ആഭ്യന്തര വകുപ്പിനെതിരെ കേരള കോണ്‍ഗ്രസ് പടയൊരുക്കം

Posted on: February 8, 2016 12:22 am | Last updated: February 8, 2016 at 12:22 am
SHARE

KM-Mani-keralaകോട്ടയം: ആഭ്യന്തര വകുപ്പിനെതിരെ പുതിയ നീക്കവുമായി കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ കെ എം മാണി രംഗത്ത്. ബാര്‍ കോഴക്കേസില്‍ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന എസ് പി സുകേശനും പരാതിക്കാരനായ ബിജു രമേശും ഗൂഢാലോചന നടത്തിയെന്ന പുതിയ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് മാണി ആഭ്യന്തര വകുപ്പിനെതിരെ പടപ്പുറപ്പാട് ആരംഭിച്ചിരിക്കുന്നത്.
മാസങ്ങള്‍ക്ക് മുമ്പ് തന്നെ സുകേശനെതിരായ റിപ്പോര്‍ട്ട് ലഭിച്ചുവെങ്കിലും നടപടി എടുക്കാതെ ആഭ്യന്തര വകുപ്പ് ഈ റിപ്പോര്‍ട്ട് പൂഴ്ത്തിവച്ചുവെന്നാണ് ആരോപണം. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ പേര് പരാമര്‍ശിക്കാതെ, കേരള രാഷ്ട്രീയത്തില്‍ പലരെയും വിശ്വസിക്കാന്‍ കൊള്ളില്ലെന്ന് മാണി ഇന്നലെ വെടിപൊട്ടിച്ചു കഴിഞ്ഞു. യു ഡി എഫിലെ രണ്ടാം കക്ഷിയായ മുസ്‌ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി നയിക്കുന്ന കേരള യാത്രക്ക് കോട്ടയത്ത് നല്‍കിയ സ്വീകരണ യോഗത്തിലാണ് മാണിയുടെ ഒളിയമ്പ് എന്നതും ഏറെ ശ്രദ്ധേയം. ‘കെട്ടിപ്പുണരുകയും കുതികാല്‍ വെട്ടുകയും ചെയ്യുന്നവരാണ് അധികവും. ഇവരുടെ ഇടയില്‍ കുഞ്ഞാലിക്കുട്ടിയെ മാത്രമാണ് വിശ്വസിക്കാന്‍ കഴിയുക. രണ്ട് മുഖങ്ങളില്ലാത്ത ആളാണ് കുഞ്ഞാലിക്കുട്ടി’ എന്നും മാണി പറഞ്ഞു. ബാര്‍ കോഴക്കേസില്‍ ഇരട്ടനീതിയാണെന്ന ആക്ഷേപവുമായി കേരള കോണ്‍ഗ്രസ് തുടക്കം മുതല്‍ രംഗത്തുണ്ട്. മാണിക്കെതിരെ ബാര്‍ കോഴ ആരോപണം കെട്ടിച്ചമച്ചതിന് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്നും മാണി അടക്കമുള്ള കേരള കോണ്‍ഗ്രസ് നേതാക്കള്‍ ആവര്‍ത്തിച്ചുകൊണ്ടിരുന്നു. എന്നാല്‍, ആരൊക്കെയാണ് ഗൂഢാലോചനക്ക് പിന്നിലെന്ന് വെളിപ്പെടുത്താന്‍ കേരള കോണ്‍ഗ്രസ് ഇതുവരെ തയ്യാറായിരുന്നില്ല. മാസങ്ങള്‍ക്ക് മുമ്പ് തന്നെ സുകേശനെതിരായ റിപ്പോര്‍ട്ട് ലഭിച്ചുവെങ്കിലും നടപടി എടുക്കാതെ ആഭ്യന്തര വകുപ്പ് റിപ്പോര്‍ട്ട് പൂഴ്ത്തിവെച്ചുവെന്ന ആരോപണം ബലപ്പെട്ടതോടെ പരസ്യമായി ഗൂഢാലോചന സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിടണമെന്ന അഭിപ്രായം കേരള കോണ്‍ഗ്രസില്‍ ഉരുത്തിരിയുകയായിരുന്നു.
സുകേശനെതിരെ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ച ദിവസം മുതല്‍ കെ എം മാണി ഒളിഞ്ഞും തെളിഞ്ഞും ആഭ്യന്തര വകുപ്പിനും ചെന്നിത്തലക്കുമെതിരെ വിമര്‍ശങ്ങള്‍ നടത്തിവരികയാണ്. ഇക്കാര്യത്തില്‍ കേരള കോണ്‍ഗ്രസിനും കെ എം മാണിക്കും നഷ്ടമായ പ്രതിഛായ വീണ്ടെടുക്കാന്‍ ബാര്‍ കോഴക്കേസിന്റെ മറവില്‍ നടന്ന ഗൂഢാലോചനയുടെ ഉള്ളറകള്‍ പൊതുമധ്യത്തില്‍ എത്തിക്കണമെന്ന വികാരമാണ് കേരള കോണ്‍ഗ്രസിന്റെതെന്ന് അറിയുന്നു.
സോളാര്‍ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ ഐ വിഭാഗം നേതാക്കള്‍ വരും ദിവസങ്ങളില്‍ നിലപാട് എടുക്കാന്‍ അണിയറയില്‍ കരുക്കള്‍ നീക്കുന്നതിനിടെയാണ് യു ഡി എഫില്‍ പ്രമുഖനായ മാണിയുടെ അങ്കപ്പുറപ്പാട്. കോണ്‍ഗ്രസിലെ എ വിഭാഗത്തിന്റെയും മുസ്‌ലിം ലീഗ് അടക്കമുള്ള ഘടകക്ഷികളുടെയും പിന്തുണ ഉറപ്പാക്കിയാണ് കേരള കോണ്‍ഗ്രസ് രമേശ് ചെന്നിത്തലക്കെതിരെ ഗൂഢാലോചനാ കുറ്റം ചാര്‍ത്താന്‍ ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here