റോള തീപ്പിടുത്തം; യൂസുഫിനു നഷ്ടമായത് 20 വര്‍ഷത്തെ അധ്വാന ഫലം

Posted on: February 8, 2016 3:33 pm | Last updated: February 8, 2016 at 3:33 pm
SHARE

ROLAഷാര്‍ജ:റോളയില്‍ അഗ്നിക്കിരയായ കടകളിലൊന്ന് മലയാളിയായ യൂസുഫിന്റേത്. കട കത്തിനശിച്ചതോടെ വടകര, കൊളായി സ്വദേശിയായ യൂസുഫിനു നഷ്ടമായത് കഴിഞ്ഞ 20 വര്‍ഷത്തെ അധ്വാനഫലം. 20 വര്‍ഷത്തിലധികമായി ഷാര്‍ജയിലുള്ള 45 കാരനായ യൂസുഫ് ഏഴുമാസം മുമ്പാണ് തീപിടിച്ച കെട്ടിടത്തില്‍ കട തുടങ്ങിയത്. ബ്ലാങ്കറ്റും റെഡിമെയ്ഡ് വസ്ത്രങ്ങളും വില്‍ക്കുന്ന കടയായിരുന്നു. നേരത്തെ ഇതേ കെട്ടിടത്തില്‍ മറ്റൊരു ഭാഗത്തായിരുന്നു കട. എന്നാല്‍ കച്ചവടം കുറഞ്ഞതോടെ ഇവിടത്തേക്ക് മാറ്റുകയായിരുന്നുവത്രെ. നിറയെ സാധനങ്ങളുണ്ടായിരുന്നു. അല്‍പം ബ്ലാങ്കറ്റ് ഒഴിച്ചാല്‍ മറ്റു സാധനങ്ങള്‍ മുഴുവന്‍ കത്തിനശിച്ചു. ഏകദേശം ഒന്നര ലക്ഷം ദിര്‍ഹത്തോളം നഷ്ടം കണക്കാക്കുന്നതായി യൂസുഫ് പറഞ്ഞു.

പ്രവാസ ജീവിതത്തിലെ തന്റെ ഇതുവരെയുള്ള സമ്പാദ്യമാണ് നിമിഷ നേരംകൊണ്ട് കത്തിച്ചാമ്പലായതെന്നും ദുഃഖത്തോടെ യൂസുഫ് പറഞ്ഞു. നടുക്കത്തോടെയാണ് കടക്കു തീപിടിച്ചവിവരം അറിഞ്ഞത്. സ്ഥലത്തെത്തുമ്പേഴേക്കും മറ്റുകടകളോടൊപ്പം തന്റെകടയും തീ വിഴുങ്ങിയിരുന്നു. കണ്ണീരോടെ കത്തിനശിച്ച കട നോക്കിക്കാണുകയായിരുന്നു ഇന്നലെ മുതല്‍ ഇദ്ദേഹം. കത്തിനശിക്കാത്ത ഏതാനും ബ്ലാങ്കറ്റുകളും ഉടുപ്പുകളും ഇന്ന് രാവിലെ മുതല്‍ പുറത്തെടുത്ത് വച്ചിരിക്കുകയാണ്. ആവശ്യക്കാര്‍ക്കു ചുരുങ്ങിയ വിലക്കു വില്‍ക്കാനും അദ്ദേഹം തയ്യാറാകുന്നുണ്ട്. തീപിടുത്ത കാരണം ഇനിയും വ്യക്തമായിട്ടില്ലെന്നും കെട്ടിടത്തിന്റെ ഒരു ഭാഗത്ത് നിന്നാണ് തീ പടര്‍ന്ന് പിടിച്ചതെന്നും യൂസുഫ് പറഞ്ഞു. കട ഇന്‍ഷൂര്‍ ചെയ്തിരുന്നില്ല. അതുകൊണ്ടു തന്നെ നഷ്ടപരിഹാരവും പ്രതീക്ഷിക്കാനാവില്ല. ജീവിത സമ്പാദ്യം മുഴുവന്‍ നശിച്ച സാഹചര്യത്തില്‍ ഇനിയെന്ത് എന്ന് ചിന്തിച്ച് വിഷമിക്കുകയാണിദ്ദേഹം. അഗ്നിബാധയുടെ നടുക്കത്തില്‍നിന്ന് റോളയിലെ വ്യാപാരികള്‍ ഇനിയും മുക്തരായിട്ടില്ല. നഗരത്തിന്റെ ഹൃദയഭാഗത്താണ് തീപിടുത്തം. ഒരേ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന നിരവധി കടകളാണ് കത്തിനശിച്ചത്. ഭൂരിഭാഗവും മലയാളികളുടേതാണ്. ഏറെയും കാസര്‍കോട് സ്വദേശികളുടേതും. ലക്ഷക്കണക്കിന് ദിര്‍ഹമാണ് നഷ്ടം കണക്കാക്കുന്നത്. സംഭവസ്ഥലത്തേക്ക് സന്ദര്‍ശകരുടെ ഒഴുക്ക് തുടര്‍ന്നു. ചാരം മാത്രമാണ് കാണാന്‍ കഴിയുന്നതെങ്കിലും നിരവധിപേരാണ് കാണാനെത്തുന്നത്.