പഠാന്‍കോട്ട് ഭീകരാക്രമണം: ദേശീയ സുരക്ഷാ ഉപദേഷ്ടാവ് സമാന്തര അന്വേഷണം നടത്തുന്നു

Posted on: February 8, 2016 12:18 am | Last updated: February 8, 2016 at 12:18 am
SHARE

pathankotന്യൂഡല്‍ഹി: പഠാന്‍കോട്ട് ഭീകരാക്രമണത്തെക്കുറിച്ച് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ധോവല്‍ സമാന്തര അന്വേഷണം നടത്തുന്നു. ജനുവരി രണ്ടിന് നടന്ന ആക്രമണത്തെക്കുറിച്ച് ദേശീയ അന്വേഷണ ഏജന്‍സി (എന്‍ ഐ എ) അന്വേഷണം നടത്തുന്നതിന് പുറമേയാണ് ഇത്. ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട വീഴ്ചകള്‍ എത്ര ഗുരുതരമാണെന്നും എന്തെല്ലാം പഴുതുകളാണ് തീവ്രവാദികള്‍ ഉപയോഗപ്പെടുത്തിയതെന്നും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് പരിശോധിക്കും. വിവിധ രഹസ്യാന്വേഷണ ഏജന്‍സികളില്‍ നിന്ന് ഉദ്യോഗസ്ഥരെ സ്വീകരിച്ച് ഇതിനായി പ്രത്യേക സംഘം രൂപവത്കരിച്ചിട്ടുണ്ടെന്ന് ധോവലുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ഉദ്യോഗസ്ഥര്‍ അറിയിച്ചു.
സംഘം പഠാന്‍കോട്ട് സന്ദര്‍ശിച്ചു കഴിഞ്ഞുവെന്നാണ് അറിയുന്നത്. ഐ എസ് ഐയുടെ സഹായത്തോടെ ജെയ്‌ഷേ മുഹമ്മദ് നടത്തിയ ആക്രമണം തന്നെയാണ് പഠാന്‍കോട്ട് നടന്നതെന്ന നിഗമനമാണ് ഈ അന്വേഷണ സംഘത്തിനുമുള്ളത്. എന്നാല്‍ ഇതിനുള്ള പഴുതുകള്‍ എന്തെല്ലാമായിരുന്നുവെന്നതിലാണ് സംഘം ഊന്നുന്നത്. ഇത് മനസ്സിലാക്കാനായി പ്രാദേശിക പോലീസുമായും വ്യോമ സേനാ ഉദ്യോഗസ്ഥരുമായും എന്‍ ഐ എയിലെ തന്നെ ഉദ്യോഗസ്ഥരുമായും സംഘാംഗങ്ങള്‍ ചര്‍ച്ച നടത്തും. അകത്തു നിന്ന് സഹായം കിട്ടിയിട്ടുണ്ടെന്നും അത് ഇപ്പോള്‍ പുറത്ത് വന്ന തരത്തിലുള്ളതല്ലെന്നും എന്‍ എസ് എ സംഘം കരുതുന്നു.
മൂന്നാമതൊരു കാഴ്ചപ്പാടിലൂടെ കാര്യങ്ങള്‍ കാണാനുള്ള അവസരമാണ് ഈ അന്വേഷണം പ്രദാനം ചെയ്യുകയെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ പറയുന്നു. മാത്രമല്ല, വിവിധ അന്വേഷണ ഏജന്‍സികളുടെ നിഗമനങ്ങളിലുള്ള വൈരുധ്യങ്ങള്‍ മനസ്സിലാക്കാനും ധോവലിന്റെ ഈ ദൗത്യത്തിന് സാധിക്കും. ആക്രമണം നടന്ന വ്യോമത്താവളത്തിനകത്ത് നിന്ന് പല തവണ വിവരങ്ങള്‍ ചോര്‍ന്നുവെന്ന് എന്‍ ഐ എ ഇതിനകം വിലയിരുത്തിയിട്ടുണ്ട്. പഠാന്‍കോട്ട് മാതൃകയിലുള്ള ആക്രമണം ഇനിയുമുണ്ടാകുമെന്ന ഹാഫിസ് സഈദിന്റെ ഭീഷണിയെ സൈനിക വൃത്തങ്ങള്‍ ഗൗരവപൂര്‍വം കാണുന്ന പശ്ചാത്തലത്തില്‍ കൂടിയാണ് സമാന്തര എന്‍ എസ് എ അന്വേഷണം.

LEAVE A REPLY

Please enter your comment!
Please enter your name here