Connect with us

Gulf

ദോഹ നോര്‍ത്തിലെ മലിനജല സംസ്‌കരണ കേന്ദ്രം പ്രവര്‍ത്തനസജ്ജമായി

Published

|

Last Updated

ദോഹ: 3.63 ബില്യന്‍ ഖത്വര്‍ റിയാല്‍ ചെലവില്‍ നിര്‍മിച്ച ദോഹ നോര്‍ത്തിലെ മലിനജല സംസ്‌കരണ കേന്ദ്രം പ്രവര്‍ത്തനസജ്ജമായി. പ്രതിദിനം 46000 ക്യൂബിക് മീറ്റര്‍ മലിനജലം സംസ്‌കരിക്കാനുള്ള ശേഷി നിലയത്തിനുണ്ടെന്ന് അശ്ഗാല്‍ അറിയിച്ചു. ദോഹയുടെ വടക്കു 25 കിലോമീറ്റര്‍ മാറി ഉം സലാലിലാണ് കേന്ദ്രം സ്ഥിതി ചെയ്യുന്നത്.
അള്‍ട്രാഫില്‍ട്രേഷന്‍, അള്‍ട്രാവയലറ്റ് സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് നിര്‍മിച്ച ആദ്യ കേന്ദ്രമാണ് ഇത്. ജലസേചനത്തിന് ഗുണമേന്മയുള്ള വെള്ളം ഉപയോഗിക്കുകയാണ് ലക്ഷ്യം. മലിന ജലത്തിലെ എല്ലാ വിധ സൂക്ഷ്മ അണുക്കളെയും വേര്‍തിരിക്കാനാണ് അള്‍ട്രാഫില്‍ട്രേഷന്‍ ഉപയോഗിക്കുന്നത്. മലിനജല സംസ്‌കരണത്തിനാണ് അള്‍ട്രാ വയലറ്റ് സാങ്കേതികവിദ്യ ഉപയോഗിക്കുക. പ്രധാന സംസ്‌കരണ നിലയത്തിന്റെ നിര്‍മാണമാണ് ഒന്നാം ഘട്ടത്തില്‍ ഉള്‍പ്പെടുത്തിയത്. 2020ഓടെ ഒമ്പത് ലക്ഷം പേര്‍ക്കെന്ന തോതില്‍ 2.45 ലക്ഷം ക്യൂബിക് മീറ്റര്‍ വെള്ളം പ്രതിദിനം സംസ്‌കരിക്കാന്‍ തക്കവണ്ണം ശേഷി വര്‍ധിപ്പിക്കും. അല്‍ ഖീസയിലെ പ്രധാന പമ്പിംഗ് സ്റ്റേഷനില്‍ നിന്നുള്ള മലിനജലമാണ് ഇവിടെ ശേഖരിക്കുന്നത്. ഒരു വര്‍ഷത്തെ പരിശോധനക്കും പരീക്ഷണങ്ങള്‍ക്കും ശേഷം കഴിഞ്ഞ ഡിംസബറിലാണ് കേന്ദ്രം പ്രവര്‍ത്തനസജ്ജമായത്.
രണ്ടാം ഘട്ടത്തില്‍ തെര്‍മല്‍ ഡ്രയിംഗ് പ്ലാന്റ് (ടി ഡിപി) ഉള്‍പ്പെടെയുള്ള നിര്‍മാണങ്ങളാണുള്ളത്. മലിനജല സംസ്‌കരണ പ്രക്രിയക്കിടെ ഉത്പാദിപ്പിക്കപ്പെടുന്ന ചെളിവെള്ളം കൈകാര്യം ചെയ്യുന്നതിനാണ് ടി ഡി പി ഉപയോഗിക്കുക. അന്താരാഷ്ട്ര നിലവാരമനുസരിച്ചുള്ള സംസ്‌കരണം ഇതിലൂടെ സാധ്യമാകും. രാജ്യത്തെ എല്ലാ സംസ്‌കരണ കേന്ദ്രങ്ങളില്‍ നിന്നുമുള്ള ചെളിവെള്ളം സംഭരിച്ച് ഇവിടെ സംസ്‌കരിക്കും. ജലാംശം ഊറ്റിക്കളഞ്ഞ് ഡ്രൈഡ് പെല്ലറ്റുകള്‍ ഉത്പാദിപ്പിക്കാന്‍ ടി ഡി പിയിലൂടെ സാധിക്കും. ടി ഡി പിയുടെ കമ്മീഷനിംഗ് നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ദോഹ നോര്‍ത്തിലെയും വെസ്റ്റിലെയും നാല് തെര്‍മല്‍ ഡ്രയറുകള്‍ പരിശോധിച്ചിട്ടുണ്ട്. ഈ വര്‍ഷം രണ്ടാം പാദത്തില്‍ രണ്ടെണ്ണവും മൂന്നാം പാദത്തില്‍ ബാക്കിയുള്ളവയും കൈമാറും. ദുര്‍ഗന്ധം നിയന്ത്രിക്കുന്ന ആദ്യ സൗകര്യമാണ് ദോഹ നോര്‍ത്തിലെ പ്ലാന്റിനുള്ളത്. നിലയത്തിനു ചുറ്റുമുള്ള സംരക്ഷിത മേഖല ഹരിതാഭമാണ്. 95000 മരങ്ങളും 50 പിക്‌നിക് മേഖലകളും പക്ഷിനിരീക്ഷണ ലഗൂണുമുണ്ട്. ഇവിടേക്ക് ബന്ധിപ്പിക്കുന്ന റോഡുകളും പിക്‌നിക് മേഖലകളും സജ്ജമായിട്ടുണ്ട്. പക്ഷിനിരീക്ഷണ കേന്ദ്രം മാസങ്ങള്‍ക്കുള്ളില്‍ സജ്ജമാകും. ബാക്കിയുള്ള ജലസേചന പൈപ്പ് ശൃംഖല സ്ഥാപിക്കുന്ന നിര്‍മാണം നടന്നുകൊണ്ടിരിക്കുകയാണ്. അടുത്ത വര്‍ഷം മധ്യത്തോടെ ഇത് പൂര്‍ത്തിയാകും.

Latest