ഇന്ത്യയില്‍ യു എ ഇ നിക്ഷേപം 2,930 കോടി ദിര്‍ഹം

Posted on: February 8, 2016 2:10 pm | Last updated: February 8, 2016 at 2:10 pm
SHARE

UAE CURRENCYഅബുദാബി: ഇന്ത്യയില്‍ ഏറ്റവും നിക്ഷേപമിറക്കുന്ന അറബ് രാജ്യം യു എ ഇയാണെന്ന് സാമ്പത്തിക മന്ത്രാലയം. യു എ ഇയും ഇന്ത്യയും തമ്മിലുള്ള ബന്ധത്തിന്റെ അടിത്തറ നിക്ഷേപങ്ങളാണെന്നും മന്ത്രാലയം നടത്തിയ പഠനത്തില്‍ പറയുന്നു.

ഇന്ത്യയില്‍ യു എ ഇയുടെ നിക്ഷേപം 2,930 കോടി ദിര്‍ഹമാണ്. ഇതിലൂടെ ഇന്ത്യയില്‍ നിക്ഷേപം നടത്തുന്ന ഏറ്റവും വലിയ അറബ് രാജ്യമെന്ന പദവി യു എ ഇ കരസ്ഥമാക്കിയതായി സാമ്പത്തിക മന്ത്രാലയം പഠനത്തില്‍ വ്യക്തമാക്കുന്നു. അറബ് രാജ്യങ്ങളില്‍നിന്ന് ഇന്ത്യയിലേക്കുള്ള ആകെ നിക്ഷേപത്തിന്റെ 81.2 ശതമാനംവരും യു എ ഇയുടേത്, പഠനം ചൂണ്ടിക്കാട്ടുന്നു. യു എ ഇയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ് ഇന്ത്യയെന്നും മന്ത്രാലയം വ്യക്തമാക്കി.

യു എ ഇയിലെ എണ്ണയിതര വ്യാപാരത്തിന്റെ 9.8 ശതമാനം ഇന്ത്യയുമായാണ് നടക്കുന്നത്. യു എ ഇയുടെ കയറ്റുമതിയിലും ഒന്നാമത് ഇന്ത്യ തന്നെയാണ്. മൊത്തം കയറ്റുമതിയുടെ 14.9 ശതമാനമാണ് ഇന്ത്യയിലേക്കുള്ളത്. രാജ്യത്തെ പുനഃകയറ്റുമതിയില്‍ ഇന്ത്യ രണ്ടാം സ്ഥാനത്ത് സ്ഥിതി ചെയ്യുന്നു. 8.7 ശതമാനമാണ് ഇതിന്റെ കണക്ക്. ഇന്ത്യക്കാകട്ടെ തങ്ങളുടെ വ്യാപാര പങ്കാളികളില്‍ യു എ ഇ മുന്‍പന്തിയിലുള്ള രാജ്യമാണ്. ആഗോളതലത്തില്‍ മൂന്നാം സ്ഥാനവും മിന മേഖലയില്‍ ഒന്നാം സ്ഥാനവുമാണ് യു എ ഇക്കുള്ളത്.

യു എ ഇയും ഇന്ത്യയും തമ്മിലുള്ള വ്യാപാര ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തേണ്ടതുണ്ടെന്ന് സാമ്പത്തിക മന്ത്രാലയത്തിന്റെ പഠനം കണ്ടെത്തുന്നു. പരസ്പരമുള്ള നിക്ഷേപങ്ങള്‍ വര്‍ധിപ്പിച്ച് ഇരുരാജ്യങ്ങള്‍ക്കും കൂടുതല്‍ ഗുണകരമാകാന്‍ വഴിയൊരുക്കേണ്ടതുണ്ട്. ഇന്ത്യയുടെ വ്യാപാര പങ്കാളികളില്‍ ആഗോളതലത്തില്‍ തന്നെ ഒന്നാമതെത്താനുള്ള ശ്രമമാണ് യു എ ഇ നടത്തിക്കൊണ്ടിരിക്കുന്നത്, മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. നിലവില്‍ ഇന്ത്യയില്‍ നിക്ഷേപം നടത്തിയ യു എ ഇയിലെ വന്‍കിട സ്ഥാപനങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള നിരന്തര ശ്രമങ്ങള്‍ ഉണ്ടാകേണ്ടതുണ്ട്. എങ്കില്‍ മാത്രമേ കൂടുതല്‍ നിക്ഷേപങ്ങള്‍ക്ക് അവസരങ്ങളൊരുങ്ങുകയുള്ളു. റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

പ്രധാനമായും അഞ്ച് മേഖലകളിലാണ് ഇന്ത്യയില്‍ യു എ ഇ നിക്ഷേപമിറക്കുന്നത്. നിര്‍മാണം, ഊര്‍ജം, മെറ്റല്‍ ഇന്‍ഡസ്ട്രി, സര്‍വീസസ്, കമ്പ്യൂട്ടര്‍ പ്രോഗ്രാംസ് ആന്‍ഡ് സിസ്റ്റംസ് എന്നിവയാണത്. ഇന്ത്യയില്‍ നിക്ഷേപമിറക്കിയ യു എ ഇയിലെ ഏറ്റവും വലിയ സ്ഥാപനം ഡി പി വേള്‍ഡാണ്. ഇന്ത്യയിലെ കണ്ടെയ്‌നര്‍ ടെര്‍മിനലുകളില്‍ 34 ശതമാനവും നിലവില്‍ പ്രവര്‍ത്തിപ്പിക്കുന്നത് ഡി പി വേള്‍ഡാണെന്ന് കണക്കുകളുദ്ധരിച്ച് സാമ്പത്തിക മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട് പറയുന്നു. ദുബൈ ആസ്ഥാനമായ ഇമാര്‍, അബുദാബി ഇന്‍വെസ്റ്റ്‌മെന്റ് സിസ്റ്റം, അഡ്‌നോക്, ഇത്തിസാലാത്ത്, അബുദാബിയിലെ ത്വാഖ, ബുറൂജ് തുടങ്ങിയ നിരവധി വന്‍കിട യു എ ഇ കമ്പനികള്‍ നിലവില്‍ നിക്ഷേപമിറക്കിയിട്ടുണ്ട്.