Connect with us

Gulf

ദോഹയില്‍ യക്ഷിക്കോട്ട ഉടന്‍

Published

|

Last Updated

ദോഹ: കുഞ്ഞുന്നാളില്‍ കേട്ടതും വായിച്ചതുമായ യക്ഷിക്കഥയിലെ വര്‍ണശബളിമയാര്‍ന്ന കോട്ടയും അന്തരീക്ഷവും അനുഭവിക്കാന്‍ സാധിക്കുന്ന കേന്ദ്രം ദോഹയില്‍ ഉടന്‍ തുടങ്ങും. മാജിക്കല്‍ ഫെസ്റ്റിവല്‍ വില്ലേജ് എന്ന പേരിലുള്ള ഈ പദ്ധതി ഈ മാസം തുറക്കും.
നൂറ് മില്യന്‍ ചെലവില്‍ നിര്‍മിച്ച മാജിക്കല്‍ ഫെസ്റ്റിവല്‍ വില്ലേജ് ഫെബ്രുവരി 15ന് തുറക്കുമെന്ന് ചീഫ് ഓപറേറ്റിംഗ് ഓഫീസര്‍ അബ്ദുല്‍ അസീസ് അല്‍ മുഹന്നദി ഖത്വര്‍ ട്രിബ്യൂണിനോട് പറഞ്ഞു. കുടുംബത്തിനും കുട്ടികള്‍ക്കുമൊപ്പം ഒഴിവു സമയം ചെലവഴിക്കാനുള്ള യോജിച്ച കേന്ദ്രമാണ് ഇത്. തീം പാര്‍ക്കില്‍ വിവിധ വിനോദപരിപാടികളില്‍ ഏര്‍പ്പെടാം. ഷോപ്പിംഗ്, ഭക്ഷണ സൗകര്യവുമുണ്ടാകും. കുടുംബത്തിലെ എല്ലാ പ്രായക്കാര്‍ക്കും ആസ്വദിക്കാന്‍ സാധിക്കുന്ന സൗകര്യങ്ങള്‍ വില്ലേജില്‍ ഒരുക്കിയിട്ടുണ്ട്. വളരെ ലളിതമാണ് വില്ലേജിന്റെ ഘടന. ചില ഭാഗങ്ങള്‍ താത്കാലികാടിസ്ഥാനത്തില്‍ നിര്‍മിച്ചതാണ്. പുതിയ തീമുകള്‍ക്കനുസരിച്ച് അവ മാറ്റംവരുത്തും. നാല്‍പ്പതിനായിരം ചതുരശ്രമീറ്ററില്‍ കതാറ ബീച്ചിനോട് ചേര്‍ന്നാണ് വില്ലേജ് സ്ഥിതി ചെയ്യുന്നത്. 400 ബോട്ടിക് ഷോപ്പുകളും ലക്ഷ്വറി ബ്രാന്‍ഡുകള്‍ക്ക് വേണ്ടിയുള്ള 20 കിയോസ്‌കുകളും ഉണ്ട്. യക്ഷിക്കഥയിലെ കോട്ടയാണ് വില്ലേജിലെ പ്രത്യേകത. കുട്ടികളെ ഇത് വളരെയേറെ ആകര്‍ഷിക്കും. മിഡില്‍ ഈസ്റ്റില്‍ തന്നെ ആദ്യത്തെ അനുഭവമാണ് വില്ലേജിലെ പല പദ്ധതികളും. മേഖലയിലെ ജനങ്ങളെ കൂടി ആകര്‍ഷിക്കുകയാണ് ലക്ഷ്യം. ഔട്ട്‌ഡോര്‍ ഐസ് സ്‌കേറ്റിംഗ് സൗകര്യം മേഖലയിലെ തന്നെ ആദ്യത്തേതാണ്. അതിശയിപ്പിക്കുന്ന കായിക ഇനങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിന് ഔട്ട്‌ഡോര്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്. പ്രദര്‍ശനങ്ങള്‍ക്കും ഫെസ്റ്റിവലുകള്‍ക്കുമായി ആയിരം ചതുരശ്ര മീറ്റര്‍ സ്ഥലം നീക്കിവെച്ചിട്ടുണ്ട്. ഫാഷന്‍ വീക്കുകള്‍ നടത്താനും പദ്ധതിയുണ്ട്. പ്രതിദിനാടിസ്ഥാനത്തില്‍ വര്‍ണാഭ കാര്‍ണിവലുകള്‍ നടക്കും. വേനല്‍ക്കാലത്ത് തീംപാര്‍ക്ക് അടച്ചിടും. അടുത്ത സീസണ്‍ ആയ നവംബറില്‍ പുതിയ തീം അടിസ്ഥാനത്തില്‍ പാര്‍ക്ക് വീണ്ടുംതുറക്കും. മെയ് വരെയാണ് പ്രവര്‍ത്തിക്കുക.

---- facebook comment plugin here -----

Latest