ഉത്തര്‍ പ്രദേശ്: ദളിത് വോട്ടില്‍ നോട്ടമിട്ട് പാര്‍ട്ടികള്‍

Posted on: February 9, 2016 12:25 am | Last updated: February 9, 2016 at 12:25 am
SHARE

dalithലക്‌നോ: അടുത്ത വര്‍ഷം ആദ്യം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന ഉത്തര്‍ പ്രദേശില്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും കണ്ണുവെക്കുന്നത് ദളിത് വോട്ട് ബേങ്കില്‍. ദളിത് പീഡനത്തിന്റെ നിരവധി വാര്‍ത്തകള്‍ അന്തരീക്ഷത്തില്‍ നില്‍ക്കുമ്പോള്‍ ബി ജെ പി തന്നെയാണ് ഇവരുടെ വോട്ടുകള്‍ തങ്ങള്‍ക്ക് അനുകൂലമാക്കാന്‍ വിയര്‍ക്കുന്നത്. കഴിഞ്ഞ മാസം ലക്‌നോയില്‍ എത്തി അംബേദ്കര്‍ ജയന്തിയാചരണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്തത് ഈ തത്രപ്പാടിന്റെ ഭാഗമായിരുന്നു. രണ്ട് പ്രമുഖ ദളിത് സന്യാസിമാരുടെ ജയന്തികള്‍ യു പിയിലെ മുഴുവന്‍ ജില്ലകളിലും ആര്‍ഭാടപൂര്‍വം ആചരിക്കാന്‍ പോകുകയാണ് ബി ജെ പി. ഗുരു സന്ത് രവിദാസിന്റെ ജന്മദിനം ഈ മാസം 22നാണ്. ഗാഡ്‌ജേ ബാബയുടെ ജയന്തി ഈ മാസം 23നും. വരാണസിക്കടുത്തുള്ള സന്ത് രവിദാസിന്റെ ജന്മസ്ഥലം സന്ദര്‍ശിക്കാന്‍ മോദിയെത്തുമെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നത്.
ചരിത്രത്തെ വളച്ചൊടിച്ച് ദളിത് ഭരണാധികാരികളെ ഹിന്ദുത്വ നായകരായി ഉയര്‍ത്തിക്കാണിക്കാനുള്ള ശ്രമവും നടക്കുന്നുണ്ട്. മധ്യകാല രാജാവ് സുഹല്‍ദേവിന്റെ ജന്മവാര്‍ഷികം കൊണ്ടാടാനുള്ള തീരുമാനം ഇതിന്റെ ഭാഗമാണ്. ഈ മാസം 24ന് നടക്കുന്ന വാര്‍ഷികാഘോഷത്തില്‍ പാര്‍ട്ടി മോധാവി അമിത് ഷായെത്തും. യു പിയിലെ രണ്ടാമത്തെ ദളിത് ഉപജാതിയായ പാസികളില്‍പ്പെട്ട ഭരണാധികാരിയാണ് സുഹല്‍ദേവ്. ഒ ബി സി വിഭാഗത്തില്‍പ്പെട്ടവരും സുഹല്‍ദേവിനെ അതിയായി ബഹുമാനിക്കുന്നു. ദളിത് വിഭാഗങ്ങളെ ആകര്‍ഷിക്കുന്നതിന് നിരവധി പദ്ധതികളുമായി കോണ്‍ഗ്രസും രംഗത്തുണ്ട്. വിവിധ ദളിത് സമൂഹങ്ങള്‍ക്കിടയില്‍ പാര്‍ട്ടിക്ക് നഷ്ടപ്പെട്ട സ്വാധീനം തിരിച്ചുപിടിക്കാന്‍ ഭീം ജ്യോതി യാത്രകള്‍ സംഘടിപ്പിച്ചിരിക്കുകയാണ് കോണ്‍ഗ്രസ്. ബുന്ധേല്‍ഖണ്ഡ് പദയാത്രക്കിടെ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ദളിത് കുടുംബത്തില്‍ ഏറെ നേരം ചെലവഴിച്ച് പതിവ് തന്ത്രം പുറത്തെടുത്തിരുന്നു. ഈ മാസം 18ന് ലക്‌നോയില്‍ നടക്കുന്ന ദളിത് സമ്മേളനത്തില്‍ സമ്പൂര്‍ണമായി രാഹുല്‍ ഗാന്ധി പങ്കെടുക്കും. അംബേദ്കറിന്റെ വളര്‍ച്ചയില്‍ കോണ്‍ഗ്രസ് വഹിച്ച പങ്ക് ഉയര്‍ത്തിക്കാട്ടാനായിരിക്കും കോണ്‍ഗ്രസ് ഈ സമ്മേളനത്തില്‍ ശ്രമിക്കുക. ബാബാസാഹേബിനെ ‘കൈക്കലാക്കാ’നുള്ള ബി ജെ പി ശ്രമത്തിന് ഇതുവഴി തടയിടാനാകുമെന്നാണ് കോണ്‍ഗ്രസിന്റെ കണക്കുകൂട്ടല്‍. മോദി അധികാരത്തില്‍ വന്ന ശേഷം ദേശവ്യാപകമായി അരങ്ങേറിയ ദളിത് പീഡന സംഭവങ്ങള്‍ കോണ്‍ഗ്രസ് മൂര്‍ച്ചയുള്ള ആയുധമാക്കും. രോഹിത് വെമുല വിഷയത്തില്‍ രാഹുല്‍ ഗാന്ധി ശക്തമായ ഇടപെടല്‍ നടത്തിയതും പാര്‍ട്ടിക്ക് ഗുണമാകും.
എന്നാല്‍, കോണ്‍ഗ്രസിന്റെ ഈ നീക്കത്തിന് ബദലായി ‘അംബേദ്കര്‍ സബ്‌കേ ഹെ’ എന്ന പേരില്‍ പൊതുയോഗ പരമ്പര നടത്താനൊരുങ്ങുകയാണ് ബി ജെ പി. എല്ലാ നിയോജക മണ്ഡലങ്ങളിലും ഈ പ്രമേയത്തില്‍ പൊതുയോഗങ്ങള്‍ നടക്കും. സംസ്ഥാനത്തെ ഏറ്റവും വലിയ എസ് സി സമൂഹമായ ജാതവരല്ലാത്ത ദളിതുകളില്‍ (56 ശതമാനം) കടന്നുകയറാനാണ് ബി ജെ പി ഇത്തരം തന്ത്രങ്ങള്‍ പയറ്റുന്നത്. സവര്‍ണ പാര്‍ട്ടിയെന്ന പ്രതിച്ഛായ മാറ്റിയെടുക്കാന്‍ പാടുപെടുകയാണ് പാര്‍ട്ടി. മാത്രമല്ല, ദളിത് വിഭാഗങ്ങള്‍ക്ക് പിറകേ പോകുന്നതിന് പാര്‍ട്ടിക്ക് വലിയ പരിമിതകളുണ്ട് താനും. വല്ലാതെ ദളിത് പ്രേമം കാണിച്ചാല്‍ പാര്‍ട്ടിയുടെ പരമ്പരാഗത വോട്ട് ബേങ്കായ മുന്നാക്ക സമുദായങ്ങളില്‍ നിന്നും യാദവരല്ലാത്ത ഒ ബി സി വിഭാഗങ്ങളില്‍ നിന്നും തിരിച്ചടിയുണ്ടാകുമെന്ന് കാവി പാര്‍ട്ടി ഭയക്കുന്നു.
