ദേശീയ പവര്‍ ഗ്രിഡില്‍ നിന്ന് കേരളത്തിന് 2,000 മെഗാവാട്ട് വൈദ്യുതി കൂടി

Posted on: February 8, 2016 12:51 pm | Last updated: February 8, 2016 at 12:51 pm
SHARE

POWEWR GRIDപാലക്കാട്: ദേശീയ പവര്‍ ഗ്രിഡില്‍ നിന്ന് തമിഴ്‌നാട് വഴി കൂടുതല്‍ വൈദ്യുതി കേരളത്തിലേക്ക് എത്തിക്കാനുള്ള പദ്ധതിക്ക് പവര്‍ ഗ്രിഡ് കോര്‍പറേഷന്‍ തുടക്കമായി.
ഛത്തീസ്ഗഡിലെ റായ്ഗഡില്‍ നിന്ന് തമിഴ്‌നാട്ടിലെ പുഗലൂര്‍ വഴി 2,000 മെഗാവാട്ട് വൈദ്യുതി കൂടുതലായി ലഭിക്കുന്ന പദ്ധതിയാണിത്.
റായ്ഗഡില്‍ നിന്നെത്തിക്കുന്ന 6,000 മെഗാവാട്ടില്‍ 4,000 മെഗാവാട്ട് തമിഴ്‌നാടിനും 2,000 മെഗാവാട്ട് കേരളത്തിനും നല്‍കും. പുഗലൂരിലെത്തിക്കുന്ന വൈദ്യുതി തൃശൂരിലെ മാടക്കത്തറ 320 കെവി ലൈന്‍ വഴിയാണ് കേരളത്തിലെത്തിക്കുക. തമിഴ്‌നാട്ടിലെ ധാരാപുരത്തിനടുത്ത് ഇതിനായി സബ് സ്റ്റേഷന്‍ നിര്‍മാണം തുടങ്ങി.
പ്രസരണ നഷ്ടം കൂടാതെ കുറഞ്ഞ ചിലവില്‍ വൈദ്യുതി എത്തിക്കാവുന്ന ഹൈ വോള്‍ട്ടേജ് ഡയറക്ട് കറന്റ് (എച്ച് വി ഡി സി) ലൈനുകള്‍ പുഗലൂര്‍ മുതല്‍ മാടക്കത്തറ വരെ സ്ഥാപിക്കുന്നതിനുള്ള സര്‍വേ നടപടികള്‍ അവസാന ഘട്ടത്തിലാണ്.
കേരളത്തില്‍ തൃശൂര്‍ വെള്ളാനിക്കരയിലാണ് സബ് സ്റ്റേഷന്‍ സ്ഥാപിക്കുക. ഇതിനായി കേരള കാര്‍ഷിക സര്‍വകലാശാലയുടെ 35 ഏക്കര്‍ സ്ഥലം ഏറ്റെടുക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.
2018ല്‍ പദ്ധതി കമ്മീഷന്‍ ചെയ്യുന്നതോടെ സംസ്ഥാനത്തെ വൈദ്യുതി ക്ഷാമം പൂര്‍ണമായും പരിഹരിക്കാനാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. കുറഞ്ഞ നിരക്കിലാകും വൈദ്യുതി ലഭിക്കുക. വ്യവസായ ആവശ്യങ്ങള്‍ക്കും ഉപയോഗിക്കാനാകും. സംസ്ഥാനത്തിന് ദിനംപത്രി 3,300 മെഗാവാട്ട് വൈദ്യുതി ആവശ്യമുണ്ടെങ്കിലും 2,000 മെഗാവാട്ട് മാത്രമാണ് ഉത്പാദനം. യൂനിറ്റിനു വന്‍ തുക നല്‍കിയാണ് ബാക്കി വാങ്ങുന്നത്.
വൈദ്യുതി വിതരണത്തിന് കേന്ദ്ര സര്‍ക്കാര്‍ ദേശീയ ഗ്രിഡ് സ്ഥാപിച്ചെങ്കിലും ആയിരത്തില്‍ താഴെ മെഗാവാട്ട് വൈദ്യുതി മാത്രമാണ് ഇതിലൂടെ കേരളത്തിന് ലഭിച്ചിരുന്നത്.
എച്ച് വി ഡി സി ലൈന്‍ ഇല്ലാത്തതിനാല്‍ കേരളത്തിന് വൈദ്യുതി വാങ്ങാന്‍ മൂന്ന് വര്‍ഷത്തെ ഇടക്കാല കരാറിന് മാത്രമാണ് കേന്ദ്രം അംഗീകാരം നല്‍കിയിരുന്നത്.