ബിജു രാധാകൃഷ്ണനെ കമ്മീഷന് മുന്നില്‍ ഹാജരാക്കാതിരുന്നതില്‍ വീഴ്ചയില്ല: ജയില്‍ സൂപ്രണ്ട്

Posted on: February 9, 2016 12:15 am | Last updated: February 9, 2016 at 12:15 am

biju radhakrishnanകൊച്ചി: ബിജു രാധാകൃഷ്ണനെ സോളാര്‍ കമ്മീഷന് മുന്നില്‍ ഹാജരാക്കാതിരുന്നതില്‍ തന്റെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായിട്ടില്ലെന്ന് തിരുവനന്തപുരം സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ട് എ ജി സുരേഷ്‌കുമാര്‍ ജസ്റ്റിസ് ജി ശിവരാജന്‍ കമ്മീഷന് മൊഴി നല്‍കി.
വിവാദ സി ഡി പിടിച്ചെടുക്കുന്നതിനായി ബിജുവിനെ കോയമ്പത്തൂരില്‍ കൊണ്ടുപോയ ദിവസം രാവിലെ ഒമ്പതിന് കമ്മീഷന്‍ മുമ്പാകെ ഹാജരാക്കുന്നതിന് എ ആര്‍ ക്യാമ്പിലെ അസിസ്റ്റന്‍ഡ് കമാന്‍ഡര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. എട്ടിന് സോളാര്‍ കമ്മീഷന്റെ നിര്‍ദ്ദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ഡിസംബര്‍ പത്തിന് രാവിലെ ഒമ്പതിന് ബിജു രാധാകൃഷ്ണനെ ഹാജരാക്കണമെന്ന് എ ആര്‍ ക്യാമ്പിലെ അസിസ്റ്റന്‍ഡ് കമാന്‍ഡര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നുവെന്നും അവരാണ് അക്കാര്യം ചെയ്യേണ്ടതെന്നും ജയില്‍ സൂപ്രണ്ട് കമ്മീഷനില്‍ പറഞ്ഞു.
തന്റെ നിര്‍ദ്ദേശപ്രകാരം ഒമ്പതിന് രാത്രി ബിജു രാധാകൃഷ്ണനെ എറണാകുളം സബ് ജയിലില്‍ എത്തിച്ചിരുന്നു. എ ആര്‍ ക്യമ്പിലെ നാര്‍കോട്ടിക് സെല്‍ വിഭാഗത്തിലെ ജി രാജ്കുമാറിനും എ ആര്‍ ക്യാമ്പ് എസ്‌ഐ രമേശ് കുമാറിനുമായിരുന്നു ബിജുവിനെ കമ്മീഷനില്‍ ഹാജരാക്കുന്നതിനുള്ള ചുമതല നല്‍കിയിരുന്നത്. ബിജു രാധാകൃഷ്ണനെ പത്തിന് രാവിലെ ഒമ്പതിന് കമ്മീഷനില്‍ ഹാജരാക്കിയിരുന്നില്ലെന്ന് താന്‍ മാധ്യമങ്ങളിലൂടെയാണ് മനസിലാക്കിയതെന്നും ജയില്‍ സൂപ്രണ്ട് പറഞ്ഞു.
എ ആര്‍ ക്യാമ്പില്‍ നിന്ന് രണ്ട് സിവില്‍ പോലീസ് ഉദ്യോഗസ്ഥരാണ് ജയില്‍ രജിസ്റ്ററില്‍ ഒപ്പിട്ടശേഷം ബിജു രാധാകൃഷ്ണനെ ഏറ്റെടുത്തിരുന്നത്. കൂടൂതല്‍ സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നോ എന്നതു സംബന്ധിച്ച വിവരം ഓഫീസ് രേഖകളിലില്ല. കൂടാതെ പോലിസ് ഡിപ്പാര്‍ട്ട്‌മെന്റിലെ വാഹനങ്ങളുടെ ദൗര്‍ലഭ്യം നിമിത്തം കൂടൂതലും ബസിലും ട്രെയിനിലുമാണ് കൊണ്ടു പോയിരുന്നത്. സോളാര്‍ കമ്മീഷന്റെ നിര്‍ദ്ദേശ പ്രകാരം ജയിലധികൃതരുടെ അനുമതിയോടെ ബിജുവിനെ ജയിലില്‍ അതിസുരക്ഷാ വിഭാഗത്തിലേക്ക് മാറ്റിപാര്‍പ്പിച്ചതായും ജയില്‍ സൂപ്രണ്ട് കമ്മീഷന്‍ മുമ്പാകെ മൊഴി നല്‍കി.
സരിതാ എസ് നായരെ ക്രോസ് വിസ്താരം നടത്താന്‍ കേരള പോലിസ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ജി ആര്‍ അജിത്തിന് സോളാര്‍ കമ്മീഷന്‍ അനുമതി നല്‍കി. സോളാര്‍ കമ്മീഷനില്‍ സരിതയുടെ ക്രോസ് വിസ്താരം ഇന്ന് വീണ്ടും തുടരും.