ദേശീയ പാര്‍ട്ടികള്‍ ഇത്തരത്തിലുള്ള നീക്കങ്ങളുമായി മുന്നോട്ട് പോകുമ്പോള്‍ ദളിതരുടെ ‘സ്വന്തം പാര്‍ട്ടി’യെന്ന് അവകാശപ്പെടുന്ന ബി എസ് പി വലിയ ഭയാശങ്കയിലാണ്. തങ്ങളുടെ പരമ്പരാഗത വോട്ട് കേന്ദ്രങ്ങളിലാണ് കോണ്‍ഗ്രസും ബി ജെ പിയും കടന്നുകയറുന്നതെന്ന തിരിച്ചറിവ് ബി എസ് പിയെ വന്‍ പ്രതിരോധത്തിന് തയ്യാറാക്കുന്നുണ്ട്. എന്നാല്‍, പാര്‍ട്ടിക്ക് വിവിധ ഘട്ടങ്ങളില്‍ സംഭവിച്ച നയവ്യതിയാനങ്ങള്‍ അവര്‍ക്ക് ബാധ്യതയാകുന്നുണ്ട്. ‘ബ്രാഹ്മണര്‍ ശംഖ് വിളിക്കും ആന മുന്നോട്ട് നയിക്കും’ എന്ന മുദ്രാവാക്യം ഉദാഹരണം. പിന്നാക്ക- മുന്നാക്ക- മുസ്‌ലിം ഐക്യമായിരുന്നു ലക്ഷ്യം. പക്ഷേ, അത് അമ്പേ പാളി. ഇത്തരം വിശാല സ്വപ്‌നങ്ങള്‍ തന്നെയാണ് മായാവതിയുടെ മനസ്സില്‍ ഇപ്പോഴുമുള്ളതെന്ന് വിലയിരുത്തപ്പെടുന്നു. ദളിത് വിദ്യാര്‍ഥി രോഹിത് വെമുല ആത്മഹത്യ ചെയ്യുകയും ഹൈദരാബാദില്‍ വന്‍ പ്രതിഷേധം അരങ്ങേറുകയും ചെയ്തപ്പോള്‍ അവര്‍ അവിടെ ചെന്നില്ലെന്നത് ഈ വിലയിരുത്തലിന് ബലം പകരുന്നു. പകരം രാജ്യസഭാ അംഗം വീര്‍ സിംഗിനെയാണ് ഹൈദരാബാദിലേക്ക് അയച്ചത്.
ദളിത് വോട്ടുകളില്‍ വലിയ തോതില്‍ പ്രതീക്ഷയര്‍പ്പിക്കാത്ത ഭരണകക്ഷി സമാജ്‌വാദി പാര്‍ട്ടി പോലും ഇത്തവണ ഈ മേഖലയില്‍ കണ്ണുവെക്കുന്നുണ്ട്. പാര്‍ട്ടിയുടെ എസ് സി/ എസ് ടി സെല്‍ പ്രവര്‍ത്തനം സജീവമാക്കിയിരിക്കുകയാണ്. അംബേദ്കര്‍ സമ്മേളനങ്ങളുടെ തിരക്കിലാണ് അവരും. കൂറ്റന്‍ അംബേദ്കര്‍ സ്മാരകത്തിന് സ്ഥലം പ്രഖ്യാപിച്ച് മുഖ്യമന്ത്രി അഖിലേഷ് യാദവ് കൈയടി നേടുകയും ചെയ്തു. യു പി രാഷ്ട്രീയ മണ്ഡലത്തിലേക്ക് പുതുതായി രംഗപ്രവേശം ചെയ്ത ആള്‍ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്‌ലിമീന്‍ (എ ഐ എം ഐ എം) പോലും ദളിത് വോട്ടുകളിലാണ് നോട്ടമിടുന്നത്. ദളിത് മുസ്‌ലിം ഐക്യം മാത്രമാണ് ഫാസിസത്തെ നേരിടാനുള്ള പോംവഴിയെന്ന് പാര്‍ട്ടി അധ്യക്ഷന്‍ അസദുദ്ദീന്‍ ഉവൈസി വ്യക്തമാക്കുന്നു. ജെയ് ഭീം, ജെയ് മീം എന്നാണ് മുദ്രാവാക്യം. അടുത്ത് തന്നെ ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ബികാപൂരില്‍ ദളിത് നേതാവായ പ്രദീപ് കോരിയെ എം ഐ എം സ്ഥാനാര്‍ഥിയാക്കിയത് രാഷ്ട്രീയ പണ്ഡിറ്റുകളെ ഞെട്ടിച്ചിരുന്നു.
അംബേദ്കറുടെ കൊച്ചു മകനായ ആനന്ദ് രാജ് അംബേദ്കര്‍ നയിക്കുന്ന റിപ്പബ്ലിക്കന്‍ സേന വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ 200 സീറ്റിലെങ്കിലും മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.