Connect with us

Kerala

കാലിക്കറ്റ് സര്‍വകലാശാല അസിസ്റ്റന്‍ഡ് ഗ്രേഡ് നിയമനത്തില്‍ ദുരൂഹത

Published

|

Last Updated

കോഴിക്കോട്: റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ കാലിക്കറ്റ് സര്‍വകലാശാലയിലെ വിവാദമായ അസിസ്റ്റന്‍ഡ് ഗ്രേഡ് തസ്തികകളില്‍ നിയമനവും തുടങ്ങി. കഴിഞ്ഞ 30നാണ് 320 തസ്തികകളിലായി ആയിരത്തോളം ഉദ്യോഗാര്‍ഥികളുടെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചത്. എന്നാല്‍ രണ്ട് ദിവസത്തിനകം ഒന്നാം തീയതി തന്നെ നിയമനും തുടങ്ങിയതായാണ് റിപ്പോര്‍ട്ട്. റാങ്ക് ലിസ്റ്റില്‍പ്പെട്ട സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് നിയമന ഉത്തരവ് പോസ്റ്റല്‍ വഴി ലഭിക്കാന്‍ ആഴ്ചകള്‍ വേണ്ടിവരുമെന്നിരിക്കെ എങ്ങിനെയാണ് തിരക്കിട്ട് നിയമനം നടത്താന്‍ കഴിയുന്നതെന്നാണ് ഉദ്യോഗാര്‍ഥികള്‍ ചോദിക്കുന്നത്. മാത്രമല്ല 30ന് പ്രഖ്യാപിച്ച ലിസ്റ്റ് പ്രകാരം തൊട്ടുത്ത ദിവസമായ ഞായറാഴ്ച പോസ്റ്റോഫീസുകള്‍ അവധിയായതിനാല്‍ തപാല്‍ വഴി നിയമന ഉത്തരവ് അയക്കാനും കഴിയില്ല.
അസിസ്റ്റന്‍ഡ് ഗ്രേഡ് നിയമനവുമായി ബന്ധപ്പെട്ട് വന്‍തുക കോഴവാങ്ങി സ്വന്തക്കാരെ തിരുകികയറ്റാന്‍ ശ്രമം നടന്നതായി ആരോപണമുയര്‍ന്നിരുന്നു. ഇത്തരത്തില്‍ അനധികൃതമായി റാങ്ക് ലിസ്റ്റില്‍ കടന്നുകൂടിയവരെ നിയമിക്കാനാണ് ദ്രുതഗതിയിലുള്ള നിയമനമെന്ന് ഉദ്യോഗാര്‍ഥികള്‍ പറയുന്നു. റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതിന് മുമ്പ് തന്നെ പലര്‍ക്കും അധികൃതര്‍ നിയമന ഉത്തരവ് നല്‍കിയതായാണ് റിപ്പോര്‍ട്ട്.
സാധാരണ നിയമന റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുമ്പോള്‍ എഴുത്ത് പരീക്ഷയിലും ഇന്റര്‍വ്യൂവിലും ലഭിച്ച മാര്‍ക്കുകള്‍ കൂടി പ്രസിദ്ധീകരിക്കാറുണ്ട്. എന്നാല്‍ അസിസ്റ്റന്‍ഡ് ഗ്രേഡ് റാങ്ക് ലിസ്റ്റില്‍ അതുണ്ടായില്ലെന്നും ആരോപണമുണ്ട്. ആകെയുള്ള 320 തസ്തികകളില്‍ നൂറിലധികം പേരെ ഇതിനകം നിയമിച്ചതായാണ് റിപ്പോര്‍ട്ട്. നേരത്തെ പരീക്ഷക്കെതിരെയും ഇന്റര്‍വ്യൂവിനെതിരെയും വ്യാപക പരാതികള്‍ ഉയര്‍ന്നിരുന്നു. എഴുത്തുപരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്ക് ലഭിച്ചവര്‍ക്കും ഇന്റര്‍വ്യൂ ബോര്‍ഡിലെ പല അംഗങ്ങളും കുറഞ്ഞ മാര്‍ക്കാണ് നല്‍കിയതെന്ന ആരോപണമാണ് ഉയര്‍ന്നത്. നിയമനത്തിന് രാഷ്ട്രീയ നേതാക്കള്‍ കോഴ ചോദിക്കുന്നതായി വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. ഇതേതുടര്‍ന്ന് തേഞ്ഞിപ്പലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജിവെച്ചിരുന്നു.
മുന്‍ വൈസ് ചാന്‍സിലര്‍ അബ്ദുസലാം പടിയിറങ്ങുമ്പോള്‍ പ്രമുഖ തൊഴില്‍ അന്വേഷണ വാരികക്ക് നല്‍കിയ അഭിമുഖത്തില്‍ അസിസ്റ്റന്‍ഡ് ഗ്രേഡ് നിയമനവുമായി ബന്ധപ്പെട്ട് ക്രമക്കേടുകള്‍ വെളിപ്പെടുത്തിയിരുന്നു. എഴുത്ത് പരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്ക് ലഭിച്ച പല ഉദ്യോഗാര്‍ഥികള്‍ക്കും ഇന്റര്‍വ്യൂ ബോര്‍ഡിലുള്ളവര്‍ കുറഞ്ഞ മാര്‍ക്കാണ് നല്‍കിയത്. ഇതിനെ തുടര്‍ന്ന് റാങ്ക് ലിസ്റ്റില്‍ താന്‍ ഒപ്പുവെച്ചിട്ടില്ല. ക്രമക്കേട് സംബന്ധിച്ച് ചാന്‍സിലറായ ഗവര്‍ണക്കും ഹൈക്കോടതി രജിസ്ട്രാര്‍ക്കും പരാതി നല്‍കുമെന്നും വി സി പറഞ്ഞിരുന്നു. എന്നാല്‍ പരാതി നല്‍കാന്‍ തയ്യാറായില്ലെങ്കിലും ഒരു അന്വേഷണം ഉണ്ടായാല്‍ തെളിവ് നല്‍കുമെന്ന് അദ്ദേഹം വീണ്ടും പറഞ്ഞിരുന്നു.
ഇന്റര്‍വ്യൂവിലെ ക്രമക്കേട് സംബന്ധിച്ച് ഹൈക്കോടതിയില്‍ ഇതിനകം കേസുകള്‍ നടക്കുന്നുണ്ട്. ഇപ്പോള്‍ റാങ്ക് ലിസ്റ്റ് സംബന്ധിച്ചും ചില ഉദ്യോഗാര്‍ഥികള്‍ പരാതി നല്‍കിയിട്ടുണ്ട്. വരും ദിവസങ്ങളില്‍ കൂടുതല്‍ പരാതികള്‍ വരുന്നതോടെ കാലിക്കറ്റ് സര്‍വകലാശാല അസിസ്റ്റന്‍ഡ് ഗ്രേഡ് നിയമനം വീണ്ടും വലിയ വിവാദത്തിലെത്തിയേക്കും.

Latest