അഭയാര്‍ഥി പ്രതിസന്ധി പരിഹരിക്കാന്‍ തുര്‍ക്കി-ജര്‍മനി ധാരണ

Posted on: February 9, 2016 12:27 am | Last updated: February 9, 2016 at 12:27 am
SHARE

germen presidentഅങ്കാറ: സിറിയന്‍ അഭയാര്‍ഥി പ്രതിസന്ധി പരഹരിക്കുന്നതിന് തുര്‍ക്കിയും ജര്‍മനിയും കരാറിലെത്തി. സിറിയയിലെ ഏറ്റവും വലിയ നഗരമായ അലപ്പോയിലെ സിറിയന്‍ സൈന്യത്തിന്റെ ആക്രമണം അവസാനിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടത്തുക എന്നതുള്‍പ്പെടെയുള്ള സുപ്രധാന കരാറുകള്‍ക്കാണ് ഇരു രാജ്യങ്ങളും ധാരണയിലെത്തിയത്. ആക്രമണം അവസാനിപ്പിക്കാന്‍ ഇരു രാജ്യങ്ങള്‍ നയതന്ത്ര തലത്തില്‍ പ്രവര്‍ത്തനം നടത്തും. നിയമവിരുദ്ധമായ കുടിയേറ്റം തടയുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കാനും ഇരു രാജ്യങ്ങളും ധാരണയായി. സിറിയയില്‍ വിവിധ രാജ്യങ്ങള്‍ നടത്തുന്ന ബോംബാക്രമണത്തില്‍ താന്‍ ഭയപ്പെട്ടുപോകുന്നതായി ജര്‍മന്‍ ചാന്‍സിലര്‍ ആഞ്ചെല മെര്‍ക്കല്‍ തുര്‍ക്കി പ്രധാനമന്ത്രി അഹ്മദ് ദാവൂദോഗ്‌ലുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം പറഞ്ഞു.
യൂറോപ്പിന്റെ അതിര്‍ത്തിയിലേക്കുള്ള അഭയാര്‍ഥി പ്രവാഹത്തിന്റെ ഒഴുക്ക് വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഇത് സംബന്ധിച്ച നടപടികള്‍ ചര്‍ച്ച ചെയ്യുന്നതിനാണ് ജര്‍മന്‍ ചാന്‍സലര്‍ അഞ്ചല മെര്‍ക്കല്‍ തുര്‍ക്കിയിലെത്തിയത്. അലപ്പോയില്‍ റഷ്യന്‍ പിന്തുണയോടെ സിറിയന്‍ സര്‍ക്കാര്‍ നടത്തുന്ന ആക്രമണങ്ങളെത്തുടര്‍ന്ന് പലായനം ചെയ്യപ്പെട്ട സിറിയക്കാരായ പതിനായിരങ്ങള്‍ ഇപ്പോഴും തുര്‍ക്കി അതിര്‍ത്തിയില്‍ കടുങ്ങിക്കിടക്കുകയാണ്. ഗ്രീസിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ 33 പേര്‍ തുര്‍ക്കി തീരത്ത് മരിച്ചുവെന്ന വാര്‍ത്തകള്‍ക്ക് പിറകെയാണ് മെര്‍ക്കലിന്റെ തുര്‍ക്കി സന്ദര്‍ശനം. കഴിഞ്ഞ വര്‍ഷം ഒരു ദശലക്ഷത്തോളം അഭയാര്‍ഥികളെ സ്വീകരിച്ച രാജ്യമാണ് ജര്‍മനി. തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍, പ്രധാനമന്ത്രി അഹ്മദ് ദാവൂദോഗ്‌ലു എന്നിവരുമായി തലസ്ഥാനത്ത് മെര്‍ക്കല്‍ ചര്‍ച്ച നടത്തി.
തുര്‍ക്കി തീരത്തുകൂടി കൂടുതല്‍ അഭയാര്‍ഥികളെത്തുന്നത് തടഞ്ഞാല്‍ പകരമായി 3.3 ബില്യണ്‍ ഡോളര്‍ യൂറോപ്യന്‍ യൂനിയന്‍ തുര്‍ക്കിക്ക് വാഗ്ദാനം ചെയ്തിട്ടുണ്ട്. ഭൂരിഭാഗം അഭയാര്‍ഥികളും തുര്‍ക്കിവഴിയാണ് യൂറോപ്പിലേക്ക് കടക്കുന്നത്. അഭയാര്‍ഥികള്‍ക്കായി തങ്ങളുടെ അതിര്‍ത്തികള്‍ തുറന്നുവെക്കാനുള്ള കര്‍ത്തവ്യം യൂറോപ്പിനുണ്ടെന്ന് പറഞ്ഞ യൂറോപ്യന്‍ യൂനിയന്‍ നേതാക്കള്‍ അഭയാര്‍ഥികള്‍ യൂറോപ്പിലേക്ക് കടക്കാതെ അതിര്‍ത്തികള്‍ സുരക്ഷിതമാക്കാന്‍ തുര്‍ക്കിക്ക് മേല്‍ സമ്മര്‍ദമുണ്ടെന്നും പറഞ്ഞു. തുര്‍ക്കിയിലേക്ക് കടക്കാനായി സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള നിരവധി പേര്‍ മൂന്ന് ദിവസമായ തുര്‍ക്കി ഭാഗത്ത് കാത്ത് കെട്ടികിടക്കുകയാണെങ്കിലും തുര്‍ക്കിയുടെ ഓണ്‍ക്യുപിനാര്‍ അതിര്‍ത്തി ഇനിയും തുറന്നുകൊടുത്തിട്ടില്ല. ആവശ്യമാണെങ്കില്‍ മാത്രമേ അതിര്‍ത്തി തുറന്നുകൊടുക്കൂവെന്ന് പ്രസിഡന്റ് ഉര്‍ദുഗാന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here