Connect with us

National

ഇസിലിന്റെ പേരിലുള്ള അറസ്റ്റ് സമുദായത്തെ അവഹേളിക്കാന്‍: മുസ്‌ലിം നേതാക്കള്‍

Published

|

Last Updated

ന്യൂഡല്‍ഹി: ഇസ്‌ലാമിനെ തരംതാഴ്ത്താനും ഇന്ത്യന്‍ മുസ്‌ലിംകളുടെ പുരോഗതി തടയാനുമുള്ള പ്രചാരണത്തിന്റെ ഭാഗമാണ് ഇസിലിന്റെ പേരിലുള്ള നീക്കങ്ങളെന്ന് വിവിധ മുസ്‌ലിം സംഘടനാ നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് മതപണ്ഡിതരും വിദ്യാസമ്പന്നരുമായ മുസ്‌ലിംകളെ ഇസില്‍ ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്യുന്ന നടപടി ഗൂഢാലോചനയുടെ ഭാഗമാണ്. ഇത്തരം കുറ്റമാരോപിച്ച് അറസ്റ്റിലായ മുസ്‌ലിം ചെറുപ്പക്കാരൊക്കെയും പിന്നീട് നിരപരാധികളെന്ന് കണ്ടതിനാല്‍ മോചിതരാകുകയായിരുന്നു. അതുപോലെ ഇപ്പോള്‍ പിടിയിലായവരും കുറ്റംതെളിയിക്കപ്പെടാതെ വര്‍ഷങ്ങള്‍ക്ക് ശേഷം മോചിതരാകുമെന്ന് ഉറപ്പാണ്. രാജ്യത്തെ പിടിച്ചുകുലുക്കിയ സംഝോത, മലേഗാവ്, മക്കാ മസ്ജിദ് പോലുള്ള ഭീകരാക്രമണ കേസുകളില്‍ നിരവധി മുസ്‌ലിം ചെറുപ്പക്കാരെ പിടികൂടിയിരുന്നു. പിന്നീട് അതിനു പിന്നില്‍ ഹിന്ദുത്വ കരങ്ങളാണെന്ന് കണ്ടെത്തി. ഹിന്ദുത്വ തീവ്രവാദികള്‍ പ്രതിസ്ഥാനത്തുള്ള കേസുകള്‍ കേന്ദ്ര സര്‍ക്കാര്‍ ദുര്‍ബലപ്പെടുത്തിവരികയാണെന്നും സംഘടനകള്‍ ചൂണ്ടിക്കാട്ടി.
ഭീകരബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്യുകയും പിന്നീട് നിരപരാധിയെന്ന് കണ്ട് വിട്ടയക്കപ്പെടുകയും ചെയ്തവര്‍ക്ക് മതിയായ നഷ്ടപരിഹാരം നല്‍കണം. അവരെ കള്ളക്കേസില്‍ കുടുക്കിയ ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന ശിക്ഷയും നല്‍കണം. ഇത്തരത്തിലുള്ള കേസുകള്‍, മനുഷഷ്യാവകാശ പ്രവര്‍ത്തകരെയും പൗര പ്രതിനിധികളെയും ഉള്‍പ്പെടുത്തിയുള്ള സമിതി രൂപവത്കരിച്ച് അവര്‍ക്ക് വിടണം. മനുഷ്യാവകാശങ്ങള്‍ ലംഘിക്കപ്പെടുന്ന യു എ പി എ, മൊക്കോക്ക പോലുള്ള നിയമങ്ങള്‍ എടുത്തുകളയണമെന്നും അവര്‍ ആവശ്യപ്പെട്ടു.
ഇന്ത്യന്‍ മുസ്‌ലിംകള്‍ എല്ലാവരും രാജ്യസ്‌നേഹികളാണെന്നും ഇസിലിന് അവരെ അല്‍പ്പം പോലും സ്വാധീനിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും ജയ്പൂരില്‍ നടന്ന ഭീകരവിരുദ്ധ സമ്മേളനത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് തന്നെയാണ് പറഞ്ഞത്. അതിനു ശേഷം അമേരിക്കന്‍ സന്ദര്‍ശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും സമാന പ്രസ്താവന നടത്തിയിരുന്നു. അത് കഴിഞ്ഞ് ഒരു വര്‍ഷം പിന്നിടുന്നതിനു മുമ്പ് തന്നെ വിവിധ ഭാഗങ്ങളില്‍ നിന്നായി ഇരുപതിലേറെ മുസ്‌ലിംകളെയാണ് ഇസില്‍, അല്‍ഖാഇദ ബന്ധമാരോപിച്ച് അറസ്റ്റ് ചെയ്തതെന്ന് മുസ്‌ലിം സംഘടനാ നേതാക്കള്‍ ചൂണ്ടിക്കാട്ടി.
ആള്‍ ഇന്ത്യാ മുസ്‌ലിം മജ്‌ലിസെ മുശാവറ, ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദ്, ആള്‍ ഇന്ത്യാ മില്ലി കൗണ്‍സില്‍, ജമാഅത്തെ ഇസ്‌ലാമി തുടങ്ങിയ സംഘടനാ പ്രതിനിധികളാണ് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തത്.

Latest