ഹജ്ജ്: അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി ഫെബ്രുവരി 15 വരെ നീട്ടി

Posted on: February 8, 2016 7:39 pm | Last updated: February 9, 2016 at 10:36 am
SHARE

hajjന്യൂഡല്‍ഹി: കേന്ദ്ര ഹജ്ജ് കമ്മിറ്റി വഴി തീര്‍ഥാടനത്തിന് അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി ഈ മാസം 15 വരെ നീട്ടി. ഓണ്‍ലൈനായും അല്ലാതെയും അപേക്ഷ സമര്‍പ്പിക്കാനുള്ള തീയതി ഇന്ന് അവസാനിക്കാനിരിക്കെയാണ് തീയതി നീട്ടി കേന്ദ്ര ഹജ്ജ് കമ്മിറ്റി ഉത്തരവിറക്കിയത്. വിവിധ സംസ്ഥാന ഹജ്ജ് കമ്മിറ്റികളുടെ ആവശ്യം കണക്കിലെടുത്താണ് തീരുമാനമെന്ന് ഹജ്ജ് കമ്മിറ്റി ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ അതാഉര്‍ റഹ്മാന്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.

തീയതി നീട്ടിയതോടെ 2016 ഫെബ്രുവരി 15നോ അതിന് മുമ്പോ അച്ചടിച്ചതും 2017 മാര്‍ച്ച് 10 വരെ കാലാവധിയുള്ളതുമായ പാസ്‌പോര്‍ട്ട് ഉടമകള്‍ക്ക് ഹജ്ജിന് അപേക്ഷിക്കാനാകും. അതേസമയം, സംസ്ഥാന ഹജ്ജ് കമ്മിറ്റികള്‍ക്ക് ഹജ്ജ് അപേക്ഷകരുടെ ഡാറ്റ എന്‍ട്രി ഓപ്പറേഷനുകള്‍ പൂര്‍ത്തിയാക്കാന്‍ അനുവദിച്ച സമയപരിധിയില്‍ മാറ്റം വരുത്തിയിട്ടില്ലെന്നും പത്രക്കുറിപ്പില്‍ വ്യക്തമാക്കി.