്ളു.

Latest